‘ഡൽഹിയിലെ രാജകുമാരനും പട്നയിലെ രാജകുമാരനും ഒരുപോലെ’: രാഹുലിനും തേജസ്വിക്കുമെതിരെ മോദി
Mail This Article
പട്ന ∙ രാഹുൽ ഗാന്ധിയുടെയും തേജസ്വി യാദവിന്റെയും റിപ്പോർട്ട് കാർഡുകളിൽ അഴിമതികളും നിയമലംഘനങ്ങളും മാത്രമേയുള്ളുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിലെ രാജകുമാരനും പട്നയിലെ രാജകുമാരനും ഒരുപോലെയാണ്. ഒരാൾ ജനിച്ചപ്പോൾ മുതൽ രാജ്യം തന്റെ തറവാട്ടു സ്വത്താണെന്നു കരുതിയെങ്കിൽ മറ്റേയാൾ ബിഹാറിനെയാണു അങ്ങനെ കണ്ടതെന്നു മോദി പരിഹസിച്ചു. ബിഹാറിലെ ദർഭംഗയിൽ തിരഞ്ഞെടുപ്പു റാലിയിൽ പ്രസംഗിക്കുകയായിരുന്നു മോദി.
ഭാരതത്തിന്റെ ഭരണഘടനയിൽ മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം വിലക്കിയിട്ടുണ്ട്. നെഹ്റുവും അംബേദ്കറും അതിനെതിരായിരുന്നു. പിന്നാക്ക, പട്ടിക വിഭാഗക്കാരുടെ പിന്തുണ നഷ്ടപ്പെട്ട കോൺഗ്രസ് നെഹ്റുവിന്റെ വികാരങ്ങൾക്കെതിരെ തിരിയുകയാണെന്നു മോദി കുറ്റപ്പെടുത്തി. അയോധ്യയിൽ ശ്രീരാമക്ഷേത്രം ഉയരാനുള്ള 500 വർഷത്തെ കാത്തിരിപ്പു സീതാദേവിയുടെ നാടായ മിഥിലയുടേതുമായിരുന്നു. (മിഥിലയുടെ ഭാഗമാണു റാലി നടന്ന ദർഭംഗ). അയോധ്യ ക്ഷേത്ര പ്രാണപ്രതിഷ്ഠയോടെ രാജ്യത്തിന്റെ അടുത്ത ആയിരം വർഷത്തിന്റെ ചരിത്രം രചിക്കപ്പെടുകയാണെന്നു മോദി പറഞ്ഞു.
കഴിഞ്ഞ പതിറ്റാണ്ടിൽ ഭാരതത്തിന്റെ സ്ഥാനം ലോകത്തെ പതിനൊന്നാമത്തെ സാമ്പത്തിക ശക്തിയിൽ നിന്ന് അഞ്ചാമത്തേതായി കുതിച്ചുയർന്നു. കോവിഡ് മഹാമാരിയെ ഇന്ത്യ പ്രതിരോധിക്കുകയും ലോകത്തെയാകെ നയിക്കുകയും ചെയ്തു. ബിഹാറിലെ ജനങ്ങൾ രാജ്യത്തിന്റെ വികസനവും പുരോഗതിക്കും വേണ്ടി എൻഡിഎ സ്ഥാനാർഥികളെ പിന്തുണയ്ക്കണമെന്നു മോദി അഭ്യർഥിച്ചു.