സോളർ വച്ചവർക്കും ‘ഷോക്ക്’; ശ്രീലേഖയെ ഞെട്ടിച്ച ടൈം ഓഫ് ദ് ഡേ ബിൽ: വൈദ്യുതി ചാർജ് കൂടാൻ കാരണമെന്ത്?
Mail This Article
തിരുവനന്തപുരം∙ വൈദ്യുതി ചാർജ് കുറയ്ക്കാമെന്നു കരുതി വീട്ടിൽ സോളർ പ്ലാന്റ് സ്ഥാപിച്ചവരിൽ പലരും ഈ മാസം വന്ന വൈദ്യുതി ബിൽ കണ്ട് അന്തം വിട്ടിരിക്കുകയാണ്. സോളർ സ്ഥാപിച്ചിട്ടും ഉയർന്ന വൈദ്യുതി നിരക്ക് നൽകേണ്ടി വന്നതിനെ സംബന്ധിച്ച് മുൻ ഡിജിപി ആർ. ശ്രീലേഖ സമൂഹമാധ്യമത്തിലെഴുതിയത് വലിയ ചർച്ചയായി. വൈദ്യുതി ചാർജ് കൂടാൻ കാരണമെന്താണ്? സോളർ സെറ്റിൽമെന്റ് സൈക്കിൾ സെപ്റ്റംബറിൽനിന്ന് മാർച്ചിലേക്ക് കെഎസ്ഇബി മാറ്റിയതാണ് വൈദ്യുതി നിരക്കിൽ വലിയ വർധനയ്ക്കിടയാക്കിയത്. ഇക്കാര്യം ഉപഭോക്താക്കളോട് പറയാനോ ആവശ്യമായ ബോധവൽക്കരണം നടത്താനോ കെഎസ്ഇബി തയാറായിട്ടില്ല.
∙ സെറ്റിൽമെന്റ് സൈക്കിൾ മാറ്റി; ജനത്തിന് ഷോക്കടിച്ചു
സോളർ ഉപഭോക്താക്കളുടെ സെറ്റിൽമെന്റ് സൈക്കിൾ കഴിഞ്ഞ വർഷംവരെ സെപ്റ്റംബറിൽ ആയിരുന്നു. എനർജി ബാങ്കിലേക്ക് ഓരോ വീട്ടിലെയും പ്ലാന്റിൽനിന്ന് എക്സ്പോർട്ട് ചെയ്ത വൈദ്യുതിയുടെ അളവു താരതമ്യം ചെയ്യും. ഉപയോഗത്തേക്കാൾ കൂടുതൽ വൈദ്യുതി കെഎസ്ഇബി ഗ്രിഡിലേക്ക് നൽകിയിട്ടുണ്ടെങ്കിൽ വൈദ്യുതി ബില്ലിൽ കുറവു ചെയ്തശേഷം ശേഷിക്കുന്ന യൂണിറ്റ് എനർജി ബാങ്കിലേക്ക് മാറ്റും. ഉദാഹരണത്തിന്, 100 യൂണിറ്റാണ് പ്രതിമാസ ഉപയോഗം എന്നിരിക്കട്ടെ. 200 യൂണിറ്റ് വൈദ്യുതി ഈ കാലയളവിൽ കെഎസ്ഇബിക്ക് നൽകിയിട്ടുമുണ്ട്. ഉപയോഗിച്ചത് കുറച്ച് 100 യൂണിറ്റിനുള്ള തുക സെന്റിൽമെന്റ് സൈക്കിൾ കാലയളവിൽ കെഎസ്ഇബി നൽകും. ഇത്തരത്തിൽ വർഷത്തിലെ കണക്കെടുക്കുമ്പോൾ എക്സ്പോർട്ടാണ് കൂടുതലെങ്കിൽ ഉപഭോക്താവിന് നേട്ടമാണ്. സെപ്റ്റംബർ ആകുമ്പോഴേക്കും പലരുടെയും എനർജി ബാങ്കിൽ ആയിരത്തോളം യൂണിറ്റ് ഉണ്ടാകും. ഒക്ടോബറിൽ വൈദ്യുതി ഉപയോഗം കുറവാണ്. ബിൽ തുകയും കുറവായിരിക്കും.
