‘മാറണോ വേണ്ടയോ എന്നു ഹസൻ ചോദിച്ചില്ല; 20 സീറ്റും കിട്ടുമെന്നതിൽ സംശയമുണ്ടായിരുന്നത് മാറി’
Mail This Article
തിരുവനന്തപുരം∙ താൽക്കാലിക കെപിസിസി അധ്യക്ഷ സ്ഥാനം വഹിച്ചിരുന്ന എം.എം.ഹസൻ, തിരഞ്ഞെടുപ്പു കഴിഞ്ഞ ശേഷം താൻ മാറണോ എന്നു ചോദിക്കുക പോലും ചെയ്തില്ലെന്ന് കെപിസിസി അധ്യക്ഷനായി ഇന്ന് വീണ്ടും ചുമതലയേറ്റെടുത്ത കെ.സുധാകരൻ. തന്നോട് ആരും ചോദിക്കാത്തതു കൊണ്ടാണ് ഇത്രയും നാൾ സ്ഥാനമേറ്റെടുക്കാതിരുന്നത്. തിരഞ്ഞെടുപ്പ് പ്രവർത്തനം മോശമല്ലാത്ത രീതിയിൽ ഹസൻ കൊണ്ടുപോയിട്ടുണ്ടെന്നാണ് വിശ്വാസം. രാഹുൽ ഗാന്ധി വയനാട് എംപി സ്ഥാനം രാജിവയ്ക്കില്ല. കണ്ണൂരിലെ മത്സരം കടുപ്പമായിരുന്നില്ലെന്നും കെ.സുധാകരൻ മനോരമ ഓൺലൈനിനു നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.
∙ ഒരു തിരഞ്ഞെടുപ്പ് അങ്കം കഴിഞ്ഞ് എത്രമാത്രം പ്രതീക്ഷയോടെയാണ് കെപിസിസി അധ്യക്ഷസ്ഥാനം വീണ്ടും ഏറ്റെടുക്കുന്നത്
ഞാൻ എന്നും ആത്മവിശ്വാസമുള്ള രാഷ്ട്രീയക്കാരനാണ്. തിരഞ്ഞെടുപ്പിനു മുൻപു തന്നെ വിശദമായ പദ്ധതി ഞങ്ങൾ രൂപപ്പെടുത്തിയിരുന്നു. അതനുസരിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഞങ്ങൾ കണക്കുക്കൂട്ടിയ രീതിയിൽ തന്നെയാണ് തിരഞ്ഞെടുപ്പ് മുന്നോട്ടുപോയത്. മോദിയുടെയോ പിണറായിയുടെയോ കൽപനകളോ ജൽപനങ്ങളോ ആരും മുഖവിലയ്ക്കെടുക്കില്ല. ജനങ്ങളുടെ ഹൃദയവുമായി ഒരു ബന്ധവുമില്ലാത്ത സങ്കൽപങ്ങളാണ് കേന്ദ്ര– സംസ്ഥാന സർക്കാരുകളുടേത്. ഇരുപതിൽ ഇരുപത് സീറ്റും കിട്ടുമെന്ന് ഞങ്ങൾ നേരത്തേ പറഞ്ഞിരുന്നു. അതിൽ ഇടയ്ക്ക് ചെറിയൊരു സംശയം വന്നു. ആ സംശയമൊക്കെ പിന്നീട് മാറി.
∙ എവിടെയാണ് അങ്ങനെയൊരു സംശയം വന്നത്?
ആ സംശയം വരാനുള്ള ഒന്നുരണ്ടു രാഷ്ട്രീയ കാരണങ്ങളുണ്ടായി. ഞങ്ങൾ പ്രതീക്ഷിച്ച വോട്ട് കിട്ടില്ലേയെന്നു തോന്നി. ഒന്നുരണ്ടു വിഭാഗങ്ങൾ ഞങ്ങളിൽനിന്ന് അകന്നുപോയോ എന്നൊരു സംശയം മനസ്സിലുണ്ടായിരുന്നു. എന്നാൽ ഞങ്ങളൊക്കെ ഇടപെട്ട് സംസാരിച്ച് അതു ശരിയാക്കി. അവർ പോയിരുന്നെങ്കിൽ വലിയൊരു വിഭാഗം വോട്ട് ഞങ്ങളിൽനിന്നു പോകുമായിരുന്നു. എന്നാൽ അവരെ കൂട്ടിയോജിപ്പിച്ച് ഐക്യത്തോടെ പോകുന്നതിൽ നമ്മൾ വിജയിച്ചു.
∙ തിരഞ്ഞെടുപ്പ് കഴിഞ്ഞ് കെപിസിസി അധ്യക്ഷ പദവി ഏറ്റെടുക്കാൻ വൈകിയത് എന്തുകൊണ്ടാണ്?
