പെരിയ ഇരട്ടക്കൊലക്കേസ്: ജഡ്ജിയുടെ സ്ഥലംമാറ്റത്തിനെതിരെ ഹർജി
Mail This Article
കൊച്ചി∙ പെരിയ ഇരട്ടക്കൊലക്കേസിൽ വിചാരണക്കോടതി ജഡ്ജിയുടെ സ്ഥലംമാറ്റത്തിനെതിരെ ഹർജി. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കളാണു ഹൈക്കോടതിയെ സമീപിച്ചത്. സ്ഥലംമാറ്റം വിചാരണ പൂർത്തിയാകുന്നതു വൈകിപ്പിക്കുമെന്നു മാതാപിതാക്കൾ നൽകിയ ഹർജിയിൽ പറയുന്നു. ജില്ലാ ജഡ്ജിമാരുടെ പൊതുസ്ഥലംമാറ്റ ഉത്തരവിലാണു ജഡ്ജിയുടെ മാറ്റം.
2019 ഫെബ്രുവരി 17-നായിരുന്നു കാസർകോട് കല്യോട്ട് വച്ച് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയത്. 24 പ്രതികളുള്ള കേസില്‍ 16 പേര്‍ ജയിലിലാണ്. സിപിഎം നേതാവ് പീതാംബരനാണു കേസിലെ ഒന്നാം പ്രതി.
കൊലപാതകം, തെളിവ് നശിപ്പിക്കൽ സംഘം ചേരൽ, ഗൂഢാലോചന തുടങ്ങിയവയാണു പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി ഉത്തരവിനെതിരെ നേരത്തേ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു.