സന്ദേശ്ഖലിയിൽ തൃണമൂൽ എംഎൽഎയുടെ സഹായിയെ ഓടിച്ചിട്ട് മർദിച്ച് സ്ത്രീകൾ– വിഡിയോ
Mail This Article
കൊൽക്കത്ത∙ ബംഗാളിലെ സന്ദേശ്ഖലിയിൽ സമരത്തിനിടെ തൃണമൂല്‍ കോൺഗ്രസ് പ്രവർത്തകരും ബിജെപി പ്രവർത്തകരും തമ്മില്‍ ഏറ്റുമുട്ടി. തൃണമൂൽ കോൺഗ്രസ് അനുയായി ആക്രമിക്കപ്പട്ടതിനെ തുടർന്നാണ് ഇരുവിഭാഗവും തമ്മിൽ സംഘർഷമുണ്ടായത്. തൃണമൂൽ എംഎൽഎ സുകുമാർ മഹ്തോയുടെ സഹായി തതൻ ഗയാനാണ് ആക്രമിക്കപ്പെട്ടത്. പൊലീസ് സ്ഥലത്തെത്തി സംഘർഷം നിയന്ത്രണവിധേയമാക്കി.
പൊലീസ് സ്റ്റഷേനു സമീപത്തുവച്ചാണ് തതൻ ഗയാനു നേരെ ആക്രമണമുണ്ടായത്. വനിതാ പ്രവർത്തകരാണ് എംഎല്‍എയുടെ സഹായിയെ ആക്രമിച്ചത്. വിഷയം സംബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു തതൻ ഗയാനു നേരെ ആക്രമണം.
തൃണമൂൽ കോൺഗ്രസ് സർക്കാർ വ്യാജ കേസുകൾ ചമച്ച് കുടുക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് സന്ദേശ്ഖലിയിൽ ബിജെപി പ്രവർത്തകർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനെതിരായ പീഡന വിവാദം കെട്ടിച്ചമച്ചതാണന്നും ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ നിർദേശ പ്രകാരമായിരുന്നു പരാതിക്കാരി കേസ് ഫയൽ ചെയ്തതെന്നും പറഞ്ഞുകൊണ്ട് ബിജെപി പ്രാദേശിക നേതാവിന്റെ വിഡിയോ പുറത്തുവന്നതോടെ രാഷ്ട്രീയ നേട്ടത്തിനായി ബിജെപി നടത്തിയ നീക്കമാണെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസും രംഗത്തെത്തിയിരുന്നു. എന്നാൽ വിഡിയോ വ്യാജമാണെന്നാണ് ബിജെപിയുടെ വിശദീകരണം.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ ഷെയ്ഖ് ഷാജഹാനെതിരേ ഭൂമി തട്ടിപ്പും ലൈംഗിക അതിക്രമ ആരോപണവും വന്നതോടെയായിരുന്നു സന്ദേശ്ഖലി വിവാദത്തിലായത്. ഷെയ്ഖ് ഷാജഹാനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്യുകയും തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.