ADVERTISEMENT

ന്യൂഡൽഹി∙ ദേശീയ ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിന് ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ച് ബിജെപി. ഉത്തർപ്രദേശിലെ കൈസർഗഞ്ചിൽനിന്നുള്ള സിറ്റിങ് എംപിയായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനു പകരം ഇളയമകൻ കരൺ ഭൂഷൺ സിങ്ങിനെ ബിജെപി സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. വനിതാ ഗുസ്തി താരങ്ങൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നു ബ്രിജ് ഭൂഷണിനെതിരെ പരാതി ഉയർന്നിരുന്നു. ഇതു തിരഞ്ഞെടുപ്പിൽ തിരിച്ചടിയായേക്കുമെന്ന് നിഗമനത്തിലാണ് മകനെ മത്സരിപ്പിക്കാൻ തീരുമാനിച്ചത്. 

കരൺ നിലവിൽ ഉത്തർപ്രദേശ് ഗുസ്തി അസോസിയേഷൻ പ്രസിഡന്റാണ്. ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റായിരിക്കെ വനിതാ ഗുസ്തി താരങ്ങൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയതിന് ബ്രിജ് ഭൂഷണെതിരെ കേസുണ്ട്. ആറു താരങ്ങളാണു ബ്രിജ് ഭൂഷണെതിരെ പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ സാക്ഷി മാലിക്, ബജ്‌രംഗ് പുനിയ ഉൾപ്പെടെ മുൻനിര താരങ്ങളുടെ നേതൃത്വത്തിൽ ബ്രിജ് ഭൂഷണിനെതിരെ പ്രതിഷേധമുയർന്നിരുന്നു.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കൈസർഗഞ്ചിൽനിന്നു രണ്ട് ലക്ഷം വോട്ടിനാണു ബ്രിജ് ഭൂഷൺ വിജയിച്ചത്. ബിഎസ്പിയുടെ ചന്ദ്രദേവ് റാം യാദവിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. 2009 മുതൽ തുടർച്ചയായി മൂന്നു തവണയാണ് ബ്രിജ് ഭൂഷൺ ഇവിടെനിന്നു വിജയിച്ചു. കൈസർഗഞ്ച് സീറ്റിൽ ബിജെപിക്കു മത്സരമില്ലെന്ന് ബ്രിജ് ഭൂഷൺ നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ തവണ രണ്ടു ലക്ഷത്തിലധികം വോട്ടുകൾക്കാണു താൻ വിജയിച്ചതെന്നും ഇത്തവണ 5 ലക്ഷം വോട്ടിനു വിജയിപ്പിക്കാനാണു പ്രവർത്തകർ ആഹ്വാനം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെയാണു സീറ്റു മകനു നൽകാനുള്ള ബിജെപിയുടെ തീരുമാനം. ബ്രിജ് ഭൂഷന്റെ മൂത്തമകൻ പ്രതീക് ഭൂഷൺ സിങ് എംഎൽഎയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ അഞ്ചാം ഘട്ടത്തിൽ മേയ് 20നാണ് കൈസർഗഞ്ചിൽ വോട്ടെടുപ്പ്. നാളെയാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. 

അതേസമയം, യുപിയിലെ തന്നെ റായ്‌ബറേലി സീറ്റിൽ ദിനേഷ് പ്രതാപ് സിങ്ങിനെ ബിജെപി സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. സോണിയ ഗാന്ധിയുടെ മണ്ഡലമായിരുന്ന റായ്‌ബറേലിയിൽ കോൺഗ്രസ് ഇതുവരെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. പ്രിയങ്ക ഗാന്ധി ഇവിടെ മത്സരിക്കുമെന്നാണ് റിപ്പോർട്ടുകൾ. 

English Summary:

BJP likely to drop Brij Bhushan in Kaiserganj, field his son: Sources

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com