അധ്യക്ഷ പദവി എനിക്ക് ഇന്നലെ വീണുകിട്ടിയതല്ല. എനിക്ക് ഇത് കിട്ടിയിട്ട് കാലം കുറേയായി. അത് വേണ്ടെങ്കിൽ രാജിവയ്ക്കാം. വേണമെങ്കിൽ തുടരാം. അങ്ങനെയൊരു രാഷ്ട്രീയ സാഹചര്യത്തിൽ നിൽക്കുന്ന അധ്യക്ഷനാണ് ഞാൻ. സ്ഥാനാർഥി ആയതുകൊണ്ട് മാത്രമാണ് പ്രസിഡന്റ് പദവിയിലൊരു വ്യതിചലനമുണ്ടായത്. അങ്ങനെയാണ് ആ പദവി ഹസനെ ഏൽപിക്കാൻ തീരുമാനിച്ചത്. തിരഞ്ഞെടുപ്പു കഴിഞ്ഞാൽ, ‘ഞാൻ മാറണോ വേണ്ടയോ’ എന്ന് ഹസൻ എന്നോട് ചോദിക്കുകയെങ്കിലും ചെയ്യണം. ആ ചോദ്യം പോലും അദ്ദേഹത്തിൽനിന്ന് ഉണ്ടായില്ല. എനിക്ക് അതിൽ ഒരു പരാതിയുമില്ല. ഹസൻ ആ പദവിക്ക് അർഹതപ്പെട്ടയാളാണെന്നതിൽ തർക്കമില്ല.
എന്നോട് ആരും ചോദിക്കാത്തതു കൊണ്ട് ഞാൻ സ്ഥാനമേറ്റെടുത്തില്ല എന്നതാണ് സത്യം. ഞാൻ ആരോടും ചോദിക്കാൻ പോയിട്ടില്ല. ഹസനോടോ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനോടോ കെ.സി.വേണുഗോപാലിനോടോ നിങ്ങൾ ചോദിച്ചുനോക്ക്. പദവി വീണ്ടും ഞാൻ ആവശ്യപ്പെട്ടില്ലെന്നു മാത്രമേ അവർ പറയൂ. ആ പദവി വേണമെന്ന് എനിക്ക് പിടിവാശിയില്ലായിരുന്നു. നല്ലൊരു നേതൃത്വം ഇന്ന് കേരളത്തിലെ കോൺഗ്രസിനുണ്ട്. അത് ഐക്യപ്പെട്ടു പോയാൽ കേരളത്തിലെ കോൺഗ്രസിനു ചരിത്രം രചിക്കാൻ സാധിക്കും.
∙ ഹസന്റെ നേതൃത്വത്തിലുള്ള തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിജയകരമായിരുന്നോ?
വലിയ പോരായ്മകളൊന്നും ഉണ്ടായിരുന്നില്ല. സാധാരണഗതിയിലുള്ള രാഷ്ട്രീയ പ്രവർത്തനമൊക്കെ മുന്നോട്ടു കൊണ്ടുപോയിട്ടുണ്ട്. എല്ലാം അങ്ങനെയല്ല. ഏതാണ്ടൊക്കെ മോശമല്ലാത്ത രീതിയിൽ ഹസൻ കൊണ്ടുപോയിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം.
∙ കണ്ണൂരിൽ തളച്ചിടപ്പെട്ടു എന്നൊരു വിഷമം താങ്കൾക്കുണ്ടോ?
അങ്ങനെ വിഷമമുണ്ടായാലും അത് അനിവാര്യമല്ലേ.
∙ കണ്ണൂരിൽ മത്സരം കടുപ്പമായിരുന്നോ?
ഒരു കടുപ്പവുമുണ്ടായിരുന്നില്ല. നല്ല ഭൂരിപക്ഷത്തിൽ ഞങ്ങൾ ജയിക്കും. തിരഞ്ഞെടുപ്പ് കഴിഞ്ഞുള്ള വിലയിരുത്തലിലും എല്ലാം പോസിറ്റീവാണ്.
∙ താങ്കൾ കെപിസിസി അധ്യക്ഷ പദവി ഏറ്റെടുക്കുമ്പോൾ, ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ എന്നൊരു കാലാവധി നിശ്ചയിച്ചിരുന്നു. അതിൽ എന്തെങ്കിലും മാറ്റമുണ്ടോ?
ഒരു മാറ്റവുമുണ്ടാകില്ല. പുതിയ പ്രസിഡന്റിനെപ്പറ്റി ചർച്ചയുടെ ആവശ്യമില്ല. സംഘടനാചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി എന്നെ വിളിച്ച് കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ട്.
∙ ഈ തിരഞ്ഞെടുപ്പിൽ സാമ്പത്തികമായി കോൺഗ്രസ് ബുദ്ധിമുട്ടിയിരുന്നോ?
സാമ്പത്തികമായി ബുദ്ധിമുട്ടിയെങ്കിലും ആ പ്രയാസങ്ങളൊക്കെ ഞങ്ങൾ അതിജീവിച്ചു. പ്രാദേശികമായി പണപ്പിരിവ് നടത്തി. കൊടുക്കേണ്ടവർക്കെല്ലാം കെപിസിസിയും ഡിസിസിയുമൊക്കെ പണം കൊടുത്തിട്ടുണ്ട്. വലിയ പ്രശ്നങ്ങളില്ലാതെ പോയി.
