40ൽ പരം രോഗികളുടെ ഡയാലിസിസിനിടെ ഫ്യൂസൂരി കെഎസ്ഇബി; പ്രതിഷേധം, പിന്നാലെ കണക്‌ഷൻ പുനഃസ്ഥാപിച്ചു
Mail This Article
പെരുമ്പാവൂർ∙ നാൽപതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ കെഎസ്ഇബി ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി. വ്യാപകമായി പ്രതിഷേധം ഉയർന്നതോടെ രണ്ടു മണിക്കൂറിനു ശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്‌ഷൻ പുനഃസ്ഥാപിച്ചു. യാക്കോബായ സുറിയാനി സഭയുടെ കീഴിലുള്ള അല്ലപ്ര കൊയ്‌നോണിയ ആശുപത്രിയിലെ സൗജന്യ ഡയാലിസിസ് കേന്ദ്രത്തിലാണു സംഭവം.
ഇന്നലെ രാവിലെ എട്ടരയോടെയാണ് കെഎസ്ഇബി. ലൈൻമാനെത്തി ഫ്യൂസ് ഊരിയത്. രോഗികൾക്കു സൗജന്യ നിരക്കിൽ ഡയാലിസിസ് നടത്തുന്നതിനിടെയാണു സംഭവമുണ്ടായത്. ഇൻവെർട്ടർ സംവിധാനം ഉപയോഗിച്ച് അൽപസമയം മാത്രമേ വൈദ്യുതി പ്രവർത്തിപ്പിക്കാൻ കഴിഞ്ഞിരുന്നുള്ളൂ. ജനറേറ്റർ തകരാറിലായിരുന്നു. ആശുപത്രി അധികൃതരും രോഗികളുടെ ബന്ധുക്കളും വെങ്ങോല കെഎസ്ഇബി ഓഫിസിൽ ബന്ധപ്പെട്ടെങ്കിലും ബിൽ തുക അടയ്ക്കാതെ വൈദ്യുതി പുനഃസ്ഥാപിക്കാൻ കഴിയില്ലെന്നായിരുന്നു കെഎസ്ഇബിയുടെ നിലപാട്.
എംഎൽഎ അടക്കമുള്ളവർ കെഎസ്ഇബി ഉദ്യോഗസ്ഥരുമായി നേരിട്ടു ബന്ധപ്പെട്ടെങ്കിലും അധികൃതർ വഴങ്ങിയില്ല. പിന്നീട് പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് പള്ളിക്കൽ, വാർഡ് മെമ്പർ പി.പി.എൽദോസ് എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ ഉൾപ്പെടെ വെങ്ങോല കെഎസ്ഇബി ഓഫിസിലെത്തി ഉപരോധം ആരംഭിക്കുകയായിരുന്നു. സംഭവം വഷളാകുമെന്നു കണ്ടതോടെ 11 മണിയോടെ ഓവർസിയറെത്തി വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുകയായിരുന്നു.
30,000 രൂപയോളമാണു കൊയ്‌നോണിയ സെന്ററിലെ വൈദ്യുതി ബിൽ. മേയ് ഒന്നിനു ബിൽ തുകയ്ക്കുള്ള ചെക്കുമായി കൊയ്‌നോണിയയിലെ ജീവനക്കാരൻ വൈദ്യുതി ഓഫിസിലെത്തിയെങ്കിലും അവധിയായതിനാൽ പിറ്റേദിവസം അടച്ചാൽ മതിയെന്നു പറഞ്ഞു മടക്കിവിടുകയായിരുന്നു. എന്നാൽ പിറ്റേന്ന് ഓഫിസ് തുറക്കുന്നതിനു മുന്നേ ലൈൻമാനെത്തി ഫ്യൂസൂരുകയായിരുന്നു.