ലാലു – ശരദ് യാദവപ്പോരിൽ ബിഹാറിലെ താരമണ്ഡലം; മധേപുരയിൽ ഇക്കുറി തിളക്കമില്ലാത്ത മൽസരം
Mail This Article
പട്ന ∙ ലാലു – ശരദ് യാദവപ്പോരിൽ ബിഹാറിലെ താരമണ്ഡലമായിരുന്ന മധേപുരയിൽ ഇക്കുറി തിളക്കമില്ലാത്ത മൽസരം. ജെഡിയു സിറ്റിങ് എംപി ദിനേശ് ചന്ദ്ര യാദവും ആർജെഡിയുടെ കുമാർ ചന്ദ്രദീപുമാണു മധേപുരയിൽ ഏറ്റുമുട്ടുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആർജെഡി ചിഹ്നത്തിൽ മൽസരിച്ച ശരദ് യാദവിനെയാണു ജെഡിയു സ്ഥാനാർഥി ദിനേശ് ചന്ദ്ര യാദവ് തോൽപിച്ചത്. ശരദ് യാദവിന്റെ വിയോഗത്തോടെ മധേപുരയ്ക്കു ദേശീയശ്രദ്ധ നഷ്ടമായി.
1991 മുതൽ തുടർച്ചയായി എട്ടു ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ ശരദ് യാദവ് മധേപുരയിൽ ജനവിധി തേടി. നാലു വിജയവും നാലു പരാജയവുമായി ശരദ് യാദവ് മധേപുരയിൽ സ്ഥിര സാന്നിധ്യമായിരുന്നു. മധേപുരയിൽ മൂന്നു തവണ ലാലു യാദവും ശരദ് യാദവും കൊമ്പു കോർത്തു. ഇതിൽ രണ്ടു തവണയും ലാലു യാദവിനായിരുന്നു ജയം. 2014ൽ ജെഡിയു സ്ഥാനാർഥിയായി മൽസരിച്ച ശരദ് യാദവിന് ആർജെഡി സ്ഥാനാർഥി പപ്പു യാദവിനോട് അടിയറവു പറയേണ്ടി വന്നു.
ബിഹാറിൽ മൂന്നാം ഘട്ട തിരഞ്ഞെടുപ്പു നടക്കുന്ന മേയ് ഏഴിനാണ് മധേപുരയിലെ വോട്ടെടുപ്പ്.