‘ജയരാജൻ മുഖ്യമന്ത്രിയുടെ ദൂതൻ’: രാഷ്ട്രീയ ചർച്ചയ്ക്ക് അല്ലെങ്കിൽ പിന്നെന്തിന് കൂടിക്കാഴ്ചയെന്ന് ചെന്നിത്തല
Mail This Article
തിരുവന്തപുരം∙ സിപിഎം കേന്ദ്രകമ്മിറ്റി അംഗവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ.പി.ജയരാജനും ബിജെപി ദേശീയ നേതാവ് പ്രകാശ് ജാവഡേക്കറും തമ്മിലുള്ള കൂടിക്കാഴ്ച രാഷ്ട്രീയ ചർച്ചയ്ക്ക് അല്ലെങ്കിൽ പിന്നെന്തിനാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കൂടിക്കാഴ്ചയെ നിസ്സാരമായി കാണാൻ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു. ‘‘ജയരാജനെ കുറ്റപ്പെടുത്തുന്നില്ല. മുഖ്യമന്ത്രിയുടെ ദൂതനായിട്ടാണ് ജയരാജൻ എപ്പോഴും പ്രവർത്തിക്കാറുള്ളത്. മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്ത വ്യക്തിയാണ്. ബിജെപി–സിപിഎം അന്തർധാര ഉറപ്പിക്കുന്ന കൂടിക്കാഴ്ചകളാണ് ഇതെന്ന് എല്ലാവർക്കും അറിയാം’’– ചെന്നിത്തല വിശദീകരിച്ചു.
ഒരു ചൂണ്ടയിലും കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ കൊത്തില്ലെന്നും അദ്ദേഹം നല്ലൊരു പോരാളിയാണെന്നുമായിരുന്നു കെ.സുധാകരൻ–പ്രകാശ് ജാവഡേക്കർ കൂടിക്കാഴ്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടുള്ള ചെന്നിത്തലയുടെ പ്രതികരണം. സുധാകരന്റെ പോരാട്ടത്തിൽ കണ്ണൂരിൽ ഇത്തവണ ഉജ്ജ്വല വിജയം നേടാനാകുമെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ കെ.മുരളീധരൻ നല്ല ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും എന്ത് അട്ടിമറി നടന്നാലും യുഡിഎഫിന് വലിയ വിജയപ്രതീക്ഷയുണ്ടെന്നും ചെന്നിത്തല വിശദീകരിച്ചു.