കോൺഗ്രസ് തിരഞ്ഞെടുപ്പ് പത്രികയിൽ വിദേശ ശക്തികളുടെ കൈ: വർഗീയ പരാമർശവുമായി അനുരാഗ് ഠാക്കൂറും
Mail This Article
ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചുവടുപിടിച്ച് പ്രതിപക്ഷത്തിനെതിരേ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറും രംഗത്ത്. കോൺഗ്രസിന്റെ പ്രകടന പത്രിക തയ്യാറാക്കിക്കൊടുത്തതിനു പിന്നിൽ വിദേശ ശക്തികൾക്ക് പങ്കുണ്ടെന്ന് ഠാക്കൂർ ആരോപിച്ചു. നിങ്ങളുടെ കുട്ടികളുടെ സ്വത്ത് അവരുടെ കൈവശം ഇരിക്കണോ അതോ മുസ്‌ലിംകളുടെ കൈകളിലേക്കു പോകണോ എന്ന കാര്യം നിങ്ങൾ തന്നെ തീരുമാനിക്കണമെന്നും ഠാക്കൂർ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പിന്നാലെയാണ്, വിവാദ പരാമർശവുമായി അനുരാഗ് ഠാക്കൂർ രംഗത്തെത്തിയത്.
‘‘കോൺഗ്രസിന്റെ പ്രകടന പത്രികയിൽ കോൺഗ്രസിനു മാത്രമല്ല, നമ്മുടെ കുട്ടികളുടെ സ്വത്ത് മുസ്‌ലിംകൾക്കു നൽകാനും രാജ്യത്തെ ആണവായുധങ്ങൾ നശിപ്പിക്കാനും ജാതിയുടെയും പ്രാദേശികതയുടെയും പേരിൽ രാജ്യത്തെ വിഭജിക്കാനും ആഗ്രഹിക്കുന്ന വിദേശ ശക്തികൾക്കും കൈയുണ്ടെന്ന് കാണാം.’’ – അനുരാഗ് ഠാക്കൂർ പറഞ്ഞു.
‘‘ചില ചെറു സംഘങ്ങൾ കോൺഗ്രസിനെ വലയം ചെയ്തിരിക്കുകയാണ്. അവരുടെ പ്രത്യയശാസ്ത്രം ഈ സംഘങ്ങൾ തട്ടിയെടുത്തു. നിങ്ങളുടെ കുട്ടികളുടെ സ്വത്ത് അവരുടെ കൈവശം ഇരിക്കണോ അതോ മുസ്‌ലിംകളുടെ കൈകളിലേക്കു പോകണോ എന്ന കാര്യം നിങ്ങൾ തന്നെ തീരുമാനിക്കണം. മുസ്‌ലിംകൾക്ക് നാം തുല്യാവകാശം നൽകി. അത് മതത്തിന്റെ അടിസ്ഥാനത്തിലായിരുന്നില്ല. അവരുടെ അവകാശമായതുകൊണ്ടാണ്.’’ – അനുരാഗ് ഠാക്കൂർ പറഞ്ഞു.
രാജസ്ഥാനിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം വിവാദമായിരുന്നു. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ജനങ്ങളുടെ സ്വത്തും ഭൂമിയും മുസ്‌ലിംകൾക്ക് വിതരണം ചെയ്യുമെന്നായിരുന്നു മോദി നടത്തിയ പരാമർശം. കോൺഗ്രസ് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് രാജ്യത്തിന്റെ സ്വത്തിൽ പ്രാഥമിക അവകാശം മുസ്‌ലിംകൾക്കാണെന്ന് പറഞ്ഞിട്ടുണ്ടെന്നും മോദി ചൂണ്ടിക്കാട്ടിയിരുന്നു. കോൺഗ്രസിന്റെ പ്രകടന പത്രികയെ, മുസ്‌ലിം ലീഗ് താല്പര്യങ്ങൾ സംരക്ഷിക്കുന്നതെന്നും മോദി വിമർശിച്ചിരുന്നു.
ഇതിനെ പിന്താങ്ങുന്ന രീതിയിലാണ് അനുരാഗ് ഠാക്കൂർ ഉൾപ്പെടെയുള്ള നേതാക്കൾ രംഗത്തെത്തിയിരിക്കുന്നത്. അതേസമയം, രാജ്യത്തെ സ്വത്തുക്കളുടെ അവകാശം പാവപ്പെട്ട ജനങ്ങൾക്കാണെന്നാണ് മോദി പറയുന്നതെന്ന് കഴിഞ്ഞ ദിവസം പാർട്ടി അധ്യക്ഷൻ ജെ.പി.നഡ്ഡ വിശദീകരിച്ചിരുന്നു.