ഈ സെറ്റിൽമെന്റ് കാലയളവ് മാർച്ച് ആക്കിയതാണ് തിരിച്ചടിയായത്. സെറ്റിൽമെന്റ് കഴിഞ്ഞ് ഏപ്രിലിൽ എനർജി അക്കൗണ്ടിലുള്ള യൂണിറ്റ് പൂജ്യം ആയിരിക്കും. സാധാരണ മാസങ്ങളിൽ എക്സ്പോർട്ടിനേക്കാൾ കൂടുതൽ ഇംപോർട്ട് വരുമ്പോൾ അത് എനർജി ബാങ്കിൽ മുൻമാസങ്ങളിൽ എക്സ്പോർട്ട് ചെയ്ത് വച്ചിട്ടുള്ള യൂണിറ്റുകളുമായി അഡ്ജസ്റ്റ് ചെയ്ത് ബിൽ പൂജ്യമാകും. മാർച്ചിൽ സെറ്റിൽ ചെയ്യപ്പെട്ടിട്ടുള്ളതിനാൽ ഏറ്റവും കൂടുതൽ ഊർജ ഉപഭോഗമുള്ള ഏപ്രിലിൽ എക്സ്പോർട്ടിനേക്കാൾ കൂടുതൽ ഇംപോർട്ട് ആയിരിക്കും. വൈദ്യുതി ബിൽ കുത്തനെ ഉയരും. വൈദ്യുതി ഉപയോഗം നിയന്ത്രിച്ചില്ലെങ്കിൽ മേയ് മാസത്തിലും വലിയ ബിൽ വരും. സെറ്റിൽമെന്റ് മാർച്ചിലേക്ക് മാറ്റിയത് സാമ്പത്തികവർഷം അനുസരിച്ചാണെന്നാണ് കെഎസ്ഇബി പറയുന്നത്; നഷ്ടം ജനങ്ങൾക്കും.
∙ ബില്ലിങ്ങിന് വിവിധ രീതികൾ
നെറ്റ് മീറ്റർ, ഗ്രോസ് മീറ്റർ, നെറ്റ് ബില്ലിങ് തുടങ്ങിയ രീതികളാണ് ബില്ലിങ്ങിനായി വിവിധ രാജ്യങ്ങളിൽ ഉള്ളത്. നിലവിൽ സോളർ വൈദ്യുതി ഉൽപാദിപ്പിക്കുന്നവർക്ക് നെറ്റ് മീറ്ററിങ് സംവിധാനമാണ് കേരളത്തിൽ. മാസം 250 യൂണിറ്റ് വൈദ്യുതി ഒരു വീട്ടിൽ ഉപയോഗിക്കുന്നു എന്നിരിക്കട്ടെ. ഇതിൽ 200 യൂണിറ്റ് സോളർ പ്ലാന്റിലൂടെ ഉൽപാദിപ്പിക്കുന്നുണ്ട്. ശേഷിക്കുന്ന 50 യൂണിറ്റിന് കെഎസ്ഇബിക്ക് പണം നൽകിയാൽ മതി. 50 യൂണിറ്റ് പ്രതിമാസ ഉപയോഗത്തിന് കെഎസ്ഇബി നിരക്കും കുറവാണ്. ഗ്രോസ് മീറ്ററിങ് സംവിധാനത്തിൽ നമുക്ക് പ്ലാന്റിൽ നിന്നു നേരിട്ട് ഉപയോഗിക്കാൻ കഴിയില്ല. 200 യൂണിറ്റാണ് ഉൽപാദിപ്പിക്കുന്നതെങ്കിൽ അത് ഗ്രിഡിലേക്ക് എക്സ്പോർട്ടഡ് ആയി കണക്കാക്കി കെഎസ്ഇബി നിശ്ചയിക്കുന്ന നിരക്ക് തിരികെ തരും. 250 യൂണിറ്റിന് കെഎസ്ഇബി നിശ്ചയിക്കുന്ന ഉയർന്ന തുക നൽകേണ്ടിവരും. നെറ്റ് ബില്ലിങ് രീതി അനുസരിച്ച് ഉപഭോക്താവ് 250 യൂണിറ്റ് ഉപയോഗിച്ചാൽ അതിനു മുഴുവനായി നിലവിലെ നിരക്കിൽ ബിൽ കണക്കാക്കും. ഉൽപാദിപ്പിക്കുന്ന സോളർ വൈദ്യുതിയുടെ നിരക്ക് റഗുലേറ്ററി കമ്മിഷൻ നിശ്ചയിക്കുന്ന നിരക്കിലും കണക്കാക്കും. സോളറിന് കുറഞ്ഞ നിരക്കായിരിക്കും. ഇതു തമ്മിലുള്ള വ്യത്യാസം ഉപഭോക്താവ് അടയ്ക്കേണ്ടിവരും. ബിൽ ഉയരും. നെറ്റ് ബില്ലിങ്ങിലേക്ക് പോകാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് സർക്കാർ പറയുന്നത്.
