200 സ്ത്രീകൾ, 3000 അശ്ലീല ക്ലിപ്പുകൾ, പ്രജ്വലിന്റെ പീഡനപരമ്പര: കുരുങ്ങി ജെഡിഎസും ബിജെപിയും
Mail This Article
ബെംഗളൂരു ∙ പല തവണ കന്നഡ നാടിന്റെ അധികാരക്കസേരയിൽ എത്തിയിട്ടുള്ള ജനതാദൾ എസും അതിനെ നിയന്ത്രിക്കുന്ന ദേവെഗൗഡ കുടുംബവും ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളികളിലൂടെയാണു കടന്നുപോകുന്നത്. രണ്ടാം ഘട്ടത്തിലെ 14 മണ്ഡലങ്ങളിലെ പ്രചാരണത്തിനു നേതൃത്വം നൽകുന്ന സഖ്യകക്ഷിയായ ബിജെപിയെയും വിവാദങ്ങൾ വേട്ടയാടുന്നു.
ലൈംഗിക ദൃശ്യങ്ങൾ പ്രചരിച്ചതിനു പിന്നിൽ ഹാസനിലെ ബിജെപി നേതാവ് ദേവരാജ ഗൗഡയാണെന്ന വെളിപ്പെടുത്തലും ഗൗഡ ഇതു സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടും പ്രജ്വലിന്റെ സ്ഥാനാർഥിത്വത്തെ എതിർക്കാത്തതും ബിജെപിയെ പ്രതിരോധത്തിലാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ പ്രജ്വലിനായി പ്രചാരണത്തിന് എത്തിയത് ചൂണ്ടിക്കാട്ടി ബിജെപി ദേശീയ നേതൃത്വത്തെ കടന്നാക്രമിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. അങ്ങനെ ഹാസനിലെ പെൻഡ്രൈവുകൾ തുറന്നു വിട്ട അശ്ലീല വിഡിയോ വിവാദം കർണാടക രാഷ്ട്രീയത്തിന്റെ ഗതി തന്നെ മാറ്റിയിരിക്കുകയാണ്.
ദേശീയ അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി.ദേവെഗൗഡയുടെ കൊച്ചുമകനും പാർട്ടിയുടെ ഏക എംപിയുമായ പ്രജ്വൽ രേവണ്ണ, മൂവായിരത്തോളം അശ്ലീല വിഡിയോകൾ പുറത്തു വന്നതോടെ നാടുവിട്ടു. പിന്നാലെയാണ് ലൈംഗികമായി പീഡിപ്പിച്ചെന്നു 2 സ്ത്രീകളുടെ പരാതിയിൽ കേസ് വന്നത്. അശ്ലീല വിഡിയോയിൽ ഉൾപ്പെട്ട വീട്ടമ്മയെ തെളിവു നശിപ്പിക്കാനായി തട്ടിക്കൊണ്ടുപോയ കേസിൽ പ്രജ്വലിന്റെ പിതാവും എംഎൽഎയുമായ എച്ച്.ഡി.രേവണ്ണയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. വീട്ടുജോലിക്കാരി നൽകിയ ലൈംഗിക പീഡനകേസിൽ ഒന്നാംപ്രതിയാണ് രേവണ്ണ.
പ്രജ്വലിനെ പൂട്ടി അശ്ലീല ക്ലിപ്പുകൾ
ഹാസൻ ഉൾപ്പെടെ സംസ്ഥാനത്തെ 14 സീറ്റുകളിലേക്കുള്ള ആദ്യഘട്ട തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് നടക്കുന്നതിന‌് ഏതാനും ദിവസങ്ങൾക്കു മുൻപാണ് എൻഡിഎ സ്ഥാനാർഥിയായ പ്രജ്വലിന്റെ മൂവായിരത്തോളം അശ്ലീല വിഡിയോകൾ മണ്ഡലത്തിൽ പ്രചരിക്കുന്നത്. വിഡിയോകൾ ഉൾപ്പെടുന്ന പെൻഡ്രൈവുകൾ മണ്ഡലത്തിലെ പാർക്കുകൾ, ബസ് സ്റ്റോപ്പുകൾ, സ്റ്റേഡിയം എന്നിവിടങ്ങളിൽ ഉൾപ്പെടെ അജ്ഞാതർ വിതറുകയായിരുന്നു. ഇരുന്നൂറോളം സ്ത്രീകളുടെ ദൃശ്യങ്ങൾ പ്രജ്വൽ തന്നെ റെക്കോർഡ് ചെയ്തതാണെന്നും പ്രചാരണമുണ്ടായി.
