ADVERTISEMENT

തിരുവനന്തപുരം∙ കെപിസിസിയുടെ നാടക സമിതിയായ സാഹിതി തിയറ്റേഴ്സ് 15 വർഷത്തെ ഇടവേളയ്ക്ക് ശേഷം പുനർജനിക്കുന്നു.  വൈക്കം മുഹമ്മദ് ബഷീറിന്റെ നോവലായ ‘മുച്ചീട്ടുകളിക്കാരന്റെ മകള്‍' എന്ന കഥയെ അടിസ്ഥാനമാക്കി ഒരുക്കുന്ന നാടകത്തിലൂടെയാണ് വമ്പൻ തിരിച്ചുവരവ്. മേയ് ഒന്നിന് ആദ്യ കളി പാലാരിവട്ടം കെസിബിസി ഓഡിറ്റോറിയത്തില്‍ നടക്കും. സംസ്ഥാന നാടക പുരസ്കാര ജേതാക്കളായ ഹേമന്ത്കുമാർ രചനയും രാജേഷ് ഇരുളം സംവിധാനവും നിർവഹിക്കുന്ന നാടകത്തിന്റെ റിഹേഴ്സൽ ക്യാംപ് കൊല്ലം ഓച്ചിറയിൽ ആയിരുന്നു. 15 ലക്ഷം രൂപയോളമാണ് നാടകത്തിനു ചെലവായത്. നാടക മേഖലയുമായി അടുത്ത ബന്ധമുള്ള സി.ആർ.മഹേഷ് എംഎൽഎയ്ക്കാണ് സാഹിതി തിയറ്റേഴ്സിന്റെ ചുമതല. കോഴിക്കോട് നടന്ന കെപിസിസിയുടെ ചിന്തൻ ശിബിരത്തിൽ കലാ മേഖലയിലും ജീവകാരുണ്യ മേഖലയിലും കൂടുതൽ ശ്രദ്ധ പതിപ്പിക്കണമെന്ന നിർദേശത്തെ തുടർന്നാണ് സാഹിതിയുടെ ചുമതല മഹേഷിനു നൽകിയത്. 300 വേദികളിലെങ്കിലും അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നാടകം ഒരുക്കിയിരിക്കുന്നത്.

സി.ആർ.മഹേഷ്
സി.ആർ.മഹേഷ്

രമേശ് ചെന്നിത്തല കെപിസിസി പ്രസി‍ഡന്റ് ആയിരുന്നപ്പോൾ ആണ് സാഹിതി തിയറ്റേഴ്സ് രൂപീകരിച്ചത്. പിന്നീട് പ്രവർത്തനം നിലയ്ക്കുകയായിരുന്നു. സാഹിതിക്ക് സ്വന്തമായി ആസ്ഥാന മന്ദിരം പണിയാനുള്ള ആലോചനകളും സി.ആർ.മഹേഷിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. ഓണാട്ടുകരയുടെയും മലയാള നാടകവേദിയുടെയും തലസ്ഥാനമായ ഓച്ചിറയിൽ ആസ്ഥാന മന്ദിരം നിർമിക്കാനാണ് ആലോചനയെന്ന് സി.ആർ.മഹേഷ് മനോരമ ഓൺലൈനിനോട് പറഞ്ഞു. സമീപപ്രദേശമായ കായംകുളത്താണ് കെപിഎസിയുടെ ആസ്ഥാന മന്ദിരമെന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. സാഹിതിക്ക് സ്വന്തമായി നാടകവണ്ടിയും ഉടൻ വാങ്ങും. ഒരു കളിയ്ക്ക് അമ്പതിനായിരം രൂപയാണ് വാങ്ങുന്നത്. ഉദ്ഘാടനത്തിനു മുന്നേ തന്നെ വലിയതോതിലുള്ള ബുക്കിങ്ങാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലഭിക്കുന്നത്. മാള, വണ്ടാനം, കൊട്ടിയം, കരുനാഗപ്പള്ളി എന്നിവിടങ്ങളിൽ ഉദ്ഘാടനത്തിനു മുന്നേ നാടകത്തിന്റെ പ്രദർശനം നടന്നു.

6 കഥാപാത്രങ്ങളാണ് നാടകത്തിൽ ആകെയുള്ളത്. മുച്ചീട്ടു കളിക്കാരനായ ഒറ്റക്കണ്ണൻ പോക്കർ (വിനോദ് മായണ്ണൂർ), മകൾ സൈനബയും (സന്ധ്യ) മണ്ടൻമുത്തപ്പയും (മുരളി ബാബു) ആനവാരി രാമൻ നായരും (സാജു മേനോൻ) പൊൻകുരിശ് തോമയും (സാബു ചെറായി) പൊലീസ് ഏമാനും (ചേട്ടൻ പനയ്ക്കൽ) എന്നിവരാണ് അഭിനേതാക്കൾ.

മുച്ചീട്ടുകളിക്കാരന്റെ മകൾ നാടകത്തിൽ നിന്ന്
മുച്ചീട്ടുകളിക്കാരന്റെ മകൾ നാടകത്തിൽ നിന്ന്

എഐ രംഗപടം
പൂർണമായും എഐ സാങ്കേതിവിദ്യയുടെ സഹായത്തോടെയാണ് നാടകത്തിന്റെ രംഗപടം ഡിസൈൻ ചെയ്തിരിക്കുന്നതെന്ന് അണിയറ പ്രവർത്തകർ പറയുന്നു. ഹൈ വോൾട്ടേജിൽ പ്രവർത്തിക്കുന്ന വെളിച്ചങ്ങൾ ഒഴിവാക്കി വൈദ്യുതി ചെലവ് കുറഞ്ഞ എൽഇഡി ലൈറ്റുകൾ ഉപയോഗിച്ചാണ് വെളിച്ച സംവിധാനം ഡിസൈൻ ചെയ്തിരിക്കുന്നത്. സ്റ്റേജിൽ അധിക ചൂടില്ലാതെയാവും എന്നതിനൊപ്പം വൈദ്യുതി ചെലവും കുറയുമെന്നതാണ് പ്രത്യേകത. ഈ രണ്ട് സാങ്കേതിക വിദ്യകളും ആദ്യമായി ഉപയോഗിക്കുന്ന പ്രൊഫഷണൽ നാടകമാണ് മുച്ചീട്ടു കളിക്കാരന്റെ മകൾ.

ബിഗ് ബജറ്റ് നാടകം
സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട കഥ അടുത്ത വർഷത്തെ നാടകത്തിനായി ഒരുക്കാനാണ് അണിയറ നീക്കം. ഇതിനായി 50 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

English Summary:

Mucheettakal draukarante Mma by Sahithy theatres

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com