ഫ്ലാറ്റുകളിൽ ഗർഭിണികളില്ലെന്ന് വിവരം; ക്ഷീണിതയായ യുവതിയെ കണ്ടപ്പോൾ വനിതാ പൊലീസിന്റെ സംശയം, ചോദ്യംചെയ്യൽ
Mail This Article
കൊച്ചി∙ പനമ്പിള്ളി നഗറിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കോളജ് വിദ്യാർഥിനിയായ അമ്മ തന്നെയാണു കുറ്റക്കാരിയെന്നു പൊലീസ് നേരത്തേ മനസ്സിലാക്കിയിരുന്നു. കുഞ്ഞിനെ താഴേക്ക് എറിഞ്ഞപ്പോൾ പൊതിയാൻ ഉപയോഗിച്ച കുറിയർ പായ്ക്കറ്റിലെ വിലാസം കൂടി ഒത്തുവന്നതോടെ പൊലീസ് ഇക്കാര്യം ഉറപ്പിക്കുകയായിരുന്നു.
പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഫ്ലാറ്റുകളിൽ ഗർഭിണികളില്ലെന്നു വിവരം ലഭിച്ചിരുന്നു. ഇതിനിടെ സ്ഥലത്തെത്തിയ ആശാ വർക്കറും ഇക്കാര്യം ശരിവച്ചു. എഴു നിലകളിലും റോഡിലേക്കു തുറക്കുന്ന ബാൽക്കണിയുള്ള ഫ്ലാറ്റുകളിൽ പൊലീസ് വീണ്ടും പരിശോധന ആരംഭിച്ചു. ഈ ഘട്ടത്തിൽ യുവതിയുടെ ഫ്ലാറ്റിലും പൊലീസ് എത്തുകയും മാതാപിതാക്കളുമായി സംസാരിക്കുകയും ചെയ്തു. ഇതിനിടെയാണു ബാൽക്കണി പരിശോധിക്കാനായി കയറിയ പൊലീസിനൊപ്പമുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥ യുവതിയെ കാണുന്നത്.
പ്രസവശേഷമുള്ള ക്ഷീണത്തിലായിരുന്ന യുവതി പൊലീസ് എത്തിയിട്ടും അവരോടു സംസാരിക്കാനെത്തിയില്ല. സംശയം തോന്നിയ ഉദ്യോഗസ്ഥ ഉടൻ മേലുദ്യോഗസ്ഥരെ അറിയിച്ചു. മാതാപിതാക്കൾക്ക് ഇക്കാര്യങ്ങളൊന്നും അറിയില്ലെന്നും പൊലീസിനു മനസ്സിലായി. ഈ ഘട്ടത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാനായിരുന്നു പൊലീസിന്റെ ശ്രമം.
ഇതിനിടെയാണു കുഞ്ഞിനെ പൊതിയാൻ ഉപയോഗിച്ച കുറിയറിലെ ബാർ കോഡ് സ്കാൻ ചെയ്യാൻ പൊലീസിനു സാധിക്കുന്നതും വിലാസം യുവതിയുടെ പിതാവിന്റേതാണ് എന്നു മനസ്സിലാകുന്നതും. തുടർന്നാണു യുവതിയെ ചോദ്യം ചെയ്യാൻ ആരംഭിച്ചത്. 15 മിനിറ്റിനുള്ളിൽ തന്നെ യുവതി കാര്യങ്ങൾ തുറന്നു പറഞ്ഞു. അതു കേട്ട മാതാപിതാക്കൾ തകർന്നു പോയി എന്നാണു പൊലീസ് വൃത്തങ്ങൾ പറയുന്നത്. യുവതി ഏതെങ്കിലും വിധത്തിൽ സ്വയം അപകടപ്പെടുത്താനും സാധ്യതയുണ്ട് എന്നറിയാവുന്നതിനാൽ അതീവ കരുതലിലായിരുന്നു വീടിനുള്ളിലും പൊലീസിന്റെ നീക്കങ്ങൾ.
വെള്ളിയാഴ്ച രാവിലെ അഞ്ചു മണിയോടെ പ്രസവിച്ച യുവതി 8.11നാണ് കുഞ്ഞിനെ ബാൽക്കണിയിലൂടെ പുറത്തേക്ക് എറിയുന്നത്. 8.20ന് കുഞ്ഞിന്റെ മൃതദേഹം റോഡിൽ കണ്ടെത്തുകയും ചെയ്തു. തുടർന്ന് സിസിടിവി പരിശോധനയിലാണ് മുകളിൽനിന്ന് പൊതിക്കെട്ട് റോഡിലേക്ക് വീഴുന്നത് പൊലീസ് കാണുന്നത്. ഇതോടെ സമീപത്തുള്ള അപ്പാർട്ട്മെന്റിലെ ഫ്ലാറ്റുകളിലേക്ക് അന്വേഷണം കേന്ദ്രീകരിക്കുകയായിരുന്നു.