∙ എംപി പദവിയും ഒഴിഞ്ഞ് കെപിസിസി അധ്യക്ഷ പദവി മാത്രം വഹിക്കണം എന്നൊരു ആഗ്രഹമുണ്ടായിരുന്നോ?
അങ്ങനെയൊരു ആഗ്രഹമില്ലായിരുന്നു. മണ്ഡലം ശ്രദ്ധിക്കേണ്ടി വരുമെന്നത് വലിയ കുഴപ്പമായി കരുതുന്നില്ല. കൂടുതൽ ഓടണമെന്നേയുള്ളൂ.
∙ എംപിയെന്ന നിലയിൽ കേന്ദ്രത്തിലെ പ്രതീക്ഷകൾ എന്തൊക്കെയാണ് ?
കേന്ദ്രത്തിൽ ഞങ്ങൾ ജയിച്ചുവരും. പഴയ രാഷ്ട്രീയ കാലാവസ്ഥയല്ല ഉത്തരേന്ത്യയിൽ. അവിടെ രാഷ്ട്രീയമൊക്കെ മാറുകയാണ്. ബിജെപിയുടെ ശക്തി കുറയുകയാണ്. രാഹുൽ ഗാന്ധിയുടെ നേതൃത്വം വലിയൊരു ശതമാനം ആളുകൾ ആഗ്രഹിക്കുന്നുവെന്നാണ് ഞങ്ങൾക്ക് മനസ്സിലായത്. അതുകൊണ്ടാണ് ഉത്തരേന്ത്യയിൽ രാഹുൽ ഗാന്ധിയെ മുന്നിൽനിർത്തി പ്രവർത്തിക്കാൻ ഞങ്ങൾ തീരുമാനിച്ചത്. ഇക്കുറി എന്തായാലും കൂടുതൽ സീറ്റു കിട്ടും.
∙ റായ്ബറേലിയിൽ ജയിച്ചാൽ വയനാട്ടിൽനിന്നു രാഹുൽ ഗാന്ധി രാജിവയ്ക്കുമോയെന്ന ആശങ്ക പലർക്കുമുണ്ട്?
വയനാട് അദ്ദേഹത്തെ സംബന്ധിച്ച് രക്തബന്ധമുള്ള മണ്ഡലമാണ്. ഒരു കാരണവശാലും അദ്ദേഹം വയനാട്ടിൽനിന്നു രാജിവയ്ക്കില്ല.
∙ വീണ്ടും ഒരു തിരഞ്ഞെടുപ്പ് നടന്നാൽ റായ്ബറേലിയെക്കാൾ കോൺഗ്രസിനു കൂടുതൽ വിജയസാധ്യതയുള്ള മണ്ഡലം വയനാടാണല്ലോ. അതുകൊണ്ടാണ് വയനാട്ടിലെ രാജി സംസാരവിഷയമാകുന്നത്.
വയനാട്ടിൽനിന്നു രാജിവയ്ക്കാൻ ഒരു സാധ്യതയുമില്ല. വയനാട്ടിൽനിന്നു താൻ മാറില്ലെന്ന് രാഹുൽ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്.
∙ അടുത്ത വർഷം തദ്ദേശ തിരഞ്ഞെടുപ്പാണ്. അതിനുപിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും വരുന്നുണ്ട്. കോൺഗ്രസ് സജ്ജമാണോ?
ഈ തിരഞ്ഞെടുപ്പിൽ തന്നെ നല്ല രീതിയിൽ ഞങ്ങൾ പ്രവർത്തിച്ചില്ലേ. ഒരു പാളിച്ചയുമില്ലാത്ത പ്രവർത്തനം കോൺഗ്രസ് നടത്തിയിട്ടുണ്ട്. അത് ആവർത്തിക്കും.
∙ പക്ഷേ ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ടൊന്നും നിയമസഭയിലേക്ക് കിട്ടില്ല എന്നൊരു പാഠം കഴിഞ്ഞതവണ ഉണ്ടായല്ലോ
അങ്ങനെ പറയാൻ പറ്റുമോ? ലോക്സഭയിലേക്കുള്ള വോട്ട് നിയമസഭയിലേക്കും വരും. ചില്ലറ വോട്ടൊക്കെ മാറിയെന്നിരിക്കാം. എല്ലാ വോട്ടും മാറില്ല.
∙ നിയമസഭാ തിരഞ്ഞെടുപ്പിൽ താങ്കൾ മത്സരരംഗത്തുണ്ടാകുമോ?
ഞാൻ മത്സരിക്കാനുണ്ടാകില്ല. എനിക്ക് പാർലമെന്റിൽ പോകാനാണ് താൽപര്യം. നിയമസഭാ സ്ഥാനാർഥിയാകാൻ താൽപര്യമില്ല.
∙ അപ്പോൾ മുഖ്യമന്ത്രി സ്ഥാനത്തിനും താൽപര്യമില്ല?
അതൊന്നും നമ്മൾ ഇപ്പോൾ പറയേണ്ടതല്ല. ചർച്ചകളിലൂടെ വരേണ്ട കാര്യങ്ങളാണ്. ആഗ്രഹം പറയുന്നതു പോലെ പറയാനുള്ളതല്ല അതൊക്കെ.