‘ബിഹാറിന്റെ ലെനിൻഗ്രാഡ്’ ചുവപ്പണിയുമോ?; ബേഗുസരായിയിൽ പ്രതീക്ഷയോടെ സിപിഐ
Mail This Article
പട്ന ∙ ‘ബിഹാറിന്റെ ലെനിൻഗ്രാഡ്’ ചുവപ്പ് അണിയുമോ? കമ്യൂണിസ്റ്റ് ശക്തികേന്ദ്രമായിരുന്ന ബേഗുസരായിയിൽ ഏറെ പ്രതീക്ഷകളോടെയാണ് ഇക്കുറി സിപിഐയുടെ പോരാട്ടം. ബിജെപിയുടെ സിറ്റിങ് എംപിയും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിങ്ങിനെയാണു ബേഗുസരായിയിൽ സിപിഐ സ്ഥാനാർഥി അവധേഷ് കുമാർ റായി നേരിടുന്നത്. ബിഹാറിൽ ഇന്ത്യാസഖ്യം സിപിഐക്കു നൽകിയ ഏക സീറ്റാണ് ബേഗുസരായി.
∙ സഖ്യബലം മുഖ്യം
കനയ്യ കുമാർ കഴിഞ്ഞ തവണ സിപിഐ സ്ഥാനാർഥിയായി മത്സരിച്ചപ്പോഴുള്ളതിനേക്കാൾ അനുകൂല സാഹചര്യമാണു ബേഗുസരായിയിലെന്നു സിപിഐ നേതാവും ഭാരതീയ ഖേത് മസ്ദൂർ യൂണിയൻ (ബികെഎംയു) സംസ്ഥാന സെക്രട്ടറിയുമായ ഡോ.രമാകാന്ത് അകേല പറഞ്ഞു. കഴിഞ്ഞ തവണ ആർജെഡി സ്ഥാനാർഥിയും ബേഗുസരായിയിൽ മത്സരിച്ചിരുന്നു.
ഇത്തവണ ഇന്ത്യാസഖ്യത്തിന്റെ ഭാഗമായതോടെ സിപിഐയുടെ വിജയ സാധ്യതയേറി. ബേഗുസരായി ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന നിയമസഭാ സീറ്റുകളിൽ ഏഴിൽ നാലിലും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയിച്ചത് ഇന്ത്യാസഖ്യ കക്ഷികളാണ്. സിപിഐയുടെ രണ്ടു സീറ്റും ആർജെഡിയുടെ രണ്ടു സീറ്റും. ആർജെഡിയുടെ യാദവ– മുസ്‌ലിം വോട്ടു ബാങ്കിനു യോജിച്ച സ്ഥാനാർഥിയാണു യാദവ സമുദായക്കാരനായ അവധേഷ് കുമാർ റായി. മുൻ എംഎൽഎയായ അവധേഷ് കുമാറിനു മണ്ഡലത്തിൽ സ്വാധീനമേറെയുണ്ടെന്നും രമാകാന്ത് അകേല അവകാശപ്പെട്ടു.
∙ ഗിരിരാജ് അങ്കലാപ്പിൽ
കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ബിജെപി പ്രവർത്തകർ വാഹനം തടഞ്ഞു കരിങ്കൊടി കാട്ടി ‘ഗോ ബാക്ക്’ വിളിച്ച സംഭവം പാർട്ടിക്കു നാണക്കേടായി. കേന്ദ്ര സർക്കാർ പദ്ധതികൾ മണ്ഡലത്തിൽ നടപ്പാക്കുന്നതിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. തീപ്പൊരി പ്രസംഗം മാത്രം പോര, മണ്ഡലവും നോക്കണമെന്നാണു ഗിരിരാജ് വിരുദ്ധരുടെ വാദം.
ബേഗുസരായി സീറ്റ് മോഹിച്ച ജില്ലയിലെ പ്രമുഖ ബിജെപി നേതാവാണു പ്രതിഷേധമിളക്കി വിടുന്നതെന്നും സൂചനയുണ്ട്. ഇടഞ്ഞുനിൽക്കുന്നതു ഗിരിരാജിന്റെ സ്വന്തം ഭൂമിഹാർ സമുദായക്കാരായതിനാൽ പ്രശ്നം ഗുരുതരമാണ്. വിമതരെ അനുനയിപ്പിക്കാൻ ബിജെപി സംസ്ഥാന നേതാക്കൾ കിണഞ്ഞു ശ്രമിക്കുന്നുണ്ട്. ബേഗുസരായിയിൽ വോട്ടെടുപ്പു നടക്കുന്ന 13നു മുൻപ് ഉൾപ്പാർട്ടി പോര് ഒതുക്കി തീർത്തില്ലെങ്കിൽ ഗിരിരാജിന്റെ നില പരുങ്ങലിലാകുമെന്നാണ് ബിജെപിയുടെ ആശങ്ക.