മേയർ ആര്യയും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ തർക്കം; ഒടുവിൽ ഡ്രൈവർക്കെതിരെ കേസ് – വിഡിയോ
Mail This Article
തിരുവനന്തപുരം∙ മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ വാക്കേറ്റം. അപകടകരമായി ബസ് ഓടിച്ചുവെന്ന് ആരോപിച്ച് മേയറും സംഘവും ബസ് തടഞ്ഞു. കെഎസ്ആർടിസി ഡ്രൈവർ മോശമായി പെരുമാറിയെന്ന മേയർ ആര്യ രാജേന്ദ്രന്റെ പരാതിയിൽ കന്റോൺമെന്റ് പൊലീസ് കേസെടുത്തു. തമ്പാനൂർ ഡിപ്പോയിലെ ഡ്രൈവർ യദുവിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ശനിയാഴ്ച തിരുവനന്തപുരം പാളയത്തു വച്ചാണ് സംഭവം. മേയർ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനത്തിനു സൈഡ് കൊടുക്കാതിരുന്നതിനെ ചൊല്ലിയുള്ള വാക്കുതർക്കമാണ് കേസിൽ അവസാനിച്ചത്. തൃശൂരിൽനിന്ന് തിരുവനന്തപുരത്തേക്കു വരികയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസാണ് പാളയത്തുവച്ച് മേയറും സംഘവും തടഞ്ഞത്.
പാളയത്ത് ബസ് നിർത്തിയപ്പോഴാണ് മേയറും സംഘവും സഞ്ചരിച്ചിരുന്ന കാർ ബസിനു കുറുകെ നിർത്തിയത്. പട്ടം പ്ലാമ്മൂട് ഭാഗത്തുവച്ച് ബസ് മേയറും സംഘവും സഞ്ചരിച്ചിരുന്ന കാറിനെ ഇടിക്കുന്ന തരത്തിൽ എത്തിയെന്ന് ആരോപിച്ചായിരുന്നു ഇത്. അപകടകരമായാണ് ബസ് ഓടിക്കുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടി. ബസ് സൈഡ് നൽകാത്തതിനെ മേയർ അടക്കമുള്ളവർ ചോദ്യം ചെയ്തു. ഇത് വലിയ തർക്കമായി. മേയറിനൊപ്പം ഭർത്താവ് സച്ചിൻദേവ് എംഎൽഎയും ഉണ്ടായിരുന്നു.
തുടർന്നാണ് കന്റോൺമെന്റ് പൊലീസിൽ മേയർ പരാതി നൽകുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാവിലെ ജാമ്യത്തിൽ വിട്ടയച്ചു. ബസിന് കുറുകെ വാഹനമിട്ട് ട്രിപ്പിന് തടസ്സം വരുത്തിയെന്നു കാണിച്ച് ഡ്രൈവർ യദുവും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഡ്രൈവറുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടില്ല.