ADVERTISEMENT

പത്തനംതിട്ട ∙ സൂര്യനിൽനിന്നുള്ള സൗരകളങ്കം (സൺ സ്പോട്ട്) ഭൂമിയിലെ വൈദ്യുതി ശ്യംഖലകളെയും വാർത്താ വിനിമയ സംവിധാനങ്ങളെയും ബാധിക്കുമെന്നു മുന്നറിയിപ്പ്. ഇതിനു മുൻപ് 2003 ഒക്ടോബറിലാണ് ഇത്രയും തീവ്രമായ, കൊറോണൽ മാസ് ഇജക്‌ഷൻ എന്ന സൗരകാന്തിക കാറ്റ് ഉണ്ടായത്. ഭൂമിയുടെ 17 മടങ്ങ് വലുപ്പമുള്ള അതിഭീമൻ സൗരകളങ്കം സൂര്യനിൽ രൂപപ്പെട്ടതായി യുഎസിലെ നോവ ഉൾ‌പ്പെടെയുള്ള ഏജൻസികൾ അറിയിച്ചു. മുൻപും സൂര്യകളങ്കങ്ങൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ഇത്ര വലുത് അത്യപൂർവമാണ്. AR3664 എന്ന് പേരിട്ടിരിക്കുന്ന ഈ കളങ്കം മേയ് ആദ്യവാരം മുതലാണ് കൂടുതൽ തെളിയാൻ തുടങ്ങിയത്.

നഗ്നനേത്രം കൊണ്ടു തന്നെ കാണാവുന്ന വലുപ്പമുണ്ടെങ്കിലും അംഗീകൃത സൗരഫിൽട്ടറുകൾ ഇല്ലാതെ സൂര്യനെ നോക്കുന്നത് അപകടമാണ്. സൂര്യനിലെ കാന്തമണ്ഡലച്ചുഴികളാണു സൂര്യകളങ്കങ്ങളായി അറിയപ്പെടുന്നത്. സൗരോപരിതലത്തിനേക്കാൾ അൽപം ചൂട് കുറഞ്ഞ സ്ഥലമാണ് കളങ്കങ്ങളെന്ന് അമച്വർ വാനനിരീക്ഷകൻ സുരേന്ദ്രൻ പുന്നശ്ശേരി പറഞ്ഞു. ഓരോ 11 വർഷത്തിലും ഇവ വർധിക്കുന്നതായി കാണാറുണ്ട്. ഇവ വിവിധ സൈക്കിളുകളായാണ് അറിയപ്പെടുന്നത്. ഏതാനും വർഷങ്ങളായി നാം കാണുന്ന സൂര്യകളങ്കങ്ങൾ സൈക്കിൾ 25 ന്റെ ഭാഗമാണ്. ഈ സൈക്കിളിലെ ഏറ്റവും വലുപ്പത്തിൽ കാണപ്പെടുന്ന സൂര്യകളങ്കമാണ് AR3664.

ഭൂമിയുടെ 17 മടങ്ങുള്ള സൺസ്പോട്ടിന്റെ ചിത്രം. കോഴിക്കോട് ജില്ലയിലെ രാമല്ലൂർ വയലിൽനിന്നു സോളർഫിൽട്ടർ ഘടിപ്പിച്ച ടെലസ്കോപ് ഉപയോഗിച്ച് അമച്വർ വാനനിരീക്ഷകൻ സുരേന്ദ്രൻ പുന്നശ്ശേരി പകർത്തിയത്.
ഭൂമിയുടെ 17 മടങ്ങുള്ള സൺസ്പോട്ടിന്റെ ചിത്രം. കോഴിക്കോട് ജില്ലയിലെ രാമല്ലൂർ വയലിൽനിന്നു സോളർഫിൽട്ടർ ഘടിപ്പിച്ച ടെലസ്കോപ് ഉപയോഗിച്ച് അമച്വർ വാനനിരീക്ഷകൻ സുരേന്ദ്രൻ പുന്നശ്ശേരി പകർത്തിയത്.

സൂര്യകളങ്കങ്ങളോടനുബന്ധിച്ച് അതിശക്തമായ സൗരജ്വാലകൾ ഉണ്ടാകാറുണ്ട്. ഇവ ചാർജ് കണങ്ങളുടെ മഹാപ്രവാഹമായിരിക്കും. ചിലപ്പോഴവ ഭൂമിയുടെ നേർക്കും വരാറുണ്ട്. അത്തരം സമയങ്ങളിൽ ഭൂമിയുടെ ധ്രുവമേഖലയിൽ വർണാഭമായ ധ്രുവദീപ്തികൾ (അറോറ) പ്രത്യക്ഷപ്പെടും. ഈ ശക്തമായ കണങ്ങൾ വാർത്താവിനിമയ ഉപഗ്രഹങ്ങളെ താറുമാറാക്കാനും ഇടയുണ്ട്. ഭൂമിയിലെ വൈദ്യുത വിതരണശൃംഖല തടസ്സപ്പെടാനും ഇതുകാരണമാകും. അതുകൊണ്ടു ശാസ്ത്രലോകം സൂര്യകളങ്കങ്ങളെ ഗൗരവമായാണു കാണുന്നത്. ഭൂമിയിലെ ചൂട്, മറ്റ് കാലാവസ്ഥാ വ്യതിയാനങ്ങൾ എന്നിവയിൽ സൂര്യകളങ്കങ്ങൾക്ക് പങ്കുണ്ടോ എന്നതു സംബന്ധിച്ച് ശാസ്ത്രലോകം പഠിക്കുന്നുണ്ട്.

ഒൻപതാം തീയതിയോടെ സൂര്യനിൽനിന്നു വൻ സൗരവാതം പുറത്തേക്കു വന്നതായാണ് ബഹിരകാശ കാലാവസ്ഥയെപ്പറ്റി മുന്നറിയിപ്പ് നൽകുന്ന യുഎസ് സംഘടനയായ നാഷനൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രഷൻ എന്ന നോവ പറയുന്നത്. ഇതു ഞായർ വരെ തുടരും. ഇത്തവണത്തെ സൗരവാതം കഴിഞ്ഞ 20 വർഷത്തെ ഏറ്റവും ശക്തമായതാണെന്ന് നോവ മേധാവി ക്ലിന്റൻ വലസ് വിശദീകരിച്ചു. ജി ഒന്നു മുതൽ 5 വരെയുള്ള പട്ടിക പ്രകാരം ആണ് സൗരവാത തീവ്രത അളക്കുന്നത്. ഇതനുസരിച്ചു ജി നാലിനു മുകളിലാണ് ഇപ്പോഴത്തെ തീവ്രത.

വിമാന സർവീസുകൾ, ഉപഗ്രഹ ചലനം, വിദൂര നിയന്ത്രിത ജിപിഎസ്, വൈദ്യുതി ഗ്രിഡുകൾ, വോൾടേജ് തുടങ്ങിയ സംവിധാനങ്ങളെ ഇതു ബാധിക്കും. നിലവിൽ ആശങ്കയ്ക്ക് ഇടയില്ല എന്നാണു സൂചനയെങ്കിലും യുഎസും മറ്റും സ്ഥിതി സസൂക്ഷ്മമം നിരീക്ഷിച്ചു വരികയാണ്.

English Summary:

How Sunspots Could Blackout Power Grids and Silence Communications

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com