കരമന അഖിൽ വധക്കേസ്: 5 പേർകൂടി പിടിയിൽ
Mail This Article
തിരുവനന്തപുരം ∙ കരമന മരുതൂർകടവ് പഞ്ചിപ്ലാവിള വീട്ടിൽ അഖിലിനെ (26) നടുറോഡിൽ കല്ലും കമ്പിയും ഉപയോഗിച്ചു ക്രൂരമായി അടിച്ചുകൊന്ന 5 പേർ കൂടി അറസ്റ്റിലായി. കൊലയിൽ നേരിട്ട് പങ്കാളികളായ ഒന്നാം പ്രതി കൈമനം നീറമൺകര പൂന്തോട് ലക്ഷം വീട്ടിൽ വിനീഷ് രാജ് (വിനീത്–25), രണ്ടാം പ്രതി പാപ്പനംകോട് കൈമനം അരകത്തുവിള വീട്ടിൽ അഖിൽ (അപ്പു–26), മൂന്നാം പ്രതി കട്ടച്ചൽകുഴിയിൽ വാടകയ്ക്ക് താമസിക്കുന്ന കൈമനം സ്വദേശി സുമേഷ് (26), തിരുവല്ലം സ്വദേശി ഹരിലാൽ (27), തിരുമല സ്വദേശി കിരൺ കൃഷ്ണൻ (25) എന്നിവരെ ആണ് കരമന പൊലീസ് അറസ്റ്റ് ചെയ്തത്.
വാടകയ്ക്കു കാർ എടുത്ത നാലാം പ്രതി പുഞ്ചക്കരി നിരപ്പിൽ കൃഷ്ണ കൃപയിൽ അനീഷിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഗൂഢാലോചനയിൽ പങ്കുള്ള അരുൺ ബാബു, അഭിലാഷ് എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്. അഖിൽ, ഹരിലാൽ, വിനീഷ്, സുമേഷ് എന്നിവർ 2019ലെ അനന്തു വധക്കേസിലും പ്രതികളാണ്. തിരുനെൽവേലിയിൽ ഒളിവിൽ പോയ അഖിലിനെ ശനി രാത്രിയോടെയും വിനീഷിനെ രാജാജി നഗർ കോളനിയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്.
വെള്ളി വൈകിട്ട് ആയിരുന്നു കൊലപാതകം. വീടിനു സമീപത്തു നിന്ന അഖിലിനോട് സംസാരിക്കാനുണ്ടെന്നു പറഞ്ഞു തടഞ്ഞു നിർത്തിയശേഷം ആക്രമിക്കുകയായിരുന്നു. അതിക്രൂരമായ ആക്രമണത്തിന് ഇരയായ ശേഷമാണ് അഖിൽ കൊല്ലപ്പെട്ടതെന്നു പൊലീസിനു ലഭിച്ച സിസിടിവി ദൃശ്യത്തിൽ വ്യക്തമാണ്. വോട്ടെടുപ്പു ദിവസം പാപ്പനംകോട്ടെ ബാറിൽ അഖിലും സുഹൃത്തുക്കളും ഈ സംഘവുമായി തർക്കമുണ്ടായി. ഇതിന്റെ തുടർച്ചയാണ് സംഭവമെന്നും രണ്ടാഴ്ച നീണ്ട ആസൂത്രണത്തിനു ശേഷമാണു കൊല നടത്തിയതെന്നും പൊലീസ് പറഞ്ഞു.