ഇനി മൂന്നും അല്ലാത്ത ഒന്നാണ്– ടൈം ഓഫ് ദ ഡേ മീറ്ററിങ് (ടിഒഡി). ഒരു ദിവസത്തെ നോർമൽ, പീക്, ലോ എന്നിങ്ങനെ മൂന്നു ടൈംസോണുകൾ ആക്കി തിരിച്ച് ഓരോ ടൈം സോണിലെയും ഉപഭോഗത്തിനു വ്യത്യസ്ത നിരക്ക് ഈടാക്കുന്ന സംവിധാനം. നിലവിൽ 20 കിലോവാട്സിൽ കൂടുതൽ ലോഡ് ഉള്ള വ്യാവസായിക ഉപഭോക്താക്കൾക്കും പ്രതിമാസം 500 യൂണിറ്റിനു മുകളിൽ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്കും ടിഒഡി മീറ്ററിങ് സംവിധാനമാണുള്ളത്. രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണി വരെ നോർമൽ ടൈം സോൺ. വൈകിട്ട് 6 മുതൽ രാത്രി 10 മണി വരെ പീക് ടൈം സോൺ. രാത്രി 10 മുതൽ രാവിലെ 6 മണി വരെ ഓഫ് പീക് അവേഴ്സ്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെ 500 യൂണിറ്റിൽ കൂടുതൽ ഉപയോഗിക്കുന്ന ഉപഭോക്താവ് ആണെങ്കിൽ 8.8 രൂപ യൂണിറ്റിനു നൽകണം. പീക് അവേഴ്സിൽ 10.50 രൂപ ഓരോ യൂണിറ്റിനും. ഓഫ് പീക് അവേഴ്സിൽ യൂണിറ്റിന് 7.92 രൂപ.
∙ ശ്രീലേഖയെ ഞെട്ടിച്ചത് ടൈം ഓഫ് ദ് ഡേ ബിൽ
ശ്രീലേഖയുടെ ബിൽ അനുസരിച്ച് നോർമൽ ടൈമിൽ ഇംപോർട്ട് ചെയ്ത എനർജി 399 യൂണിറ്റാണ്. ഓഫ് പീക് ടൈമിൽ ഇംപോർട്ട് ചെയ്തിട്ടുള്ള എനർജി 636 യൂണിറ്റ്. പീക് ടൈമിൽ ഇംപോർട്ട് ചെയ്തിട്ടുള്ള എനർജി 247 യൂണിറ്റ്. സോളർ പ്ലാന്റിൽ നിന്നു നോർമൽ ടൈമിൽ 290 യൂണിറ്റ് എക്സ്പോർട്ട് ചെയ്തു. അതനുസരിച്ച് 399 യൂണിറ്റിൽനിന്ന് 290 കുറയ്ക്കുമ്പോൾ 109 യൂണിറ്റ് ആയി മാറുന്നു. ടിഒഡി ബില്ലിങിന്റെ കാൽക്കുലേഷൻ ഇങ്ങനെ: ( നോർമൽ അവേഴ്സ് യൂണിറ്റ് x 8.8 + പീക് അവേഴ്സ് യൂണിറ്റ് x8.8x1.2 + ഓഫ് പീക്ക് അവേഴ്സ് x 8.8 x 0.9) = (109x8.8 + 247 x 8.8x1.2 + 636x8.8x0.9) = 8604.64 രൂപ. കെഎസ്ഇബി നൽകിയ ബിൽ കൃത്യമാണ്.
500 യൂണിറ്റിൽ കൂടുതൽ പ്രതിമാസം വൈദ്യുതി ഉപഭോഗമുള്ളവർക്കെല്ലാം ഇതുപോലെ ബിൽ വരും. സോളർ ബിൽ സെറ്റിൽമെന്റ് പീരീഡ് സെപ്റ്റംബറിൽ ആയിരുന്നെങ്കിൽ എനർജി ബാങ്കിൽ യൂണിറ്റുകൾ ബാലൻസ് ഉണ്ടായിരിക്കുമെന്നതിനാൽ കൂടുതൽ ഉപഭോഗമുള്ള ഏപ്രിൽ, മേയ് മാസങ്ങളിൽ ഇതിൽനിന്ന് എടുക്കാമെന്നതിനാൽ പൊതുവേ ബിൽ വരില്ലായിരുന്നു. ഏപ്രിലിലും മേയിലും സോളർ ഉപഭോക്താക്കൾക്ക് വൻ ബിൽ വരികയും ബാക്കി ഉപഭോഗം കുറവുള്ള മാസങ്ങളിൽ എക്സ്പോർട്ട് ഇനത്തിൽ കിട്ടുന്ന കുറഞ്ഞ തുകയേ ലഭിക്കൂ എന്ന അവസ്ഥയിലാണ് കാര്യങ്ങൾ. ബാറ്ററി ഉപയോഗിച്ചുള്ള ഓഫ്ഗ്രിഡിലേക്ക് പോകുന്നത് നഷ്ടമാണ്. മണിക്കൂറുകളോളം വൈദ്യുതി തടസപ്പെടുന്ന സ്ഥലത്തുമാത്രമേ അത്തരം സംവിധാനം ഉപയോഗപ്പെടൂ.