തിരഞ്ഞെടുപ്പു ചിത്രം മാറ്റാൻ തക്ക സീറ്റുബലം ഇല്ല, ആകെയുള്ളത് 2 സീറ്റുകൾ, ഇവിടെ പോരാട്ടം കഠിനം
Mail This Article
രണ്ടേ രണ്ടു സീറ്റുകൾ. ആ സീറ്റിനു വേണ്ടിയുള്ള പോരാട്ടമോ അതിരൂക്ഷം. അതാണു ഗോവൻ രാഷ്ട്രീയം. കോൺഗ്രസും ബിജെപിയും നേർക്കുനേരാണു പോരാട്ടം. കടൽത്തീരങ്ങളുടെ മായികഭംഗികൊണ്ടു ലോകവിനോദ സഞ്ചാരികളുടെ പ്രിയ ഇടമാണ് ഗോവ. എന്നാൽ തിരഞ്ഞെടുപ്പ് ഗോദയിൽ അത്ര ആകർഷണീയമായ ഒന്നും തന്നെ ഗോവയിൽ പറയാനില്ലെന്നതാണു വസ്തുത. രണ്ടു ലോക്സഭ മണ്ഡലങ്ങളിലേക്കാണു തിരഞ്ഞെടുപ്പ് നടക്കുന്നത് – വടക്കൻ ഗോവയും ദക്ഷിണ ഗോവയും. തൊട്ടടുത്തു കിടക്കുന്ന മഹാരാഷ്ട്ര, കർണാടക തുടങ്ങിയ വമ്പൻ സംസ്ഥാനങ്ങളെപ്പോലെ രാജ്യത്തിന്റെ തിരഞ്ഞെടുപ്പു ചിത്രം മാറ്റാൻ തക്ക സീറ്റുബലം ഇല്ലെങ്കിലും രാജ്യത്തെ പ്രധാന പാർട്ടികൾ തന്നെയാണ് ഇവിടെയും ചിരവൈരികൾ. ആം ആദ്മി പാർട്ടി (എഎപി), ഗോവ ഫോർവേർഡ് പാർട്ടി (ജിഎഫ്‌പി) എന്നിവരുടെ സാന്നിധ്യവും ഈ ചെറു സംസ്ഥാനത്തുണ്ട്. 11,79,644 വോട്ടർമാർ തങ്ങളുടെ വോട്ട് ഒറ്റഘട്ടത്തിൽ രേഖപ്പെടുത്തും. 7 ഘട്ടങ്ങളുള്ള തിരഞ്ഞെടുപ്പിൽ മൂന്നാം ഘട്ടത്തിലാണ് (മേയ് 7) ഗോവ പോളിങ് ബൂത്തിലെത്തുന്നത്.
രാഷ്ട്രീയം തെക്കും വടക്കും പോലെ
1999 മുതൽ അഞ്ചു തവണയായി ബിജെപിയുടെ സിറ്റിങ് സീറ്റാണ് നോർത്ത് ഗോവ. 1962 മുതൽ കോൺഗ്രസിനെ പിന്തുണച്ച ദക്ഷിണ ഗോവയാകട്ടെ അതിന് എതിരായി ചിന്തിച്ചത് 1999ലും 2014ലുമാണ്. ഈ രണ്ടു വർഷവും ബിജെപിയെയാണു ദക്ഷിണ ഗോവ വിജയിപ്പിച്ചത്. കോൺഗ്രസിന്റെ സിറ്റിങ് സീറ്റായ സൗത്ത് ഗോവയിൽ എഎപി സഖ്യം അവർക്ക് അനുകൂല ഘടകമാണ്. എംജിപി, ജിഎഫ്പി തുടങ്ങിയ പ്രാദേശികകക്ഷികളുടെ വോട്ടും ഇവിടെ നിർണായകമാണ്.
