ADVERTISEMENT

തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയന്റെയും കുടുംബത്തിന്റെയും വിദേശയാത്രയെ ചൊല്ലി വിവാദം മുറുകിയതോടെ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സ്വന്തം ചെലവിലാണ് യാത്ര പോയതെന്നും മുഖ്യമന്ത്രിയുടെ ചുമതല ലോകത്ത് എവിടെയിരുന്നും നിര്‍വഹിക്കാമെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. മുഖ്യമന്ത്രി എല്ലാ അനുമതിയും വാങ്ങിയാണ് പോയതെന്നും ആരാണ് അങ്ങനെ ഒരു ഇടവേള ആഗ്രഹിക്കാത്തതെന്നും ഗോവിന്ദൻ ചോദിച്ചു. 

സ്പോണ്‍സര്‍ഷിപ്പ് ആരോപണത്തോട് രോഷത്തോടെ പ്രതികരിച്ച എം.വി.ഗോവിന്ദന്‍. യാത്ര സ്പോണ്‍സര്‍ ചെയ്തതാണോയെന്ന ചോദ്യം തന്നെ ശുദ്ധ അസംബന്ധമാണെന്നും പറഞ്ഞു. സ്വന്തം പണം ഉപയോഗിച്ചാണ് മുഖ്യമന്ത്രിയുടെ യാത്ര. ലോകത്തെവിടെ ഇരുന്നും മുഖ്യമന്ത്രിയുടെ ചുമതല നിര്‍വഹിക്കാവുന്നതുകൊണ്ടാണ് ചുമതല കൈമാറാത്തത്. മറ്റു സംസ്ഥാനങ്ങളില്‍ പോകാനായി സിപിഎം തയാറാക്കിയ താരപ്രചാരകരുടെ പട്ടികയില്‍ മുഖ്യമന്ത്രി ഇല്ലാത്തതുകൊണ്ടാണ് തിരഞ്ഞടുപ്പുകാലം മുഖ്യമന്ത്രി വിനോദയാത്ര കാലമാക്കിയതെന്നും വിശദീകരിച്ചു.

മുഖ്യമന്ത്രി എന്ന നിലയിൽ കേന്ദ്ര സർക്കാരിന്‍റെയും പാർട്ടി അംഗമെന്ന നിലയിൽ പാർട്ടിയുടെയും അനുമതി വാങ്ങിയാണ് വിദേശത്ത് പോയത്. സ്വകാര്യ സന്ദർശനത്തിനാണ് പോയത്. യാത്ര പുതിയ കാര്യമാക്കി ചർച്ച ചെയ്യുന്നത് രാഷ്ട്രീയ വിരോധവും കമ്യൂണിസ്റ്റ് ഇടതുപക്ഷ വിരുദ്ധതയുമാണ്. പെരുമാറ്റചട്ടം നിലനിൽക്കെ നയപരമായ ഒരു കാര്യവും ചെയ്യാനില്ല. തിരക്കിനിടയിൽ കിട്ടിയ അവസരം ഉപയോഗിക്കുന്നതിൽ എന്താണ് തെറ്റ്. വേട്ടയാടാൻ വേണ്ടി മാത്രം മുഖ്യമന്ത്രിയുടെ വിദേശയാത്രയെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ യാത്രയില്‍ സുതാര്യത ഇല്ലാത്തത് പലവിധ സംശയങ്ങള്‍ക്കും ഇടനല്‍കുന്നതായി പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. വിദേശയാത്ര രഹസ്യമാക്കിയത് എന്തിന്, അടിയന്തര തീരുമാനങ്ങളെടുക്കേണ്ട മന്ത്രിസഭായോഗം ചേരാത്തത് എന്തുകൊണ്ട്? മന്ത്രിമാരെ വിശ്വാസമില്ലാത്തതുകൊണ്ടാണോ മുഖ്യമന്ത്രി ചുമതല കൈമാറാത്തത് ? ബിജെപിയെ പേടിച്ചാണോ മറ്റ് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാത്തത് ഇങ്ങനെ ഒരുപിടി ചോദ്യങ്ങളുമായി പ്രതിപക്ഷനേതാവ് വിവാദം ഏറ്റെടുത്തു. വിദേശയാത്രയില്‍ തെറ്റില്ലായെന്ന് വ്യക്തമാക്കുന്ന പ്രതിപക്ഷം അതിന്റെ ഫണ്ടിലും തിരഞ്ഞെടുപ്പുകാലം തിരഞ്ഞെടുത്തതുമാണ് ആയുധമാക്കുന്നത്.

English Summary:

MV Govindan about CM Pinarayi Vijayan's foreign trip with family

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com