ഡൽഹിയിൽ കോൺഗ്രസ് പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടി; സംഘർഷം രാജിവച്ച പിസിസി അധ്യക്ഷന്റെ വസതിക്കു മുന്നിൽ
Mail This Article
ന്യൂഡൽഹി ∙ പാർട്ടി നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് രാജിവച്ച ഡൽഹി പിസിസി അധ്യക്ഷൻ അരവിന്ദർ സിങ് ലവ്‌ലിയുടെ വീടിനു മുന്നിൽ കോൺഗ്രസ് പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. മുൻ കോൺഗ്രസ് എംഎല്‍എ ആസിഫ് മുഹമ്മദ് ഖാന്റെ നേതൃത്വത്തിലുള്ള വിഭാഗവും ലവ്‌ലിക്കൊപ്പമുള്ള പാർട്ടി പ്രവർത്തകരുമാണ് വാഗ്വാദത്തിൽ ഏർപ്പെടുകയും പിന്നീട് അത് സംഘർഷത്തിൽ കലാശിക്കുകയും ചെയ്തത്.
രാജിവയ്ക്കാനുള്ള തീരുമാനം മാധ്യമങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നതിനു മുന്‍പ് ലവ്‌ലി, കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ കാണണമായിരുന്നു എന്ന് ആസിഫ് മുഹമ്മദ് പറഞ്ഞു. ഇതോടെ അരവിന്ദറിനൊപ്പമുള്ള പ്രവർത്തകർ ആസിഫിനോട് മടങ്ങിപ്പോകാൻ ആവശ്യപ്പെട്ടതാണ് സംഘർഷത്തിന് ഇടയാക്കിയത്. പ്രവർത്തകരിൽ ഒരാള്‍ ആസിഫിനെ പിന്നിലേക്ക് തള്ളിയതോടെ ഇരു വിഭാഗവും പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.
കോൺഗ്രസ് ഡൽഹിയിൽ എഎപിയുമായി സഖ്യമുണ്ടാക്കിയതിലെ അതൃപ്തിയുടെ പശ്ചാത്തലത്തിലാണ് ലവ്‌ലി അധ്യക്ഷ സ്ഥാനം രാജിവച്ചത്. കോൺഗ്രസിനെതിരെ വ്യാജവും കെട്ടിച്ചമച്ചതുമായ ആരോപണങ്ങൾ ഉന്നയിച്ച പാർട്ടിക്കൊപ്പമുള്ള സഖ്യത്തിന് ഡൽഹി കോൺഗ്രസ് യൂണിറ്റ് എതിരായിരുന്നുവെന്ന് ലവ്‌ലി പറഞ്ഞു. എന്നാൽ, ഈ എതിർപ്പ് അവഗണിച്ച് കോൺഗ്രസ് പാർട്ടി സഖ്യവുമായി മുന്നോട്ട് പോവുകയായിരുന്നുവെന്ന് അദ്ദേഹം രാജിക്കത്തിൽ ചൂണ്ടിക്കാട്ടി. 2023 ഓഗസ്റ്റിലാണ് ലവ്‌ലി പിസിസി അധ്യക്ഷനായത്.