സുഗന്ധഗിരി മരം മുറി: കൽപ്പറ്റ ഫ്ളയിങ് സ്ക്വാഡ് റേഞ്ച് ഓഫിസർ സജീവിനെ സ്ഥലം മാറ്റി
Mail This Article
കൽപ്പറ്റ∙ സുഗന്ധഗിരി മരം മുറിയുമായി ബന്ധപ്പെട്ട് കൽപ്പറ്റ ഫ്ളയിങ് സ്ക്വാഡ് റേഞ്ച് ഓഫിസർ എം.പി.സജീവിനെ സ്ഥലം മാറ്റി. വടകര, കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി ഡിവിഷനിലേക്കാണ് മാറ്റം. കെ.പി.ജിൽജിത്തിനെ കൽപറ്റ ഫ്ളയിങ് സ്ക്വാഡിലേക്ക് നിയമിച്ചു. ഗ്രേഡ് ഡെപ്യൂട്ടി ബീരാൻ കുട്ടിയെയും സ്ഥലം മാറ്റും. ഇതോടെ അന്വേഷണ റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ട 18 ഉദ്യോഗസ്ഥർക്കുമെതിരെ നടപടി പൂർത്തിയായി.
മരംകൊള്ള നടന്നത് വനംവകുപ്പ് ജീവനക്കാരുടെ ഒത്താശയോടെയെന്ന് വ്യക്തമാക്കി ഡോ.എൽ.ചന്ദ്രശേഖർ ഐഎഫ്എസ് റിപ്പോർട്ട് നൽകിയിരുന്നു. ഡിഎഫ്ഒ ഷജ്ന അടക്കം 18 ഉദ്യോഗസ്ഥർ കൃത്യവിലോപം നടത്തിയെന്നായിരുന്നു കണ്ടെത്തൽ. ‘‘ജീവനും സ്വത്തിനും ഭീഷണിയായ 20 മരം മുറിക്കാനാണ് അനുമതി നൽകിയത്. ഇതിന്റെ മറവിൽ 107 മരങ്ങള്‍ മുറിച്ചുകടത്തി. ഗുരുദാസൻ എന്നയാൾ കരാർ ലംഘനം നടത്തി. സുഗന്ധഗിരിയിൽ നിന്ന് കോഴിക്കോട്ടേക്കും വരദൂരിലേക്കും വൈത്തിരിയിലേക്കും മരം കൊണ്ടുപോയി. ഉദ്യോഗസ്ഥർ അനധികൃതമായി പാസ്സ് നൽകി. പാസ്സിൽ സർക്കാർ മുദ്ര പതിച്ചില്ല. ഡിഎഫ്ഒ ഷജ്ന ഫീൽഡ് പരിശോധന നടത്തിയില്ല. റെയ്ഞ്ച് ഓഫിസർ നീതു ഗുരുതര കൃത്യവിലോപം നടത്തി’’– തുടങ്ങി ഉദ്യോഗസ്ഥരുടെ ഗുരുതര കൃത്യ വിലോപം വ്യക്തമാക്കിയായിരുന്നു റിപ്പോർട്ട്.