ADVERTISEMENT

കോഴിക്കോട്∙ വയനാട് സുഗന്ധഗിരിയിലെ അനധികൃത മരം മുറിയുമായി ബന്ധപ്പെട്ട് സൗത്ത് വയനാട് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ എ.ഷജ്‍നയെ സർക്കാർ സ്ഥലം മാറ്റി. ആവശ്യമായ ഫീൽഡ് പരിശോധനകൾ നടത്താതെ മരം മുറിക്ക് വഴിവച്ച ഡിഎഫ്ഒയുടെ ഭാഗത്തുനിന്ന് ഗുരുതരമായ കൃത്യവിലോപം ഉണ്ടായി എന്ന വിലയിരുത്തലോടെയാണ് കാസർകോട് സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ് കൺസർവേറ്ററായി സ്ഥലം മാറ്റിയത്. പകരം ചുമതല ഒലവക്കോട് അസിസ്റ്റന്റ് കൺസർവേറ്റർ ബി.ശ്രീജിത്തിന് നൽകി. 

തിരഞ്ഞെടുപ്പിനു മുമ്പ് വിവാദമായതിനെ തുടർന്ന് മരവിപ്പിച്ച നടപടികളാണ് സർക്കാർ ഇപ്പോൾ പുനരുജ്ജീവിപ്പിച്ചത്. ഷജ്ന, ഫ്ളയിങ് സ്ക്വാഡ് റേഞ്ച് ഓഫിസർ, ഡെപ്യൂട്ടി റേഞ്ചർ (ഗ്രേഡ്) എന്നിവരെ അർധരാത്രിയിൽ സസ്െപൻഡ് ചെയ്തു കൊണ്ട് സർക്കാർ ഉത്തരവിട്ടിരുന്നു. വടകരയിലെ തിരഞ്ഞെടുപ്പ് ഫലത്തെ പോലും ഇതു ബാധിക്കും എന്ന് വിലയിരുത്തലുണ്ടായതോടെ 20 മണിക്കൂറിനുള്ളിൽ ഈ ഉത്തരവ് മരവിപ്പിച്ചു. ഡിഎഫ്ഒ എന്ന നിലയിൽ ജാഗ്രതയോടെ പ്രവർത്തിച്ചില്ലെന്നാണ് ഷജ്നയ്ക്കെതിരെ വിജിലൻസ് അഡിഷനൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ റിപ്പോർട്ട് നൽകിയത്. ഈ റിപ്പോർട്ടിൽ തന്നെ ഷജ്നയിൽ നിന്ന് വിശദീകരണം തേടി തുടർ നടപടികൾ സ്വീകരിക്കണം എന്നായിരുന്നു ശുപാർശ.

ഭരണ വിഭാഗം എപിസിസിഎഫ് ഇതു പ്രകാരം ഷജ്നയ്ക്കു മെമോ നൽകിയെങ്കിലും സർക്കാർ നേരിട്ട് ഈ നടപടികളും തടഞ്ഞ ശേഷമാണ് സസ്പെൻഷൻ നടപടികളുമായി മുന്നോട്ടു പോയത്. തിരഞ്ഞെടുപ്പിനു തൊട്ടു മുമ്പുണ്ടായ വിവാദം സംബന്ധിച്ച് കഴി‍ഞ്ഞ ദിവസം മുഖ്യമന്ത്രി തന്നെ വനം മന്ത്രി എ.കെ.ശശീന്ദ്രനുമായി സംസാരിച്ചിരുന്നു എന്നാണ് വിവരം. ഗൗരവമായ നടപടികൾ ഇക്കാര്യത്തിൽ കൈക്കൊള്ളണം എന്ന നിർദേശത്തെ തുടർന്നാണ് ഉടനടി പ്രാബല്യത്തിൽ വരത്തക്ക വിധത്തിൽ സ്ഥലം മാറ്റിയത്. 

English Summary:

Sugandhagiri tree felling case action taken against Shajna

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com