പ്രകോപിപ്പിച്ചാൽ പാക്കിസ്ഥാൻ അണുബോംബിടും; റേഡിയേഷന് 8 സെക്കൻഡ് വേണ്ട: അയ്യർ വിവാദക്കുരുക്കിൽ
Mail This Article
ന്യൂഡൽഹി ∙ പാക്കിസ്ഥാനുമായി ഇന്ത്യ ചർച്ച നടത്തണമെന്നും അല്ലെങ്കിൽ വലിയ വില നൽകേണ്ടിവരുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. പാക്കിസ്ഥാന്റെ പക്കൽ അണുബോംബുകളുണ്ടെന്നും നമ്മുടെ സർക്കാർ പ്രകോപിപ്പിച്ചാൽ അത് ഇന്ത്യയ്ക്കു നേരെ പ്രയോഗിക്കാൻ സാധ്യതയുണ്ടെന്നും അയ്യർ അഭിപ്രായപ്പെട്ടു. അതേസമയം, ഈ പ്രസ്താവനയ്‌ക്കെതിരെ കടുത്ത വിമർശനവുമായി ബിജെപി രംഗത്തെത്തി.
‘‘പാക്കിസ്ഥാനെ ഇന്ത്യ ബഹുമാനിക്കണം. കാരണം അവരുടെ കയ്യിൽ അണുബോംബുണ്ട്. ബഹുമാനിച്ചില്ലെങ്കിൽ ഇന്ത്യയ്ക്കെതിരെ അണുബോംബ് പ്രയോഗിക്കുന്നതിനെപ്പറ്റി അവർ ആലോചിക്കും. അവരോടു സംസാരിക്കണം. അതിനുപകരം സൈനിക ശക്തി വർധിപ്പിക്കുന്നതു പിരിമുറുക്കം കൂട്ടും. ഒരു ‘ഭ്രാന്തൻ’ ലഹോറിൽ ബോംബ് ഇടാൻ തീരുമാനിച്ചാൽ, റേഡിയേഷൻ അമൃത്‌സറിലെത്താൻ 8 സെക്കൻഡ് എടുക്കില്ല’’– ഇതായിരുന്നു അയ്യരുടെ വിവാദ പ്രസ്താവന.
ഇന്ത്യയെ സംബന്ധിച്ച കോൺഗ്രസിന്റെ ‘പ്രത്യയശാസ്ത്രം’ പ്രതിഫലിപ്പിക്കുന്നതാണ് അയ്യരുടെ പരാമർശമെന്നു ബിജെപി കുറ്റപ്പെടുത്തി. അതേസമയം, അയ്യരുടെ പ്രസ്താവന അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് കോൺഗ്രസ് നിലപാടു വ്യക്തമാക്കി. ഇതിനു പിന്നാലെ, തന്റെ പ്രസ്താവനയെ വളച്ചൊടിച്ചെന്ന് വിശദീകരിച്ച് അയ്യർ നേരിട്ടും രംഗത്തെത്തി.
മണിശങ്കർ അയ്യരുടെ വിഡിയോ എക്സിൽ പങ്കിട്ട് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും വിമർശനം ഉന്നയിച്ചു. ‘‘ഈ തിരഞ്ഞെടുപ്പുകളിൽ രാഹുൽ ഗാന്ധിയുടെ കോൺഗ്രസ് പ്രത്യയശാസ്ത്രം പൂർണമായി ദൃശ്യമാണ്. സിയാച്ചിൻ വിട്ടുകൊടുക്കുമെന്നത് ഉൾപ്പെടെ പാക്കിസ്ഥാനും തിരിച്ചും പിന്തുണ, എസ്ഡിപിഐ ഉൾപ്പെടെയുള്ള പാർട്ടികളെയും വ്യക്തികളെയും പിന്തുണയ്ക്കൽ, ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുമായുള്ള ധാരണ, ജനങ്ങളെ ഭിന്നിപ്പിക്കൽ, നുണകൾ, വ്യാജ ഉറപ്പുകൾ നൽകി പാവപ്പെട്ടവരെ തെറ്റിദ്ധരിപ്പിക്കൽ...’’– രാജീവ് ചന്ദ്രശേഖർ കുറിച്ചു.