‘ഉള്ളതെല്ലാം വിറ്റു, കട അടച്ചിട്ട് ഒരുമാസം, ചികിത്സച്ചെലവ് നാലുലക്ഷത്തോളം’: മഞ്ഞപ്പിത്തത്തിൽ വിറങ്ങലിച്ച് വേങ്ങൂർ
Mail This Article
കൊച്ചി ∙ ‘‘ഉള്ളതെല്ലാം വിറ്റു, അനിയന്റെ ഒരു ചെറിയ ലോറിയും പശുവിനെയും കൊടുത്തു, എന്റെ കട അടച്ചിട്ട് ഒരു മാസമായി, മൂന്നുനാലു ലക്ഷം രൂപ ഇപ്പോൾത്തന്നെയായി, ഇനി എത്ര വേണ്ടി വരുമെന്നോ എത്ര നാൾ കൂടി ഇങ്ങനെ കിടക്കേണ്ടി വരുമെന്നോ അറിയില്ല’’- എറണാകുളം ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ശ്രീനിയുടെ പതിഞ്ഞ ശബ്ദത്തിൽ വിങ്ങൽ. തൊട്ടടുത്ത കിടക്കയിൽ അനുജൻ ശ്രീകാന്ത്. ദിവസവും ഡയാലിസിസ് വേണം ശ്രീകാന്തിന്. കുറച്ചു കിലോമീറ്ററുകൾ മാറി മറ്റൊരു ആശുപത്രിയിൽ ശ്രീകാന്തിന്റെ ഭാര്യ അഞ്ജന ഗുരുതരാവസ്ഥയിൽ തുടരുന്നു. പെരുമ്പാവൂർ വേങ്ങൂർ പഞ്ചായത്തിൽ പടർന്നു പിടിച്ച ഹെപ്പറ്റൈറ്റിസ് എ വിഭാഗത്തിലുള്ള മഞ്ഞപ്പിത്തത്തിന്റെ ഇരകളാണ് ഇവർ. ഇതുപോലെ നൂറുകണക്കിന് പേരാണ് മഞ്ഞപ്പിത്ത ബാധ മൂലം കൊടുംദുരിതം അനുഭവിക്കുന്നത്. രണ്ടുപേർ ഇതിനകം മരിച്ചു. നാൽപതോളം പേർ ആശുപത്രിയിലാണ്. വേങ്ങൂർ പഞ്ചായത്തിൽ മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം ഇപ്പോൾ 178 ആയി. അധികൃതരുടെ അനാസ്ഥയ്ക്ക് ബലിയാടാകേണ്ടി വന്നവരാണ് ഇവരെല്ലാം.
20 ദിവസത്തിലേറെയായി ശ്രീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട്. ഹെപ്പറ്റൈറ്റിസ് എയാണ് ശ്രീകാന്തിനും സ്ഥിരീകരിച്ചത്. ഗുരുതരാവസ്ഥയിലായ ശ്രീകാന്ത് ഇത്രയും ദിവസവും ഐസിയുവിലായിരുന്നു. 10 ദിവസം മുമ്പാണ് ശ്രീനിക്ക് അസുഖബാധ സ്ഥിരീകരിച്ചത്. ഇപ്പോൾ രണ്ടു പേരും അടുത്തടുത്ത കട്ടിലുകളിൽ. ശ്രീകാന്തിന്റെ വൃക്കകൾ പ്രവർത്തിക്കുന്നില്ലെന്നും അതിനാൽ ദിവസവും ഡയാലിസിസ് വേണമെന്നും ശ്രീനി പറയുന്നു. ‘‘എനിക്കൊരു സിമന്റ് കടയായിരുന്നു. അത് അടച്ചിട്ടിരിക്കുകയാണ്. അഞ്ജനയുടെ ചികിത്സയ്ക്കും വലിയ ചെലവുണ്ട്. അവിടെ അവരുടെ അമ്മയും അച്ഛനും ഉണ്ട്. ഞങ്ങളും കുറച്ചു പണം കൊടുത്തു. ബാക്കി നാട്ടുകാരും അറിയാവുന്നവരുമൊക്കെ ചേർന്ന് സമാഹരിച്ചു’’- ശ്രീനി പറഞ്ഞു. അഞ്ജനയ്ക്കാണ് ഇവരുടെ വീട്ടിൽ രോഗം ഏറ്റവും ഗുരുതരമായത്. അതുകൊണ്ടു തന്നെ ചികിത്സയ്ക്ക് കൂടുതൽ പണം വേണം.
അഞ്ജന ഉൾപ്പെടെയുള്ളവരുടെ ചികിത്സയ്ക്കായി സഹായനിധി രൂപീകരിക്കുന്നതിനും മറ്റ് വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനുമായി നാളെ വേങ്ങൂർ പഞ്ചായത്തിൽ യോഗം വിളിച്ചിട്ടുണ്ട്. എംഎല്‍എ, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ, മറ്റ് ജനപ്രതിനിധികൾ ഉൾപ്പെടെ വിപുലമായ യോഗമാണ് വിളിച്ചിരിക്കുന്നത്. ഞായറാഴ്ച നടത്താൻ തീരുമാനിച്ചിരുന്ന യോഗം വിപുലമായി നടത്തുന്നതിന്റെ ഭാഗമായാണ് െചാവ്വാഴ്ച നടത്തുന്നതെന്ന് വേങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ് ശിൽപ സുധീഷ് പറഞ്ഞു. ജല അതോറിറ്റി ഉദ്യോഗസ്ഥർ അടക്കം ബന്ധപ്പെട്ട എല്ലാവരോടും പങ്കെടുക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. ദുരിത ബാധിതരുടെ ചികിത്സയ്ക്കുവേണ്ടി ഇതിനകം പലരും സമൂഹ മാധ്യമങ്ങളിലടക്കം സഹായാഭ്യർഥന ആരംഭിച്ചിട്ടുണ്ട്.
ജല അതോറിറ്റി വിതരണം ചെയ്ത ജലത്തിൽനിന്നാണ് മഞ്ഞപ്പിത്തം പടർന്നു പിടിച്ചതെന്നാണ് ആരോപണം. വേങ്ങൂർ പഞ്ചായത്തിലെ ആറോളം വാർഡുകളിലേക്ക് വെള്ളമെത്തിക്കുന്ന വക്കുവള്ളിയിലെ ചിറയിൽനിന്നാണ് ജല അതോറിറ്റി വെള്ളം പമ്പു ചെയ്യുന്നത്. എന്നാൽ വെള്ളം ശുദ്ധീകരിക്കാതെ വിതരണം ചെയ്തതാണ് രോഗബാധയ്ക്കു കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഏപ്രിൽ 17ന് ആദ്യ മഞ്ഞപ്പിത്ത ബാധ സ്ഥിരീകരിച്ച ശേഷം ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ ഇവിടെ വിതരണം ചെയ്തിരുന്ന വെള്ളം മാലിന്യം കലർന്നതാണെന്ന് കണ്ടെത്തിയിരുന്നു.