ADVERTISEMENT

കൊച്ചി ∙ പനമ്പിള്ളി നഗറിൽ നവജാതശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ‍ അറസ്റ്റിലായ അമ്മയിൽനിന്ന് വിശദമായ മൊഴിയെടുക്കുന്നത് നീണ്ടേക്കും. വൈദ്യസഹായമില്ലാതെ പ്രസവിച്ചതു മൂലമുണ്ടായ അണുബാധയെ തുടർന്ന് യുവതിയെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യനില മെച്ചപ്പെടാതെ മൊഴിയെടുക്കാൻ സാധിക്കില്ല എന്നതിനാൽ കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നതും വൈകും. ആൺസുഹൃത്തിനെ കുറ്റപ്പെടുത്തുന്ന രീതിയിലല്ല യുവതി മൊഴി നൽകിയിരിക്കുന്നത് എന്ന് സൂചനയുണ്ട്. വിശദമായ ചോദ്യം ചെയ്യലിൽ മാത്രമേ ഇക്കാര്യങ്ങൾ വ്യക്തത വരൂ.  യുവാവിൽനിന്ന് പൊലീസ് മൊഴിയെടുത്തു. 

ഇന്നലെ വെളുപ്പിന് അഞ്ചുമണിയോടെയാണ് യുവതി വീട്ടിലെ കുളിമുറിയിൽ പ്രസവിക്കുന്നത്. 8.11നു കുഞ്ഞിനെ പുറത്തേക്കെറിഞ്ഞു. യുവതി കുറ്റം സമ്മതിച്ച കാര്യം 12.50ന് പൊലീസ് കമ്മിഷണർ  മാധ്യമങ്ങളെ അറിയിച്ചു. തുടർന്നു യുവതിയെ ആംബുലൻസിൽ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അതുവരെ യുവതിക്ക് യാതൊരു വിധത്തിലുള്ള വൈദ്യസഹായവും ലഭിച്ചിരുന്നില്ല. ആരോഗ്യനില പരിഗണിച്ച് പൊലീസ് വിശദമായി ചോദ്യം ചെയ്തതുമില്ല. യുവതിയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങുന്നതിനെ കുറിച്ച് പൊലീസ് ഇന്നലെ ആലോചിച്ചിരുന്നു. എന്നാൽ ഇന്നലെ വൈകിട്ടു തന്നെ യുവതിയുടെ ആരോഗ്യനില മോശമായി. തുടർന്ന് ഇന്നലെത്തന്നെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റി.

കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി എന്നാണ് യുവതി നൽകിയിരിക്കുന്ന മൊഴി. ഇക്കാര്യം പോസ്റ്റ്മോർട്ടം റിപ്പോർട്ടും ശരിവയ്ക്കുന്നു. ‘‘കുഞ്ഞിന്റെ കരച്ചിൽ പുറത്തു കേൾക്കാതിരിക്കാൻ വായിൽ തുണി തിരുകി. രാവിലെ 8 മണിയോടെ അമ്മ വാതിലിൽ മുട്ടിയപ്പോൾ പരിഭ്രാന്തയാവുകയും കയ്യിൽ കിട്ടിയ കവറിൽ പൊതിഞ്ഞ് കുഞ്ഞിനെ താഴേക്ക് എറിയുകയും ചെയ്തു. ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ചും ആലോചിച്ചിരുന്നു. ഗർഭിണിയാണെന്നത് തിരിച്ചറിയാൻ വൈകി. അതിനാൽ ഗർഭഛിദ്രം നടത്താൻ സാധിച്ചില്ല’’– ഇതാണ് യുവതിയുടെ മൊഴി. യുവതി പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് സംശയമുണ്ടെന്നും അതിനാൽ അതിജീവിത എന്ന നിലയിലാണ് കണക്കാക്കുന്നതെന്നും പൊലീസ് ഇന്നലെ വ്യക്തമാക്കിയിരുന്നു. 

യുവതിയുടെ ആൺസുഹൃത്തിൽനിന്ന് ഇന്നലെ തന്നെ പൊലീസ് മൊഴിയെടുത്തിരുന്നു. യുവതി പറയുന്ന കാര്യങ്ങളുമായി പൊരുത്തപ്പെടുന്ന വിവരങ്ങൾ തന്നെയാണ് യുവാവും പങ്കുവച്ചത് എന്നാണ് വിവരം. യുവതി ഗർ‍ഭിണിയായ കാര്യം യുവാവിന് അറിയാമായിരുന്നു എന്നാണ് കരുതുന്നത്. കഴിഞ്ഞ 2 മാസമായി ഇരുവരും സംസാരിച്ചിരുന്നില്ല എന്നും പൊലീസ് വൃത്തങ്ങൾ പറയുന്നു. യുവാവിനെ കുറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നതാണ് യുവതിയുടെ പ്രാഥമിക മൊഴി എന്നിരിക്കെ, വിശദമായ ചോദ്യം ചെയ്യലിൽ മാത്രമേ മറ്റു കാര്യങ്ങൾ അറിയാൻ കഴിയൂ എന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു. എന്നാൽ  യുവതിയുടെ ആരോഗ്യനില മെച്ചപ്പെടുന്ന സാഹചര്യത്തിൽ മാത്രമേ ഇതു സാധ്യമാകൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com