ADVERTISEMENT

കോഴിക്കോട് ∙ സംസ്ഥാനത്ത് സർക്കാർ ആശുപത്രികളും ആരോഗ്യ കേന്ദ്രങ്ങളും മുഖേന നൽകുന്ന ക്ഷയരോഗ മരുന്നിനു കടുത്ത ക്ഷാമം. മിക്ക സ്ഥലങ്ങളിലും മരുന്നു ലഭിക്കാത്ത സ്ഥിതിയാണ്.

സംസ്ഥാനത്ത് ശരാശരി ഓരോ വർഷവും പുതുതായി 20,000 ക്ഷയരോഗികളാണ് ഉണ്ടാവുന്നത്. 6 മാസം മുതൽ 2 വർഷം വരെ നീണ്ടുനിൽക്കുന്ന ചികിത്സയാണ് ഇവർക്ക് നിർദേശിക്കുന്നത്. റിഫാമ്പിസിൻ, ഐസാനിയോ സൈഡ്, പൈറാസിനാമൈഡ്, എത്താംമ്പ്യൂട്ടോൾ എന്നീ 4 മരുന്നുകളും ഒന്നിച്ച് മൾട്ടി ഡ്രഗ് തെറപ്പിയാണ് നൽകുന്നത്. ഇത് മെഡിക്കൽ ഷോപ്പുകളിൽ ലഭ്യമല്ല.

ആദ്യത്തെ 56 ദിവസത്തെ തീവ്ര ഘട്ട ചികിത്സയ്ക്കു ശേഷം 112 ദിവസത്തെ തുടർ ഘട്ടമാണുള്ളത്. ഇതിനു ശേഷം നടത്തുന്ന പരിശോധനയിൽ രോഗം മാറിയില്ലെങ്കിൽ വീണ്ടും മരുന്ന് നൽകണം. തുടർച്ച ഘട്ടത്തിലുള്ള മരുന്നിനാണ് കടുത്ത ക്ഷാമം നേരിട്ടത്. ആരോഗ്യ പ്രവർത്തകരുടെ മേൽനോട്ടത്തിലാണ് മരുന്നു എത്തിച്ചു നൽകുന്നത്. എന്നാൽ ഇപ്പോൾ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും മരുന്നില്ലാതായതോടെ രോഗികളോട് പലയിടത്തും ജില്ലാ ക്ഷയരോഗ ആശുപത്രിയിലെത്താനാണ് നിർദേശിച്ചിരിക്കുന്നത്.

നിലവിൽ അവിടെ നിന്നും രോഗികളുടെ തൂക്കത്തിനനുസരിച്ച് ലൂസ് മെഡിസിൻ നൽകുകയാണ് ചെയ്യുന്നത്. 5 ദിവസത്തേക്കു മാത്രമാണ് ഇങ്ങനെ മരുന്നു നൽകുന്നത്. മരുന്നു മുടങ്ങിയാൽ മരുന്നിനെ പ്രതിരോധിക്കുന്ന മൾട്ടി ഡ്രഗ് റസിസ്റ്റന്റ്സ് (എംഡിആർ) ടിബിയായി മാറും. അങ്ങനെ വരുമ്പോൾ രോഗം മാറാൻ കൂടുതൽ കാലം മരുന്നു കഴിക്കേണ്ടി വരും.

സെൻട്രൽ ടിബി ഡിവിഷനിൽ നിന്നാണ് സംസ്ഥാനത്തേക്കു ക്ഷയ രോഗികൾക്കുള്ള മരുന്നു നൽകിയിരുന്നത്. മരുന്നിന്റെ കുറവ് 3 മാസം മുൻപ് സെൻട്രൽ ടിബി ഡിവിഷൻ സംസ്ഥാനങ്ങളെ അറിയിച്ചതാണ്. ഫണ്ട് ലഭ്യതയുൾപ്പെടെയുള്ള കാര്യങ്ങളിൽ തട്ടി മരുന്നു വാങ്ങുന്നത് നീണ്ടുപോയതാണ് ക്ഷാമം രൂക്ഷമാക്കിയത്. ഇപ്പോൾ നാഷനൽ ഹെൽത്ത് മിഷൻ മുഖേന 51 ലക്ഷം രൂപ ലഭ്യമാക്കി മരുന്നു എത്തിച്ചിട്ടുണ്ടെന്നും അടുത്ത ദിവസം ജില്ലകളിലെത്തിക്കുമെന്നും ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.

English Summary:

Shortage of TB drugs in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com