ലോഡ് ഷെഡിങ് ഇല്ല; വൈദ്യുതി ഉപയോഗം കുറയ്ക്കാൻ മറ്റു മാർഗങ്ങൾ തേടി സർക്കാർ
Mail This Article
തിരുവനന്തപുരം∙ വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെങ്കിലും ലോഡ് ഷെഡിങ് പ്രഖ്യാപിക്കേണ്ടതില്ലെന്ന് വൈദ്യുതി മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കെഎസ്ഇബി ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു. വൈദ്യുതി ഉപയോഗം കുറയ്ക്കാൻ ചില നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തും. ലോഡ് ഷെഡിങ് അല്ലാതെ മറ്റു വഴികൾ നിർദേശിക്കാൻ കെഎസ്ഇബിയോട് സർക്കാർ നിർദേശിച്ചു. മുഖ്യമന്ത്രിയുമായുള്ള വൈദ്യുതി മന്ത്രിയുടെ കുടിക്കാഴ്ചയ്ക്കുശേഷം തീരുമാനങ്ങൾ പ്രഖ്യാപിക്കും.
വ്യവസായശാലകളിൽ ഭാഗിക നിയന്ത്രണം കൊണ്ടുവരണമെന്ന നിർദേശം യോഗത്തിലുണ്ടായി. വൻകിട വ്യവസായശാലകളിൽ രാത്രി സമയങ്ങളിൽ ചെറിയതോതിൽ വൈദ്യുതി നിയന്ത്രണം കൊണ്ടുവരാനാണു നിർദേശമുണ്ടായത്. വൈദ്യുതി ഉപയോഗം സ്വയം നിയന്ത്രിക്കാൻ മാളുകൾക്കു നിർദേശം നൽകണമെന്ന അഭിപ്രായമുണ്ടായി. ഒഴിവാക്കാവുന്ന ഇടങ്ങളിൽ വൈദ്യുതി ഉപയോഗം കുറയ്ക്കണം. കൃഷിക്കുള്ള പമ്പിങ് പകൽ മാത്രം ആക്കാൻ ആലോചനയുണ്ട്. എച്ച്ടി ഉപഭോക്താക്കൾ രാത്രി പ്രവർത്തനം മാറ്റിവയ്‌ക്കേണ്ടി വരും. ഗാർഹിക ഉപഭോക്താക്കൾക്കു നിയന്ത്രണം ഏർപ്പെടുത്തേണ്ടതില്ലെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. 15 ദിവസം കൊണ്ടു പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.