ADVERTISEMENT

വാഷിങ്ടൻ∙ ബന്ദികളെ വിട്ടയയ്ക്കാൻ ഹമാസ് തയാറാണെങ്കിൽ ഇസ്രയേൽ–ഹമാസ് യുദ്ധത്തിൽ നാളെത്തന്നെ വെടിനിർത്തൽ സാധ്യമാകുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. തെക്കൻ ഗാസയിലെ റഫ നഗരത്തെ ഇസ്രയേൽ ആക്രമിക്കുകയാണെങ്കിൽ ഇസ്രയേലിനുള്ള ആയുധ വിതരണം അവസാനിപ്പിക്കുമെന്ന് ബൈഡൻ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ബൈഡൻ വെടിനിർത്തൽ സാധ്യത മുന്നോട്ടുവച്ചിരിക്കുന്നത്. 

‘‘ഇക്കാര്യത്തിൽ ഇനി തീരുമാനമെടുക്കേണ്ടത് ഹമാസ് ആണെന്നാണ് ഇസ്രയേൽ പറഞ്ഞത്. അവർ അതിന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ നാളെത്തന്നെ എല്ലാം അവസാനിപ്പിക്കാം. വെടിനിർത്തൽ നാളെത്തന്നെ സാധ്യമാകും’’ - ബൈഡൻ പറഞ്ഞു. 

തങ്ങൾ നൽകിയ ആയുധങ്ങൾ അനുവദനീയമല്ലാത്ത രീതിയിൽ ഉപയോഗിച്ച് ഇസ്രയേൽ രാജ്യാന്തര നിയമങ്ങൾ ലംഘിച്ചതായി സംശയിക്കുന്നെന്ന് യുഎസ് ഭരണകൂടം പറഞ്ഞു. യുഎസ് പാർലമെന്റിനു കൈമാറിയ റിപ്പോർട്ടിലാണ് ആഭ്യന്തരവകുപ്പ് അധികൃതർ ഇക്കാര്യം അറിയിച്ചത്. ഗാസയിലെ യുദ്ധാന്തരീക്ഷം മൂലം ഇത്തരം സംഭവങ്ങളുടെ വിശദാംശങ്ങൾ ശേഖരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.  

തുടർച്ചയായി പരോക്ഷ ചർച്ചകൾ നടത്തിയിട്ടും വെടിനിർത്തൽ കരാറിലെത്താൻ ഹമാസിനും ഇസ്രയേലിനും സാധിച്ചിട്ടില്ല. ഒക്‌ടോബർ ഏഴിന് തെക്കൻ ഇസ്രയേലിൽ ഹമാസ് തീവ്രവാദികൾ ആക്രമണം നടത്തിയപ്പോൾ 250 പേരെ തട്ടിക്കൊണ്ടുപോയിരുന്നു. അവരിൽ 128 പേർ ഇപ്പോഴും പലസ്തീൻ പ്രദേശത്ത് തടവിലാണെന്ന് ഇസ്രയേൽ ഉദ്യോഗസ്ഥർ പറയുന്നു, ഇതിൽ 36 പേർ മരിച്ചതായാണ് റിപ്പോർട്ട്. 

ഹമാസ് ആക്രമണത്തിൽ 1,170ലധികം ആളുകൾ കൊല്ലപ്പെട്ടു, ഇവരിൽ ഭൂരിഭാഗം പേരും സാധാരണക്കാരാണ്. ഗാസയിൽ ഇതുവരെ 34,971 പേർ കൊല്ലപ്പെട്ടതായാണ് ഹമാസ് നിയന്ത്രണത്തിലുള്ള ആരോഗ്യമന്ത്രാലയം പുറത്തുവിടുന്ന കണക്കുകൾ. മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. 

അതേസമയം, തെക്കൻ ഗാസയിലെ റഫ നഗരത്തിന്റെ കൂടുതൽ മേഖലകളിൽനിന്ന് ഇസ്രയേൽ പലസ്തീൻകാരെ ഒഴിപ്പിച്ചിരുന്നു. കിഴക്കൻ റഫയ്ക്ക് പിന്നാലെ മധ്യ, ദക്ഷിണ മേഖലകളിലും ഒഴിപ്പിക്കൽ നടക്കുകയാണ്. ഇതിനോടകം ഒരുലക്ഷത്തിലേറെപ്പേർ റഫ വിട്ടതായി ഐക്യാരാഷ്ട്ര സംഘടന വ്യക്തമാക്കിയിരുന്നു. 

English Summary:

There would be a ceasefire tomorrow if Hamas would release the hostages, says Biden

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com