‘വാരാണസിയിലേക്ക് ഓടിപ്പോയ ആളാണ്, അദ്ദേഹത്തോട് ചോദിക്കൂ’: മോദിക്കു മറുപടിയുമായി ഖർഗെ
Mail This Article
ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുപിയിലെ റായ്‌ബറേലിയിൽ രാഹുൽ ഗാന്ധിയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ രാഷ്ട്രീയ വാക്പോര് കടുപ്പിച്ച് ബിജെപിയും കോൺഗ്രസും. രാഹുൽ ഗാന്ധി റായ്ബറേലിയിൽ മത്സരിക്കുന്നതിനെ വിമർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ രംഗത്തെത്തി. വാരാണസി മണ്ഡലത്തിലേക്ക് ഓടിപ്പോയ ആളാണ് മോദിയെന്ന് ഖർഗെ പരിഹസിച്ചു.
‘‘അദ്ദേഹം സ്വയം വാരാണസി മണ്ഡലത്തിലേക്ക് ഓടിപ്പോയ ആളാണ്, അദ്ദേഹത്തോട് ചോദിക്കൂ’’– ഖർഗെ മാധ്യമങ്ങളോടു പറഞ്ഞു. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ വഡോദരയിൽനിന്നും യുപിയിലെ വാരാണസിയിൽനിന്നും മത്സരിച്ചിരുന്നു. ഇരുമണ്ഡലങ്ങളിലും വിജയിച്ച മോദി, വാരാണസിയാണ് നിലനിർത്തിയത്. ഇതു സൂചിപ്പിച്ചാണ് ഖർഗെയുടെ പരാമർശം.
കേരളത്തിലെ വയനാട്ടിൽ പരാജയപ്പെടുമെന്ന ഭയത്തിനു പുറത്താണ് രാഹുൽ ഗാന്ധി റായ്ബറേലിയിലും മത്സരിക്കുന്നതെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു പറഞ്ഞത്. ബംഗാളിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട്ടിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞശേഷം സുരക്ഷിത മണ്ഡലം അന്വേഷിച്ചു നടക്കുകയായിരുന്നു രാഹുലെന്നും മോദി പരിഹസിച്ചു. സോണിയ ഗാന്ധിയെയും വിമർശിച്ചായിരുന്നു മോദിയുടെ തിരഞ്ഞെടുപ്പ് പ്രസംഗം.