അടുത്ത നാലു ദിവസം കൂടി മഴ ലഭിക്കും; ഇരട്ട നേട്ടത്തിൽ ഇടുക്കി ജലവൈദ്യുത പദ്ധതി
Mail This Article
മൂലമറ്റം ∙ വേനൽ മഴ ശക്തമായതോടെ ഇടുക്കി ജലവൈദ്യുത പദ്ധതിക്ക് ഇരട്ട നേട്ടം. സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം കുറഞ്ഞതോടെ ഉൽപാദനം കുറഞ്ഞു. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമാകുകയും ചെയ്തു. സംസ്ഥാനത്തെ ഈ മാസത്തെ പ്രതിദിന വൈദ്യുതി ഉപയോഗം ശരാശരി 10.82 കോടി യൂണിറ്റായിരുന്നത് മൂന്നു ദിവസത്തെ വേനൽ മഴയിൽ 9.88 കോടി യൂണിറ്റായി കുറഞ്ഞു. ഇതോടെ ആഭ്യന്തര ഉൽപാദനത്തിൽ 43 ലക്ഷം യൂണിറ്റിന്റെയും പുറത്തുനിന്ന് എത്തിക്കുന്ന വൈദ്യുതിയിൽ 50.9 ലക്ഷം യൂണിറ്റിന്റെയും കുറവാണ് ഉണ്ടായത്.
മഴയെത്തിയതോടെ സംസ്ഥാനത്തെ കെഎസ്ഇബി അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് വർധിച്ചിട്ടുണ്ട്. ഈ മാസം സംസ്ഥാനത്തെ കെഎസ്ഇബി അണക്കെട്ടുകളിലേക്ക് 237.24 ലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ വെള്ളം ഒഴുകിയെത്തി. അടുത്ത നാലു ദിവസം കൂടി സംസ്ഥാനത്ത് മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്. അതോടെ വൈദ്യുതി ഉപയോഗത്തിൽ ഇനിയും കുറവുണ്ടാകും. അണക്കെട്ടുകളിലെ വെള്ളത്തിന്റെ അളവ് കൂടുകയും ചെയ്യും.