‘മോൾ ആകെ ഭയന്നിരുന്നു, ദേഹമാകെ മർദനമേറ്റ പാടുകൾ; കൃത്യസമയത്ത് എത്തിയതിനാൽ മറ്റൊരു വിസ്മയ ആയില്ല’
Mail This Article
കൊച്ചി ∙ കൃത്യസമയത്തു സ്ഥലത്തെത്തിയതു കൊണ്ടു മാത്രമാണ് മകൾക്ക് വിസ്മയയുടെ ഗതി വരാതിരുന്നതെന്ന്, ഭർത്താവിന്റെ ക്രൂരമർദനത്തിന് ഇരയായ യുവതിയുടെ പിതാവ്. സ്ത്രീധനം കുറഞ്ഞു പോയതിന്റെ പേരിൽ ഭർത്താവിന്റെ നിരന്തര പീഡനത്തിന് ഇരയായ വിസ്മയ ഒടുവിൽ ആത്മഹത്യ ചെയ്യുകയായിരുന്നു. മകളെ കണ്ടപ്പോള്‍ തിരിച്ചറിയാൻ പോലുമാകാത്ത അവസ്ഥയിൽ ആയിരുന്നെന്നും ഇക്കാര്യത്തിൽ യാതൊരു ഒത്തുതീർപ്പിനുമില്ലെന്നും പിതാവ് വ്യക്തമാക്കി. വിവാഹമോചനം അടക്കമുള്ള നിയമനടപടികളിലേക്ക് കടന്നിരിക്കുകയാണ് യുവതിയുടെ കുടുംബം. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിലാണ് യുവതി ഭർത്താവിന്റെ ക്രൂരമർദനത്തിന് ഇരയായത്.
തങ്ങള്‍ ചെന്നതിന്റെ തലേന്ന് രാത്രി 2 മണിയോടെയാണ് മകൾ ക്രൂരമായ മർദനത്തിന് ഇരയായതെന്നു പിതാവ് പറഞ്ഞു. മർദനമേറ്റ യുവതി പരുക്കുകളുമായി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന്റെ നടുക്കത്തിൽനിന്ന് ഇനിയും മോചിതയാകാത്തതിനാൽ യുവതിക്ക് കൗൺസലിങ് ഉൾപ്പെടെ നൽകുന്നുണ്ട്. യുവതിയുടെ പരാതിയിൽ പന്തീരാങ്കാവ് തെക്കേ വള്ളിക്കുന്ന സ്നേഹതീരത്തിൽ രാഹുൽ പി.ഗോപാലി(29)നെതിരെ ഗാർഹിക പീഡനത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. ജർമനിയിൽ എയ്റോനോട്ടിക്കൽ എൻജിനീയറാണ് രാഹുൽ. എറണാകുളം നോർത്ത് പറവൂർ സ്വദേശിയായ യുവതിയും ഒരു ബഹുരാഷ്ട്ര കമ്പനിയിൽ ഉദ്യോഗസ്ഥയാണ്.
‘‘ഈ മാസം 5ന് ഗുരുവായൂർ ക്ഷേത്രത്തിലായിരുന്നു വിവാഹം. അന്നു തന്നെ മോളെ അവർ കോഴിക്കോട്ടേക്ക് കൊണ്ടുപോയി. ഒന്‍പതാം തീയതി എറണാകുളത്ത് വച്ച് വിവാഹ റിസപ്ഷൻ സംഘടിപ്പിച്ചിരുന്നു. അതിന് അവർ എട്ടിന് എത്തി. റിസപ്ഷൻ കഴിഞ്ഞ് 10–ാം തീയതിയാണ് തിരിച്ചു പോയത്. അടുക്കള കാണൽ എന്നൊരു ചടങ്ങ് ഉള്ളതിനാൽ ഞങ്ങൾ 12ന് അവിടേക്ക് പുറപ്പെട്ടു. വിവാഹത്തിന് മുൻപ് ഞാൻ മാത്രമേ അവരുടെ വീട്ടിൽ പോയിട്ടുണ്ടായിരുന്നുള്ളൂ. അതിനാൽ വീട്ടുകാർ ഉൾപ്പെടെ 26 പേരാണ് ഞങ്ങൾ പോയത്.
