വോട്ടെടുപ്പ് വൈകിയത് കൃത്യത ഉറപ്പാക്കാൻ ഉദ്യോഗസ്ഥർ ജാഗ്രത കാണിച്ചതിനാല്‍: തിര.കമ്മിഷൻ
Mail This Article
തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തു വൈകിട്ട് 6 മണിക്കു ശേഷം വോട്ടെടുപ്പ് നടന്നത് വടകര മണ്ഡലത്തിലെ ചില ബൂത്തുകളിൽ മാത്രമാണെന്ന വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ. സംസ്ഥാനത്തെ ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രക്രിയയും വോട്ടെടുപ്പും എല്ലാ തലങ്ങളിലും പൂർണമായും തൃപ്തികരമായിരുന്നുവെന്നും വോട്ടെടുപ്പ് യന്ത്രങ്ങൾ മുൻ വർഷങ്ങളെ അപേക്ഷിച്ച് മികച്ച പ്രകടനം കാഴ്ചവച്ചതായും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് കൗൾ പറഞ്ഞു.
വോട്ടർമാരുടെ രേഖകൾ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്താൻ ഉദ്യോഗസ്ഥർ കൂടുതൽ ജാഗ്രത കാണിച്ചത് മൂലമാണ് ചില ബൂത്തുകളിൽ വോട്ടെടുപ്പിന് കൂടുതൽ സമയമെടുത്തത്. പ്രതികൂലമായ കാലാവസ്ഥയും രാഷ്ട്രീയസാഹചര്യങ്ങളുമൊക്കെ പരിഗണിക്കുമ്പോൾ മികച്ച പോളിങ്ങാണ് സംസ്ഥാനത്ത് നടന്നതെന്നാണ് കമ്മിഷന്റെ വിലയിരുത്തൽ. വോട്ടിങ് യന്ത്രങ്ങളുടെ പ്രകടനം വിശകലനം ചെയ്യുമ്പോൾ മുൻ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഈ തിരഞ്ഞെടുപ്പിൽ കുറ്റമറ്റ പ്രവർത്തനമായിരുന്നു ഇവിഎമ്മുകളുടേതെന്ന് വ്യക്തമായതായും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ശരാശരി അഞ്ച് ശതമാനമായിരുന്നു വോട്ടിങ് യന്ത്രങ്ങളുടെ തകരാർ നിരക്ക്. എന്നാൽ ഇക്കുറി ബാലറ്റ് യൂണിറ്റ്, കൺട്രോൾ യൂണിറ്റ് എന്നിവയിൽ 0.44 ശതമാനം യൂണിറ്റുകൾക്കും വിവിപാറ്റുകളിൽ 2.1 ശതമാനത്തിലും മാത്രമാണ് തകരാറുണ്ടായതെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ വിശദീകരിച്ചു.