ഇന്ത്യയിൽ രാഷ്ട്രീയ അസന്തുലിതാവസ്ഥ സൃഷ്ടിക്കാൻ യുഎസ് ശ്രമം: ആരോപണവുമായി റഷ്യ
Mail This Article
മോസ്കോ ∙ ഇന്ത്യയിലെ പൊതു തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ യുഎസ് ശ്രമിക്കുന്നെന്നു റഷ്യ. ഇന്ത്യയിൽ മതസ്വാതന്ത്ര്യ ലംഘനമുണ്ടായെന്ന തരത്തിൽ യുഎസ് ഫെഡറൽ കമ്മിഷൻ റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പരാമർശം. ഇന്ത്യയെക്കുറിച്ച് അറിയാതെയാണ് മതസ്വാതന്ത്ര്യത്തെ കുറിച്ച് യുഎസ് അനാവശ്യമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് മരിയ സഖറോവ അറിയിച്ചു.
ഇന്ത്യയിലെ പൊതുതിരഞ്ഞെടുപ്പിനെയും ആഭ്യന്തര രാഷ്ട്രീയ സാഹചര്യത്തെയും അസന്തുലിതമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ പ്രസ്താവനയെന്നും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുകയാണ് യുഎസ് ചെയ്തതെന്നും റഷ്യ ആരോപിച്ചു.
യുഎസ് സ്റ്റേറ്റ് കമ്മിഷൻ ഓൺ ഇന്റർനാഷനൽ റിലീജിയസ് ഫ്രീഡം പ്രസിദ്ധീകരിച്ച വാർഷിക റിപ്പോർട്ടിൽ ഇന്ത്യയുടെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് വിമർശനങ്ങളുണ്ടായിരുന്നു. അതിനത്തുടർന്നാണ് റഷ്യയുടെ പ്രസ്താവന. യുഎസ് റിപ്പോർട്ടിനെതിരെ ഇന്ത്യയും രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചിരുന്നു.