വിലക്കയറ്റം, വൈദ്യുതിക്ഷാമം; പാക്ക് അധിനിവേശ കശ്മീരിൽ തെരുവിലിറങ്ങി ജനം: വൻ സംഘർഷം- വിഡിയോ
Mail This Article
ശ്രീനഗർ∙ പാക്ക് അധിനിവേശ കശ്മീരിൽ (പിഒകെ) പ്രക്ഷോഭവുമായി ജനങ്ങൾ തെരുവിൽ. ഉയർന്ന നികുതി, വിലക്കയറ്റം, വൈദ്യുതി ക്ഷാമം എന്നിവയ്ക്കെതിരെയാണ് പ്രതിഷേധം. തലസ്ഥാനമായ മുസാഫറാബാദിൽ ഉൾപ്പെടെ പ്രതിഷേധം അടിച്ചമർത്താൻ പൊലീസ് ശ്രമിച്ചതോടെ വൻ സംഘർഷമുണ്ടായി. ദാദ്യാൽ, മിർപുർ, സമഹ്നി, സെഹൻസ, റാവലാകോട്ട്, ഖുയിരാട്ട, തട്ടപാനി, ഹട്ടിയാൻബാല തുടങ്ങിയ പിഒകെയുടെ മറ്റു ഭാഗങ്ങളിലും പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി. ശനിയാഴ്ച ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും തൊണ്ണൂറിലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
മുസാഫറാബാദിൽ ജമ്മു കശ്മീർ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി (ജെകെജെഎഎസി) ആഹ്വാനം ചെയ്ത പണിമുടക്കിനിടെ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ആകാശത്തേയ്ക്ക് വെടിവയ്ക്കുകയും കണ്ണീർവാതകവും പ്രയോഗിക്കുകയും ചെയത്. മംഗള ഡാമിൽനിന്നുള്ള നികുതിരഹിത വൈദ്യുതി, ഗോതമ്പ് പൊടിക്ക് സബ്‌സിഡി എന്നിവ ആവശ്യപ്പെട്ടാണ് അവാമി ആക്ഷൻ കമ്മിറ്റി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. പൊലീസ് നടത്തിയ റെയ്ഡിൽ നിരവധി നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്തു. ശനിയാഴ്ച മുസാഫറാബാദിലേക്ക് ലോങ് മാർച്ച് നടത്തുമെന്ന് കമ്മിറ്റി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
പ്രതിഷേധക്കാർ സുരക്ഷാ ഉദ്യോഗസ്ഥരെ വടികൊണ്ട് അടിച്ച് ഓടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. പാക്കിസ്ഥാൻ റേഞ്ചേഴ്‌സ്, ഫ്രോണ്ടിയർ കോർപ്‌സ് എന്നിവയിൽനിന്നു കൂടുതൽ സൈനികരെ വിന്യസിച്ചും പ്രവർത്തകരെ അറസ്റ്റ് ചെയ്തും പ്രതിഷേധം അടിച്ചമർത്താനാണ് പാക്ക് സർക്കാരിന്റെ നീക്കം. മൂന്നു ബില്യൻ ഡോളറിന്റെ സാമ്പത്തിക സഹായ പാക്കേജ് നൽകിയതിനു പിന്നാലെ രാജ്യാന്തര നാണ്യ നിധി (ഐഎംഎഫ്) ഏർപ്പെടുത്തിയ കർശന വ്യവസ്ഥകളെ തുടർന്ന പാക്കിസ്ഥാൻ പണപ്പെരുപ്പത്തിൽ വലയുകയാണ്. വൈദ്യുതി ചാർജുകൾ വർധിപ്പിച്ചത് പ്രശ്‌നങ്ങൾ രൂക്ഷമാക്കുകയും പാക്കിസ്ഥാനിലെ ജനങ്ങൾ തെരുവിലിറങ്ങാൻ നിർബന്ധിതരാവുകയുമായിരുന്നു.