വൈകിട്ട് 5 ജനറേറ്ററും പ്രവർത്തിക്കുന്നു, ഇടുക്കിയിൽ 35% വെള്ളം മാത്രം; മഴക്കാലം വരെ ഇതു മതിയോ?
Mail This Article
മൂലമറ്റം ∙ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ ഇടുക്കി ജല വൈദ്യുതപദ്ധതിയിൽ ഇരട്ടത്തന്ത്രം. രാത്രിയിലെ അധിക ഉപയോഗം നേരിടുന്നതിന് രാത്രി ഉൽപാദനം കൂട്ടി. അതേസമയം ആകെ ഉൽപാദനം കുറച്ച് വെള്ളം സംഭരിക്കാനും ശ്രമം ആരംഭിച്ചു. വൈകിട്ട് ആറു മുതൽ 10 വരെയാണ് സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കൂടുന്നത്. ഈ സമയത്ത് 5 ജനറേറ്ററുകളും പ്രവർത്തിപ്പിച്ചു തുടങ്ങി. ഇന്നലെ 642 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിച്ചു. 748 മെഗാവാട്ട് ഉൽപാദിപ്പിക്കാനുള്ള ശേഷിയുണ്ടെങ്കിലും ട്രാൻസ്ഫോമറുകൾക്ക് ശേഷിയില്ലാത്തതാണ് പ്രശ്നം.
അതേസമയം ഇടുക്കി അണക്കെട്ടിൽ ഇനി 2336.46 അടി വെള്ളം മാത്രം. സമുദ്രനിരപ്പിൽ നിന്നുള്ള ഉയരമാണിത്. സംഭരണശേഷിയുടെ 35 ശതമാനം വെള്ളമാണ് ഇപ്പോൾ അണക്കെട്ടിൽ സംഭരിച്ചിരിക്കുന്നത്. ഇപ്പോഴത്തെ രീതിയിൽ 100 ദിവസത്തേക്കുള്ള വെള്ളം ഇവിടെയുണ്ട്. അതേസമയം സംസ്ഥാനത്തെ വൈദ്യുതി ആവശ്യകതയുടെ ഒരു ഭാഗം മാത്രമേ ഇടുക്കിയിൽനിന്നു ലഭിക്കുകയുള്ളൂ. കഴിഞ്ഞ വർഷം ഇതേദിവസം 2331.18 അടി വെള്ളമാണ് ഉണ്ടായിരുന്നത്. വേനൽ ശക്തമായെങ്കിലും കുറഞ്ഞ വിലയിൽ പുറത്തുനിന്നു വൈദ്യുതി ലഭിക്കുന്നതിനാൽ ഇടുക്കി പദ്ധതിയിൽനിന്നു വൈദ്യുതി ഉൽപാദനം കുറവാണ്.
7642.05 ലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ വെള്ളമാണ് അണക്കെട്ടിൽ ശേഖരിച്ചിരിക്കുന്നത്. മൂലമറ്റം വൈദ്യുതി നിലയത്തിൽ ഇപ്പോൾ പ്രതിദിനം ശരാശരി വൈദ്യുതി ഉൽപാദനം 65.13 ലക്ഷം യൂണിറ്റാണ്. കാലവർഷം ദുർബലമാവുകയും തുലാവർഷം ലഭിക്കാതിരിക്കുകയും ചെയ്തതോടെ, പ്രതിസന്ധി മുൻകൂട്ടിക്കണ്ട് മൂലമറ്റം നിലയത്തിലെ വൈദ്യുതി ഉൽപാദനം കുറച്ചിരുന്നു. ഇതുമൂലം ഇടുക്കി ഡാമിൽ വൈദ്യുതി ഉൽപാദനത്തിന് ആവശ്യമായ ജലശേഖരമുണ്ട്. കാലവർഷം എത്താൻ ഇനി 28 ദിവസം കൂടിയാണുള്ളത്. എന്നാൽ കാലവർഷം നേരത്തേ എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.