ജിഎഫ്പിയും എഎപിയും നിലവിൽ ഇന്ത്യ സഖ്യത്തിന്റെ ഭാഗമാണ്. 2014ലെ തിരഞ്ഞെടുപ്പിൽ വടക്കൻ ഗോവയിൽ ഒരു ലക്ഷത്തിലധികം വോട്ടിനും ദക്ഷിണ ഗോവയിൽ 32,000ൽ ഏറെ വോട്ടിനുമാണ് ബിജെപി സ്ഥാനാർഥികൾ ജയിച്ചത്. 2019ലെ തിരഞ്ഞെടുപ്പിൽ ദക്ഷിണ ഗോവ കോൺഗ്രസ് തിരിച്ചുപിടിച്ചു. കോൺഗ്രസ് സ്ഥാനാർഥിയായ ഫ്രാൻസിസ്കോ സർഡിൻഹോ 2,01,561 വോട്ടുകൾ നേടിയപ്പോൾ ബിജെപി സ്ഥാനാർഥിയും അന്ന് സിറ്റിങ് എംപിയുമായിരുന്ന നരേന്ദ്ര കേശവ് സ്വവേയ്ക്കറിനു ലഭിച്ചത് 1,91,806 വോട്ടുകളാണ്.
കോൺഗ്രസ് കോട്ട പിടിക്കാൻ പല്ലവി
കോൺഗ്രസിന്റെ ഉരുക്കുകോട്ടയായ ദക്ഷിണ ഗോവ പിടിക്കാൻ ബിജെപി ഇത്തവണ ഇറക്കുന്നത് ഒരു വനിത സ്ഥാനാർഥിയെയാണ് – പല്ലവി ഡെംപോ. ഗോവയുടെ ലോക്സഭ തിരഞ്ഞെടുപ്പിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു വനിത സ്ഥാനാർഥി മത്സരരംഗത്തേക്ക് എത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്. സംരംഭകയും വിദ്യാഭ്യാസ വിചക്ഷണയുമായ 49കാരിയായ പല്ലവി, റിയൽ എസ്റ്റേറ്റ് മുതൽ കപ്പൽ നിർമാണത്തിലേക്കു വരെ വ്യാപിച്ചു കിടക്കുന്ന ഡെംപോ ഗ്രൂപ് ചെയർമാൻ ശ്രീനിവാസ് ഡെംപോയുടെ ഭാര്യയും ഡെംപോ ഇന്‍ഡസ്ട്രീസിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറുമാണ്. കത്തോലിക്കാ വിഭാഗത്തിനു ഭൂരിപക്ഷമുള്ള ദക്ഷിണ ഗോവയിൽ അവരുടെ വോട്ട് ലക്ഷ്യമിട്ടാണു പല്ലവിയെ ഇറക്കിയിരിക്കുന്നത്.
ബിജെപിയെ കടത്തിവെട്ടുന്ന ‘സർപ്രൈസ്’ നീക്കമാണ് കോൺഗ്രസ് ദക്ഷിണ ഗോവയിൽ നടത്തിയത്. നാലു തവണ എംപിയും സിറ്റിങ് എംപിയുമായ ഫ്രാൻസിസ്കോ സർഡിൻഹോയെ മാറ്റി മുൻ നാവികസേന ഉദ്യോഗസ്ഥനായ ക്യാപ്റ്റൻ വിരിയാറ്റോ ഫെർണാണ്ടസിനു സീറ്റു നൽകി. വടക്കൻ ഗോവയിൽ അഞ്ചു തവണ എംപിയായ ഷിർപാദ് നായിക്കിനെ ബിജെപി പുനർനാമകരണം ചെയ്തപ്പോൾ മുൻ കേന്ദ്രമന്ത്രി രമാകാന്ത് ഖാലപിനെയാണു കോൺഗ്രസ് കളത്തിലിറക്കിയത്. കോൺഗ്രസിനും ബിജെപിക്കും ഭീഷണിയായി ആർജെപിയും ഗോവയിൽ കളം പിടിക്കാനായി രംഗത്തുണ്ട്. രണ്ടു മണ്ഡലങ്ങളും ആർജെപി സ്ഥാനാർഥികളെ ഇറക്കിയിട്ടുണ്ട്. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കളത്തിലിറങ്ങിയ ആർജെപി 9.5 ശതമാനത്തിധികം വോട്ട് നേടിയിരുന്നു.