കേജ്‌രിവാളിന്റെ പഴ്സനൽ സ്റ്റാഫ് അംഗം ആക്രമിച്ചു: ആരോപണവുമായി സ്വാതി മലിവാൾ എംപി
Mail This Article
ന്യൂഡൽഹി ∙ അരവിന്ദ് കേജ്‌രിവാളിന്റെ പഴ്സനൽ സ്റ്റാഫിലെ അംഗം ആക്രമിച്ചെന്ന് ആംആദ്മി പാർട്ടിയുടെ രാജ്യസഭാ എംപി സ്വാതി മലിവാൾ. ഡൽഹി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വച്ചാണ് ആക്രമിക്കപ്പെട്ടതെന്ന് സ്വാതി ആരോപിച്ചു. കേജ്‌രിവാളിനെ കാണാനെത്തിയപ്പോൾ ഇന്നു രാവിലെ ഒൻപതരയോടെയായിരുന്നു സംഭവമെന്ന് ഡൽഹി വനിതാ കമ്മിഷൻ മുൻ അധ്യക്ഷ കൂടിയായ സ്വാതി ഒരു മാധ്യമത്തോടു പറഞ്ഞു. കേജ്‌രിവാളിന്റെ പഴ്സന അസിസ്റ്റന്റായിരുന്ന വൈഭവ് കുമാറാണ് ആക്രമിച്ചതെന്നാണ് ആരോപണം. ഇതിനു പിന്നാലെ പഞ്ചാബിലേക്കുള്ള എഎപിയുടെ താരപ്രചകരുടെ പട്ടികയിൽനിന്ന് സ്വാതി പുറത്തായി.
അതേസമയം, ഇക്കാര്യത്തിൽ രേഖാമൂലം പരാതി കിട്ടിയിട്ടില്ലെന്ന് ഡൽഹി പൊലീസ് പറഞ്ഞു. സിവിൽ ലൈൻ പൊലീസ് സ്റ്റേഷനിലേക്ക് രാവിലെ 9. 34 ന് സ്വാതിയുടെ കോൾ വന്നെന്നും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വച്ച് ആക്രമിക്കപ്പെട്ടെന്നു പറഞ്ഞെന്നും പൊലീസ് പറഞ്ഞു. പിന്നീട് സ്റ്റേഷനിലെത്തിയ സ്വാതി മലിവാൾ, പരാതി പിന്നീടു നൽകാമെന്നു പറഞ്ഞു മടങ്ങിയെന്നും പൊലീസ് പറഞ്ഞു. പരാതിയെപ്പറ്റി എഎപി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം ബിജെപി അടക്കമുള്ള പാർട്ടികൾ എഎപിയെ വിമർശിച്ചു രംഗത്തെത്തിയിട്ടുണ്ട്.