രാജ്യത്ത് 61% പിന്നിട്ട് പോളിങ് : ബംഗാളിലും അസമിലും 73 %
Mail This Article
ന്യൂഡൽഹി∙ രാജ്യത്ത് ലോക്സഭാ തിരഞ്ഞെടുപ്പിലെ മൂന്നാംഘട്ട വോട്ടെടുപ്പ് പൂർത്തിയായി. 11 സംസ്ഥാനങ്ങളിലെ 93 സീറ്റുകളിലേക്കാണ് മൂന്നാംഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത്. ഏഴുമണിയോടെ 61 ശതമാനത്തിലധികമായിരുന്നു പോളിങ്. ബംഗാളില്‍ 73 ശതമാനവും അസമിൽ 60 ശതമാനവും മഹാരാഷ്ട്രയിൽ 54 % പോളിങ്ങുമാണ് രേഖപ്പെടുത്തിയത്. പ്രമുഖ നേതാക്കളെല്ലാം രാവിലെതന്നെ ബുത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. ഗുജറാത്തിലെ അഹമ്മദാബാദിലെ നിഷാൻ ഹയർ സെക്കണ്ടറി സ്കൂളിലെത്തി രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ വോട്ട് രേഖപ്പെടുത്തിയിരുന്നു.
രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കേണ്ടിയിരുന്ന മധ്യപ്രദേശിലെ ബേതുൽ മണ്ഡലത്തിലും ഇന്നാണു വോട്ടെടുപ്പ്. സൂറത്തിൽ ബിജെപി സ്ഥാനാർഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിനാൽ അവിടെ വോട്ടെടുപ്പില്ല. ജമ്മു കശ്മീരിലെ അനന്ത്നാഗ്–രജൗരി മണ്ഡലത്തിൽ ഇന്നു നിശ്ചയിച്ചിരുന്ന വോട്ടെടുപ്പ് 25ലേക്കു മാറ്റി. 12 സംസ്ഥാനങ്ങളിലെ 94 സീറ്റുകളിലേക്കായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ വോട്ടെടുപ്പ് പ്രഖ്യാപിച്ചത്.