ദൃശ്യങ്ങളിൽ ഉൾപ്പെട്ട മുൻ വീട്ടുജോലിക്കാരി പ്രജ്വലിനും പിതാവ് രേവണ്ണയ്ക്കും എതിരെ പരാതിയുമായി രംഗത്തെത്തി. കേസ് അന്വേഷിക്കാൻ സിദ്ധരാമയ്യ സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. കാര്യങ്ങൾ പന്തിയല്ലെന്നു മനസ്സിലായ പ്രജ്വൽ 26ന് വോട്ടെടുപ്പ് കഴിഞ്ഞതോടെ രാത്രിതന്നെ ജർമനിയിലേക്കു കടന്നു. പ്രജ്വൽ നിരന്തരം പീഡിപ്പിച്ചെന്നു ദൾ വനിത നേതാവും അന്വേഷണ സംഘത്തിനു പരാതി നൽകി.
ഭർത്താവിനെ കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി തോക്കിൻമുനമ്പിൽ നിർത്തിയായിരുന്നു പീഡനമെന്നായിരുന്നു വെളിപ്പെടുത്തൽ. 2 തവണ ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയിട്ടും പ്രജ്വൽ ജർമനിയിൽനിന്നു മടങ്ങാൻ തയാറാകാത്ത സാഹചര്യത്തിൽ അറസ്റ്റിനായി രാജ്യാന്തര കുറ്റാന്വേഷണ ഏജൻസിയായ ഇന്റർപോളിന്റെ സഹായം തേടാൻ ഒരുങ്ങുകയാണ് അന്വേഷണ സംഘം.
കലങ്ങി മറിഞ്ഞ് ദൾ
വിവാദങ്ങളുണ്ടായതിനു പിന്നാലെ പ്രജ്വലിനെ സസ്പെൻഡ് ചെയ്തു മുഖം രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലാണു വിവാദങ്ങൾ ദളിനെ എത്തിച്ചിരിക്കുന്നത്. വികസന ആവശ്യങ്ങൾക്കായി സമീപിച്ച മുൻ ജില്ലാ പഞ്ചായത്ത് അംഗമായ പാർട്ടിയിലെ വനിത നേതാവിനെ പ്രജ്വൽ പീഡിപ്പിച്ചത് ഉൾപ്പെടെ ആരോപണങ്ങൾ പാർട്ടിയെ ഞെട്ടിച്ചിട്ടുണ്ട്. പ്രജ്വലിന്റെ ലൈംഗികാതിക്രമങ്ങളുടെ ഇരകളിൽ പാർട്ടിയുടെ വനിത നേതാക്കളും അനുഭാവികളും ഉൾപ്പെടുന്നതും ദളിൽ കലാപത്തിനു കാരണമായി. 2 എംഎൽഎമാർ പരസ്യമായി രംഗത്തെത്തിയതോടെയാണ് പ്രജ്വലിനെ സസ്പെൻഡ് ചെയ്യാൻ ദൾ നേതൃത്വം നിർബന്ധിതരായത്.
പ്രജ്വലിനെ പൂർണമായും തള്ളിപ്പറഞ്ഞ പിതൃസഹോദരൻ കൂടിയായ മുൻ കർണാടക മുഖ്യമന്ത്രിയും പാർട്ടി സംസ്ഥാന അധ്യക്ഷനുമായ എച്ച്.ഡി.കുമാരസ്വാമി, ദേവെഗൗഡ കുടുംബത്തെ വിവാദത്തിലേക്കു വലിച്ചിഴയ്ക്കരുതെന്ന് അപേക്ഷിച്ചിരുന്നു. എന്നാൽ ആരോപണങ്ങൾ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന വാദവുമായി പ്രജ്വലിന്റെ സഹോദരനും ദൾ എംഎൽസിയുമായ സൂരജ് രേവണ്ണ രംഗത്തെത്തിയതോടെ കുടുംബത്തിനുള്ളിലെ അഭിപ്രായ വ്യത്യാസം മറനീക്കി പുറത്തുവന്നു.
