സൽമാന്റെ വീട് ആക്രമിച്ച കേസ്: പ്രതിയുടെ കസ്റ്റഡി മരണത്തിൽ അന്വേഷണം തേടി കുടുംബം
Mail This Article
മുംബൈ∙ സൽമാൻ ഖാന്റെ വസതിക്ക് നേരെ വെടിയുതിർക്കാൻ തോക്ക് നൽകിയഅനുജ് ഥാപൻ പൊലീസ് കസ്റ്റഡിയിൽ ജീവനൊടുക്കിയതിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തി. കഴിഞ്ഞ മാസം 25ന് പഞ്ചാബിൽ നിന്നു പിടിയിലായ അനുജ് ഥപൻ ബുധനാഴ്ച രാവിലെയാണ് ലോക്കപ്പിൽ തൂങ്ങിമരിച്ചത്.
കിടക്കവിരി ഉപയോഗിച്ച് ശുചിമുറിയിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തിയ ഇയാളെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചെന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാൽ, സംഭവം കൊലപാതകമാണെന്നും ആത്മഹത്യയായി ചിത്രീകരിക്കുകയാണെന്നുമാണ് കുടുംബത്തിന്റെ വാദം. പോസ്റ്റ്മോർട്ടം മുംബൈയ്ക്ക് പുറത്ത് നടത്തണമെന്നും സഹോദരൻ അഭിഷേക് ഥാപൻ ആവശ്യപ്പെട്ടു. പൊലീസിന്റെ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കേസിലെ മുഖ്യപ്രതികളായ വിക്കി ഗുപ്തയും സാഗർപാലും ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലാണ്. ഇവർക്കെതിരെ ‘മകോക്ക’ ചുമത്തിയിരുന്നു. സൽമാന്റെ വീടിനു നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ ഗുണ്ടാ തലവൻ ലോറൻസ് ബിഷ്ണോയ് സംഘമാണെന്ന് സ്ഥിരീകരിച്ചിരുന്നു. വെടിവയ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോൾ ബിഷ്ണോയിക്കായി തിരച്ചിൽ നോട്ടിസും പുറപ്പെടുവിച്ചിട്ടുണ്ട്.