ചെല്ലുമ്പോൾ മകൾ വരാന്തയിൽ കാത്തു നിൽപ്പുണ്ടാവും എന്നാണ് കരുതിയത്. എന്നാൽ ഞങ്ങൾ ചെന്ന് ഏറെക്കഴിഞ്ഞിട്ടും മോളെ പുറത്തേക്ക് കണ്ടില്ല. ചോദിച്ചപ്പോൾ വസ്ത്രം മാറുകയാണ് എന്നു പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ മകൾ വന്നു. എന്നാൽ ഒറ്റനോട്ടത്തിൽ ആളെ തിരിച്ചറിയാൻ പോലും പറ്റാത്ത വിധം മാറിയിരുന്നു. മുഖമാകെ വിരൂപമായിരുന്നു. നെറ്റി ഒക്കെ മുഴച്ചിരിക്കുന്നു. മൂക്കിൽനിന്ന് രക്തം വന്നതിന്റെ പാടുണ്ടായിരുന്നു. ആകെ ഭയന്ന് വിറച്ചു നില്‍ക്കുന്ന രീതിയിലായിരുന്നു അവൾ. സംസാരിക്കാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല. ചോദിച്ചപ്പോൾ കുളിമുറിയിൽ വീണതാണ് എന്നാണ് പറഞ്ഞത്. അത് വിശ്വാസമാകാതെ അവന്റെ അമ്മയോട് ചോദിച്ചു. അവരും പറഞ്ഞത് കുളിമുറിയിൽ വീണതാണ് എന്നാണ്. എന്നിട്ട് ആശുപത്രിയിൽ പോയോ എന്ന് ചോദിച്ചപ്പോള്‍ പോയി എന്നു പറഞ്ഞു. എക്സ്റേ എടുത്തോ എന്നു ചോദിച്ചപ്പോൾ അതിനുള്ള കുഴപ്പമൊന്നും അവൾക്കില്ല എന്നായിരുന്നു മറുപടി. ഞങ്ങൾക്ക് ഇത് വിശ്വാസമായില്ല. മോളോട് വീണ്ടും ചോദിച്ചപ്പോഴാണ് കുറശ്ശേ ആയി പറഞ്ഞു തുടങ്ങിയത്’’ പിതാവ് പറയുന്നു.
മുഷ്ടി ചുരുട്ടി ഇടിച്ചതിനെ തുടർന്ന് മകളുടെ നെറ്റിയിൽ വലിയ മുഴയുണ്ടായിരുന്നു. തലയ്ക്കും ഇത്തരത്തിൽ ഇടിച്ചു. ‘‘അവന് നല്ല ആരോഗ്യമുണ്ട്. കീഴ്ച്ചുണ്ടും മേൽച്ചുണ്ടും താഴേക്കും മേലേക്കും ശക്തിയായി വലിച്ചു. മൊബൈൽ ചാർജർ കൊണ്ട് കഴുത്തിൽ ചുറ്റി വലിച്ചു. കുനിച്ചു നിർത്തി പുറത്തും ഇടിച്ചിട്ടുണ്ട്. ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പുറകെ വന്ന് ബെൽറ്റ് കൊണ്ട് അടിക്കുകയായിരുന്നു. ഞങ്ങൾ ചെന്നതിന്റെ തലേന്ന് രാത്രി 2 മണിയോടെയാണ് ഇതൊക്കെ നടന്നത്. അതിനു മുമ്പ് അവർ ഏതോ ചടങ്ങിനു പോയിരുന്നു. തിരിച്ചു വന്നിട്ടാണ് ഇതൊക്കെ നടന്നത്. പ്രതീക്ഷിച്ച സ്ത്രീധനം കിട്ടാതെ വന്നതാകാം കാരണം. കാറൊക്കെ അവർ പ്രതീക്ഷിച്ചിരുന്നു എന്നു തോന്നുന്നു. ഞങ്ങൾ അന്ന് ചെന്നതു കൊണ്ട് മാത്രമാണ് എന്റെ കുട്ടിയെ ജീവനോടെ കിട്ടിയത്. മറ്റൊരു വിസ്മയ ഉണ്ടാവാതിരുന്നത് ഭാഗ്യം കൊണ്ടാണെന്ന് ഞാൻ പന്തീരാങ്കാവിലെ പൊലീസിനോട് പറയുകയും ചെയ്തു’’ പിതാവ് പറഞ്ഞു. തങ്ങൾ നിയമനടപടികളുമായി മുന്നോട്ടു പോവുകയാണെന്നും ഇക്കാര്യത്തിൽ ഒത്തുതീർപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.