2 പേരുടെ മരണത്തിനിടയാക്കി മത്സ്യബന്ധന ബോട്ടിലിടിച്ച കപ്പൽ കസ്റ്റഡിയിൽ; കൊച്ചി തുറമുഖത്തെത്തിച്ചു
Mail This Article
പൊന്നാനി∙ രണ്ടു പേരുടെ മരണത്തിന് ഇടയാക്കി മത്സ്യബന്ധന ബോട്ടിൽ ഇടിച്ച കപ്പൽ കസ്റ്റഡിയിലെടുത്തു. ‘സാഗർ യുവരാജ്’ എന്ന കപ്പൽ കോസ്റ്റ് ഗാർഡാണ് കസ്റ്റഡിയിലെടുത്തത്. കപ്പൽ കൊച്ചി തുറമുഖത്തെത്തിച്ചു. കപ്പലിടിച്ച ബോട്ടിന്റെ സ്രാങ്ക് അഴീക്കൽ സ്വദേശി അബ്ദുൽ സലാം, പൊന്നാനി സ്വദേശി ഗഫൂർ എന്നിവരാണ് അപകടത്തിൽ മരിച്ചത്.
അഴീക്കൽ സ്വദേശി മരക്കാട്ട് നൈനാറിന്റെ ഉടമസ്ഥതയിലുള്ള ‘ഇസ്‌ലാഹ്’ എന്ന ബോട്ടാണ് ഇന്നു പുലർച്ചെ അപകടത്തിൽപ്പെട്ടത്. പൊന്നാനിയിൽ നിന്ന് പുറപ്പെട്ട ബോട്ട് കപ്പലുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴ്ന്നു. ബോട്ടിലുണ്ടായിരുന്ന ആറുപേരിൽ നാലുപേരെ കപ്പലിൽ ഉണ്ടായിരുന്നവർ രക്ഷപ്പെടുത്തി. പിന്നീട് നടത്തിയ തിരച്ചിലിലാണ് കടലിൽ മുങ്ങിപ്പോയ രണ്ടു പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്.
അപകടമുണ്ടാക്കുന്ന വിധം തീരത്തോടു ചേർന്നാണ് കപ്പൽ സഞ്ചരിച്ചിരുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. പൊന്നാനിയിൽ നിന്ന് 38 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് അപകടമുണ്ടായത്. അലക്ഷ്യമായി കപ്പലോടിച്ചതിനും ജീവഹാനിക്ക് കാരണമായതിനും കപ്പൽ ജീവനക്കാർക്ക് എതിരെ കേസെടുത്തു.