എയർ ഇന്ത്യ എക്സ്പ്രസ് സമരം: മറ്റു കമ്പനികൾ ടിക്കറ്റ് നിരക്ക് വൻതോതിൽ വർധിപ്പിച്ചതായി ട്രാവൽ ഏജന്റുമാർ
Mail This Article
കൊച്ചി ∙ എയർ ഇന്ത്യ എക്സ്പ്രസിലെ ഒരു വിഭാഗം കാബിൻ ക്രൂ അപ്രതീക്ഷിതമായി പണിമുടക്കിയത് ട്രാവൽ, ടൂറിസം ഏജന്‍സികളേയും ബാധിച്ചു. വലിയ തോതിൽ സാമ്പത്തിക നഷ്ടം നേരിട്ടവരും ഇക്കൂട്ടത്തിലുണ്ട്. സമരം പിൻവലിക്കുമെന്ന വാർത്ത പുറത്തുവന്നത് ഇവർക്ക് വലിയ ആശ്വാസമായി. ഗൾഫ് മേഖലയിലേക്ക് ടിക്കറ്റ് എടുത്തവരെയാണ് ഈ പ്രതിസന്ധി കൂടുതല്‍ ബാധിക്കുന്നതെന്ന് ട്രാവൽ ഏജന്റുമാർ പറയുന്നു. ഈ മേഖലയിലേക്കുള്ള വിമാന സര്‍വീസുകളിൽ ഏറ്റവും കുറവ് ടിക്കറ്റ് നിരക്ക് പലപ്പോഴും എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, വിസ്താര തുടങ്ങിയ ടാറ്റയുടെ ഉടമസ്ഥതയിലുള്ളവയ്ക്കാണ്. ഇങ്ങനെ ടിക്കറ്റ് എടുത്തവരാണ് പ്രതിസന്ധിയിലായത്.
‘‘ഒരിക്കൽ ടിക്കറ്റ് എടുത്തു കഴിഞ്ഞാൽ യാത്രക്കാർ പിന്നെ നമ്മളെയാണ് ആശ്രയിക്കുന്നത്. പലപ്പോഴും റീഷെഡ്യൂളിങ് നടത്തി ടിക്കറ്റ് എടുത്തു കൊടുക്കേണ്ടി വരുന്നുണ്ട്. ഇപ്പോഴത്തെ പ്രതിസന്ധിയും സമാനമായ വിധത്തിലാണ് ബാധിച്ചത്. ട്രാവൽ ഏജന്റുമാർക്ക് ലഭിക്കുന്നത് ചെറിയൊരു കമ്മിഷൻ മാത്രമാണ്. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ അതും നഷ്ടപ്പെടും. ഈ ദിവസങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ വരുന്നവര്‍ തന്നെ എയർ ഇന്ത്യ എക്സ്പ്രസിൽ വേണ്ട എന്നു പറയുന്നുണ്ട്. ഒരാഴ്ചയെങ്കിലും കഴിഞ്ഞു മാത്രമേ ഇനി എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനങ്ങളിൽ ടിക്കറ്റ് ബുക്കിങ് വരാൻ സാധ്യതയുള്ളൂ.’’ – കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന റിബൽസ് ഹോളിഡേയ്സ് ഉടമ സലിൽ പറയുന്നു.
ട്രാവല്‍ ഏജൻസികളും പലപ്പോഴും എയർ ഇന്ത്യ വിമാനങ്ങളിൽ ടിക്കറ്റ് ബുക് ചെയ്യിക്കാനാണ് താൽപര്യപ്പെടുന്നതെന്ന് ആലുവ കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു ട്രാവൽ ഏജന്റ് പറയുന്നു. മറ്റു വിമാനക്കമ്പനികളേക്കാൾ ടിക്കറ്റിനുള്ള കമ്മിഷൻ നിരക്ക് ടാറ്റയുടെ ഉടമസ്ഥതയിലുള്ള വിമാനങ്ങളിൽ കൂടുതലാണ്. ഉദാഹരണത്തിന് മറ്റു വിമാനക്കമ്പനികളിൽ 200 രൂപയാണ് കമ്മിഷൻ ലഭിക്കുന്നതെങ്കിൽ എയർ ഇന്ത്യയുടെ ടിക്കറ്റിന് 300 രൂപ ലഭിക്കും. ടാറ്റയുടെ വിമാനങ്ങളിൽ ടിക്കറ്റ് നിരക്ക് കുറവാണെന്നതും പ്രധാന ഘടകമാണെന്ന് അദ്ദേഹം പറയുന്നു.
എയർ ഇന്ത്യ എക്സ്‌പ്രസിന് ഇത്തരമൊരു പ്രതിസന്ധി നേരിടേണ്ടി വന്നത് വ്യോമഗതാഗത ബിസിനസിനു തന്നെ തിരിച്ചടിയാണെന്ന് സലിൽ പറയുന്നു. പുതിയ സെക്ടറുകൾ തുറക്കുകയും കൂടുതൽ വിമാനങ്ങൾ സർവീസ് തുടങ്ങുകയും ചെയ്തുകൊണ്ടിരിക്കെയാണ് ഈ പ്രതിസന്ധി വന്നിരിക്കുന്നത്. പുതിയ മേഖലകളിലേക്ക് സര്‍വീസ് തുടങ്ങുന്നതും മറ്റും ട്രാവൽ ഏജൻസികള്‍ക്കും ഗുണകരമായ കാര്യമാണ്. ആ സാഹചര്യത്തിൽ ഇത്തരം പ്രതിസന്ധി നല്ലതെന്നും സലിൽ ചൂണ്ടിക്കാട്ടുന്നു.
‘‘ബോർഡിങ്ങിന്റെ സമയത്താണ് കാബിൻ ക്രൂ ഇല്ലാത്തതിനാൽ വിമാനം റദ്ദാക്കിയതായി അറിയിക്കുന്നത്. ഇതുണ്ടാക്കുന്ന ബുദ്ധിമുട്ട് വളരെ വലുതാണ്. നേരത്തെ അറിയിച്ചിരുന്നെങ്കിൽ ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതു പോലുള്ള പരിഹാരങ്ങൾ കണ്ടെത്താം. രാത്രിയിലും മറ്റുമാണ് ഇത് സംഭവിക്കുന്നത് എന്ന് ഓർക്കണം. പലരും അത്യാവശ്യങ്ങൾക്ക് യാത്ര ചെയ്യുന്നവരാണ്. അപ്പോള്‍ ട്രാവൽ ഏജൻസികളാണ് ടിക്കറ്റ് റീഷെഡ്യൂളിങ് നടത്തി എന്തെങ്കിലും പരിഹാരമുണ്ടാക്കാൻ ശ്രമിക്കുന്നത്. അതുകൊണ്ട് ഇത് യാത്രക്കാരെ മാത്രമല്ല ബാധിക്കുന്നത്.’’– അൽ ഹിന്ദ് ഹോളിഡേയ്സ് റീജനൽ ഡയറക്ടർ അജ്മൽ പറഞ്ഞു.
ഇത്തരം പ്രതിസന്ധി ഉണ്ടാകുമ്പോൾ മറ്റു കമ്പനികൾ ടിക്കറ്റ് നിരക്ക് വൻതോതിൽ വർധിപ്പിക്കുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കോഴിക്കോട്ടുനിന്ന് ജിദ്ദയിലേക്കുള്ള ടിക്കറ്റിന് ഇന്ന് 64,000 രൂപയായിരുന്നു നിരക്കെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.