ADVERTISEMENT

ന്യൂഡൽഹി∙ 28,000ൽ പരം മൊബൈൽ ഫോണുകൾ ബ്ലോക്ക് ചെയ്യാനും 20 ലക്ഷത്തിലധികം കണക്‌ഷനുകൾ പുനഃപരിശോധിക്കാനും ടെലികോം കമ്പനികൾക്ക് കേന്ദ്രത്തിന്റെ നിർദേശം. റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ തുടങ്ങിയ കമ്പനികൾക്കാണ് ഡിപ്പാർട്‌മെന്റ് ഓഫ് ടെലികോമിന്റെ (ഡിഒടി) നിർദേശം. സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടാണ് നിർദേശം നൽകിയിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സംസ്ഥാന പൊലീസും ഇക്കാര്യത്തിൽ ഡിഒടിക്ക് ഒപ്പം സൈബർ കുറ്റകൃത്യങ്ങൾക്ക് എതിരെ യോജിച്ചു പ്രവർത്തിക്കുന്നുണ്ടെന്ന് ഔദ്യോഗിക കുറിപ്പിൽ പറയുന്നു. 

കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സംസ്ഥാന പൊലീസും നടത്തിയ അന്വേഷണത്തിൽ 28,200 ഹാൻ‍ഡ്‌സെറ്റുകൾ സൈബർ കുറ്റകൃത്യങ്ങളിൽ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഈ ഹാൻഡ്‌സെറ്റുകളിലായി 20 ലക്ഷം നമ്പറുകൾ ഉപയോഗിച്ചിട്ടുണ്ടെന്നും ഡിഒടി കണ്ടെത്തി. മാർച്ചിൽ ഡിഒടി ‘ചക്‌ഷു പോർട്ടൽ’ പുറത്തിറക്കിയിരുന്നു. ടെലികോം സംബന്ധിച്ചുള്ള പരാതികൾ ഈ പോർട്ടൽ വഴി അറിയിക്കാം. അന്നുമുതൽ 52 കമ്പനികളെ വ്യാജ, ഫിഷിങ് എസ്‌എംഎസുകൾ അയച്ചതിന്റെ പേരിൽ കരിമ്പട്ടികയിൽ പെടുത്തിയിട്ടുണ്ട്. 

ഇത്രയും നാളിനിടയിൽ രാജ്യത്താകമാനം 348 മൊബൈൽ ഹാൻഡ്‌സെറ്റുകളും ബ്ലോക്ക് ചെയ്തു. 10,834 നമ്പരുകൾ പുനഃപരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. 1.58 ലക്ഷം ഐഎംഇഐകൾ ഡിഒടി ബ്ലോക്ക് ചെയ്തിട്ടുണ്ട്. ഈ വർഷം ഏപ്രിൽ 30 വരെ 1.66 കോടി മൊബൈൽ കണക്‌ഷനുകളാണ് ഡിഒടി റദ്ദാക്കിയിരിക്കുന്നത്. ഇതിൽ 30.14 ലക്ഷം റദ്ദാക്കിയത് ആളുകളുടെ പരാതി മൂലവും 53.78 ലക്ഷം റദ്ദാക്കിയത് അനുവദനീയമായതിലും അധികം സിം കാർഡുകൾ ഒരേ അക്കൗണ്ടിൽ എടുത്തതും മൂലമാണെന്ന് ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.

English Summary:

Indian Telecom Giants Ordered to Block 28K Phones Amid Cyber Crime Sweep

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com