ADVERTISEMENT

ന്യൂഡൽഹി∙ കേരളത്തിലെ മുൻ അഡ്വക്കറ്റ് ജനറലും പ്രമുഖ അഭിഭാഷകനുമായിരുന്ന അന്തരിച്ച കെ.പി.ദണ്ഡപാണിക്ക് സുപ്രീം കോടതിയുടെ അപൂർവ അനുസ്മരണം. നിയമപരിജ്ഞാനത്തിന്റെ പര്യായമായി മാറിയ ആളാണ് ദണ്ഡപാണിയെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് സുപ്രീം കോടതിയിൽ ചേർന്ന ഫുൾ കോർട്ട് റഫറൻസിൽ പറഞ്ഞു. തേടിയെത്തിയ എല്ലാവർക്കും അദ്ദേഹം മാർഗദർശനം നൽകി. മികവും വ്യക്തതയും ഉൾച്ചേർന്നയാളായിരുന്നു അദ്ദേഹം.

കോളജ് കാലത്തെ സുഹൃത്തായിരുന്ന സുമതിയുമായി പിന്നീടു വ്യക്തിപരവും തൊഴിൽപരവുമായ ബന്ധം സൃഷ്ടിച്ചു. അവർ ഇരുവരും ചേർന്നു തുടങ്ങിയ ദണ്ഡപാണി അസോസിയേറ്റ്സ് നിയമമേഖലയിലെ എണ്ണം പറഞ്ഞ സ്ഥാപനമായി. ഒരു ദിവസം തന്നെ ഏറ്റവും കൂടുതൽ കമ്പനികേസുകൾ ഫയൽ ചെയ്യുകയും തീർപ്പാക്കുകയും ചെയ്തതിന്റെ റെക്കോർഡും ദണ്ഡപാണിയുടെ പേരിലാണ്. വാദിക്കുന്നതിന്റെ രസം പിടിച്ച് ജഡ്ജി പദവി വേണ്ടെന്നു വച്ച അദ്ദേഹം പിന്നീട് അഡ്വക്കറ്റ് ജനറലായെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. 

ഹൈക്കോടതിയിൽ അഡ്വക്കറ്റ്സ് അസോസിയേഷൻ പ്രസിഡന്റായിരിക്കെ അദ്ദേഹമാണ് കോടതിയിൽ പരിഗണിക്കുന്ന കേസുകളുടെ സ്ഥിതി മനസ്സിലാക്കാൻ സഹായിക്കുന്ന ഡിസ്പ്ലേ ബോർഡ് എന്ന ആശയത്തിനു തുടക്കമിട്ടത്. കോടതിമുറികളിൽ ധൃതിപിടിച്ച് ഓടിയിരുന്ന അഭിഭാഷകർക്ക് പിന്നീടതു വലിയ അനുഗ്രഹമായെന്നും ചീഫ് ജസ്റ്റിസ് ഓർമിച്ചു. കേരള ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകയായ സുമതി ദണ്ഡപാണി ഉൾപ്പെടെ കുടുംബാംഗങ്ങളും സുപ്രീം കോടതിയിൽ ഹാജരായിരുന്നു. 

ദണ്ഡപാണിക്കു പുറമേ, പ്രമുഖ അഭിഭാഷകരായിരുന്ന ആർ.ഡി.അഗർവാല, ഡി.കെ.അഗർവാൾ, ദഗ്‌വാൻ ദത്ത എന്നിവരുടെ സംഭാവനകളും ഫുൾകോർട്ട് റഫറൻസിൽ ചീഫ് ജസ്റ്റിസ് അനുസ്മരിച്ചു. അഭിഭാഷക ജോലിയെ അവർ കടന്നുവന്ന കാലത്തേക്കാൾ കൂടുതൽ കരുത്തുള്ളതാക്കിയാണ് 4 പേരും കടന്നുപോയതെന്ന് അദ്ദേഹം പറഞ്ഞു. അഡ്വക്കറ്റ് ജനറൽ എന്ന നിലയിൽ തികഞ്ഞ ധൈര്യവും ബോധ്യവുമുള്ളയാളായിരുന്നു ദണ്ഡപാണിയെന്ന് അറ്റോർണി ജനറൽ ആർ.വെങ്കിട്ടരമണി പറഞ്ഞു. സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് ആദിഷ് ആഗർവാലയും പ്രസംഗിച്ചു.

English Summary:

Supreme Court remembers Dandapani

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com