ജാവഡേക്കറെ കണ്ടതുതന്നെ തെറ്റ്, അത് വോട്ടെടുപ്പു ദിനത്തിൽ തുറന്നുപറഞ്ഞതും പിഴവ്: വിമർശിച്ച് സിപിഐ
Mail This Article
തിരുവനന്തപുരം∙ ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള സിപിഎം കേന്ദ്രകമ്മിറ്റി അംഗവും എൽഡിഎഫ് കൺവീനറുമായ ഇ.പി.ജയരാജന്റെ കൂടിക്കാഴ്ചയിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് സിപിഐ. ജയരാജന്‍ എൽഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയണമെന്ന നിലപാടിലാണ് സിപിഐ. ബിജെപിയുടെ കേരളത്തിലെ പ്രഭാരിയും ഇതര പാർട്ടിക്കാരെ ബിജെപിയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനു നേതൃത്വം നൽകുകയും ചെയ്യുന്ന ജാവഡേക്കറെ ജയരാജൻ നേരിൽ കണ്ടതു തന്നെ തെറ്റാണെന്നും, അക്കാര്യം വോട്ടടുപ്പ് ദിവസം തന്നെ വെളിപ്പെടുത്തിയത് ഇടതു മുന്നണിയുടെ വിശ്വാസ്യതയെ ബാധിച്ചെന്നും സിപിഐ ചൂണ്ടിക്കാട്ടി. ഇത് സിപിഎമ്മിന്റെ ആഭ്യന്തര പ്രശ്നമല്ലെന്നു പറഞ്ഞ സിപിഐ, ഇ.പി.ജയരാജൻ ഇടതു മുന്നണി കൺവീനർ സ്ഥാനം രാജിവയ്ക്കുകയോ സിപിഎം അദ്ദേഹത്തെ നീക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
ചീത്ത പണക്കാരും ചീത്ത പണവും എല്ലായിടത്തുമുള്ള കാലമാണെന്നും അക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. കൂടുതൽ ജാഗ്രത പാലിക്കേണ്ട പ്രസ്ഥാനമാണ് ഇടതുപക്ഷം. അത് പാലിക്കാതിരുന്നാൽ പ്രസ്ഥാനത്തിന്റെ മുന്നേറ്റങ്ങളെയും താൽപര്യങ്ങളെയും മോശമായി ബാധിക്കും. ദല്ലാളുമാർ പനപോലെ വളരുന്ന കാലമാണിത്. അത്തരം ആൾക്കാർക്കെതിരെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം ഇ.പി. ജയരാജൻ വിഷയത്തിൽ ‘ഒന്നും പറയാനില്ല’ എന്ന നിലപാടാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഇന്നു സ്വീകരിച്ചത്. വോട്ടെടുപ്പു ദിനത്തിൽ ജയരാജനെ പിന്താങ്ങുന്ന നിലപാടാണ് ഗോവിന്ദൻ സ്വീകരിച്ചിരുന്നത്.