കൊടകര കുഴല്‍പ്പണ കേസിൽ വിശദ അന്വേഷണം വേണമെന്ന് എഎപി ഹർജി; തള്ളണമെന്ന് ഇ.ഡി
Mail This Article
കൊച്ചി ∙ കൊടകര കുഴല്‍പ്പണ കേസിൽ വിശദ അന്വേഷണം ആവശ്യപ്പെട്ട ആം ആദ്മി പാര്‍ട്ടിയുടെ ഹർജി തള്ളണമെന്ന ആവശ്യവുമായി ഇ.ഡി ഹൈക്കോടതിയിൽ. കള്ളപ്പണത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് നേരത്തെ കോടതിയിൽ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തിൽ ഇ.ഡി അറിയിച്ചിരുന്നു. കേസിൽ ഇസിഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്. നിരവധി പേരുടെ മൊഴി ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇ.ഡി അറിയിച്ചു. ഹർജിയിൽ കോടതി പിന്നീട് വിധി പറയും.
അതേസമയം, 2021ൽ തന്നെ കേസിൽ ഇ.ഡി പ്രാഥമികാന്വേഷണം നടത്തിയിട്ടും ഇസിഐആർ റജിസ്റ്റർ ചെയ്തത് 2023ൽ മാത്രമാണെന്ന് ഹർജിക്കാരനായ ആം ആദ്മി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വിൽസനു വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. പൊലീസിന്റെ അന്തിമ റിപ്പോർട്ടിൽ ഇതിൽ ഉൾപ്പെട്ട പ്രമുഖ വ്യക്തികളെക്കുറിച്ച് പറയുന്നുണ്ട്. എന്നിട്ടും അന്വേഷണം നടക്കുന്നില്ലെന്നും അദ്ദേഹം വാദിച്ചു. എന്നാൽ 2021ല്‍ പ്രാഥമികാന്വേഷണം നടത്തിയ ശേഷമാണ് കേസിൽ ഇസിഐആർ റജിസ്റ്റർ ചെയ്യുന്നത്. അതുകൊണ്ടാണ് 2023 വരെ സമയമെടുത്തത് എന്ന് ഇ.ഡിയും വ്യക്തമാക്കി.
ഇതിനിടെ, കേസിൽ ഇടപെടുന്നത് സംബന്ധിച്ച് ഇ.ഡിക്ക് പരിമിതിയുണ്ടോ എന്ന കാര്യത്തിൽ കോടതി തന്നെ സംശയം പ്രകടിപ്പിച്ചു. ഇ.ഡി ഒരു സൂപ്പർ സിബിഐ ഒന്നുമല്ല. അവർ അന്വേഷണം നടത്തുന്നത് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ), ഫെമ എന്നിവയുടെ അടിസ്ഥാനത്തിലാണ്. കുറ്റകരമായ മാർഗത്തിലൂടെ ഉണ്ടാക്കിയ പണം സർക്കാരിലേക്ക് കണ്ടുകെട്ടുക എന്നതാണ് പിഎംഎൽഎയിലൂടെ അവർ ചെയ്യുന്നത്. എന്നാൽ കൊള്ളയടിക്കൽ കുറ്റത്തിനാണ് ഈ കേസിൽ കൊടകര പൊലീസ് റജിസ്റ്റർ എഫ്ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും ജസ്റ്റിസുമാരായ പി.ഗോപിനാഥ്, വി.എം. ശ്യാംകുമാർ എന്നിവരുടെ ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു.
പൊതുതാൽപര്യ ഹർജി നല്‍കിയതിന്റെ ഉദ്ദേശ്യശുദ്ധിയും ഇ.ഡി ചോദ്യം ചെയ്തു. ഈ വിഷയത്തിൽ പൊതുതാൽപര്യമില്ല. രാഷ്ട്രീയ താൽപര്യങ്ങളും ഗൂഡലക്ഷ്യങ്ങളും മുൻനിർത്തിയാണ് ഹർജി നൽകിയിരിക്കുന്നത്. ഇത്തരം കുറ്റകൃത്യങ്ങളിൽ പണത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനും മറ്റും കർശനമായ അന്വേഷണം ആവശ്യമാണ്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് മൂന്നര കോടി രൂപ കർണാടകത്തില്‍നിന്ന് ബിജെപിക്കു വേണ്ടി കേരളത്തില്‍ എത്തിയെന്നും എന്നാൽ ഇതുവരെയായിട്ടും കാര്യമായ നടപടികളൊന്നും കേസിൽ ഉണ്ടായിട്ടില്ലെന്നും ആരോപിച്ചാണ് കോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിക്കപ്പെട്ടത്.
കാറിൽ കൊണ്ടുവരികയായിരുന്ന 25 ലക്ഷം രൂപ 2021 ഏപ്രില്‍ 3ന് തൃശൂര്‍ ജില്ലയിലെ കൊടകരയിൽ വച്ച് കൊള്ളയടിക്കപ്പെട്ടതാണ് സംഭവം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രൻ ഉള്‍പ്പെടെ ഒട്ടേറെ ആർഎസ്എസ്, ബിജെപി നേതാക്കളെ കേസുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ ഈ പണവുമായി ബിജെപിക്ക് ബന്ധമില്ലെന്ന നിലപാടാണ് സുരേന്ദ്രന്റേത്. കേസിൽ സുരേന്ദ്രനെ സാക്ഷിയായി ഉള്‍പ്പെടുത്തിയത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്നാണ് കോൺഗ്രസ് ആരോപണം.