ലോക്സഭാ തിരഞ്ഞെടുപ്പ്: കേജ്‌രിവാളിന് ഇടക്കാല ജാമ്യം നൽകുന്നത് സുപ്രീം കോടതി പരിഗണിച്ചേക്കും
Mail This Article
ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പ് മുൻനിർത്തി അരവിന്ദ് കേജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാൻ സുപ്രീം കോടതി. ഇടക്കാല ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച അരവിന്ദ് കേജ്‌രിവാളിന്റെ അപേക്ഷ കോടതി മേയ് ഏഴിന് പരിഗണിക്കും. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ദിപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുക.
മാർച്ച് 21നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളിനെ അറസ്റ്റുചെയ്യുന്നത്. ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കേസിലായിരുന്നു അറസ്റ്റ്. കീഴ്ക്കോടതികളിൽ നിന്ന് ജാമ്യം ലഭിക്കാതെ വന്നതോടെ കേജ്‌രിവാൾ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഇതേ കേസിൽ അറസ്റ്റിലാകുന്ന മൂന്നാമത്തെ എഎപി നേതാവാണ് കേജ്‌രിവാൾ.
കേജ്‌രിവാളിനെ അറസ്റ്റുചെയ്യുന്നതിനാവശ്യമായ തെളിവുകൾ ഇഡിയുടെ പക്കലില്ലെന്ന് കേജ്‌രിവാളിന് വേണ്ടി ഹാജരായ അഭിഷേക് സിങ്‌വി ഇന്ന് കോടതിയെ അറിയിച്ചു.