2023ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസ് തേരോട്ടത്തിൽ തകർന്നടിഞ്ഞ ദൾ രാഷ്ട്രീയ നിലനിൽപ്പിന്റെ ഭാഗമായാണു ബിജെപിയുമായി കൈകോർത്തത്. എന്നാൽ വിവാദം സഖ്യത്തിന്റെ ഭാവിയെ തന്നെ ബാധിക്കുന്നതാണ്. ദളിനെ എൻഡിഎയിൽനിന്നു പുറത്താക്കണമെന്ന ആവശ്യവുമായി മുൻ എംപി എൽ.ആർ.ശിവരാമെ ഗൗഡ ഉൾപ്പെടെ ബിജെപിയിലെ ഒരു സംഘം നേതാക്കൾ മുന്നോട്ടു വന്നതും വരും ദിവസങ്ങളിൽ ചർച്ചയാകും.
തള്ളാനും കൊള്ളാനും വയ്യാതെ ബിജെപി
വടക്കൻ കർണാടകയിലെ 14 മണ്ഡലങ്ങളിൽ 7ന് വോട്ടെടുപ്പ് നടക്കാനിരിക്കെ പ്രജ്വലിനെയും രേവണ്ണയെയും തള്ളാനോ കൊള്ളാനോ കഴിയാത്ത അവസ്ഥയിലാണ് ബിജെപി. മേയ് 7ന് വോട്ടെടുപ്പ് നടക്കുന്ന 14 മണ്ഡലങ്ങളിൽ ഒന്നിലും ദളിനു സ്ഥാനാർഥികളില്ലാത്തത് ബിജെപിക്കു ആശ്വാസം നൽകുന്നു. എന്നാൽ സ്ത്രീ വോട്ടുകൾ എതിരാകാൻ വിവാദങ്ങൾ വഴിവയ്ക്കുമെന്ന ആശങ്കയും ബിജെപിക്കുണ്ട്. അതിനാൽ പ്രചരണവേദികളിൽ വിഷയം പരാമർശിക്കാതിരിക്കാൻ നേതാക്കൾ പ്രത്യേകം ശ്രദ്ധിക്കുന്നു. ഹുബ്ബളളിയിൽ പ്രണയം നിരസിച്ച കോളജ് വിദ്യാർഥിനിയെ ജൂനിയർ വിദ്യാർഥി കുത്തി കൊലപ്പെടുത്തിയ സംഭവം ഉൾപ്പെടെ ഉപയോഗിച്ചു സ്ത്രീ സുരക്ഷ ചൂണ്ടിക്കാട്ടി സിദ്ധരാമയ്യ സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയുള്ള പ്രചാരണത്തിൽനിന്നും ബിജെപിക്കു പിന്നോട്ടു പോകേണ്ടിയും വന്നു.
എന്നാൽ ദളിനെ തള്ളിപ്പറയാൻ ബിജെപി തയാറായിട്ടില്ല. നിയമനിർമാണ കൗൺസിലിലേക്കു ജൂണിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിലും സഖ്യം തുടരുമെന്ന് ബിജെപി നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. പ്രജ്വലിനൊപ്പം ഇരുന്നൂറോളം സ്ത്രീകളുടെ വിഡിയോ പുറത്തുവന്നതിൽ 2 പേർ മാത്രമാണ് ഇതുവരെ പരാതി നൽകാൻ തയാറായത്. വരും ദിവസങ്ങളിൽ കൂടുതൽ പരാതികൾക്കു സാധ്യതയുള്ളതിനാൽ പ്രജ്വലിനെതിരായ നിയമക്കുരുക്ക് ഇനിയും മുറുകും. പ്രജ്വലിനെ ഉടൻ അറസ്റ്റ് ചെയ്യാൻ വേണ്ടതെല്ലാം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥർക്കു മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദേശം നൽകി.