‘പാക്ക് ആണവശക്തിയെ ഭയക്കുന്ന ഭീരുക്കൾ’: ഇന്ത്യാ സഖ്യത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി
Mail This Article
പട്ന ∙ പാക്കിസ്ഥാന്റെ ആണവശക്തിയെ ഭയക്കുന്ന ഭീരുക്കളാണ് ഇന്ത്യാസഖ്യ നേതാക്കളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിലെ മുസാഫർപുരിൽ തിരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാക്കിസ്ഥാന്റെ ആണവശക്തി ഇന്ത്യാസഖ്യ നേതാക്കൾക്ക് എന്നും പേടി സ്വപ്നമാണെന്നും മോദി പറഞ്ഞു. പാക്കിസ്ഥാൻ കൈകളിൽ വള മാത്രമല്ല അണിയുന്നതെന്നും അവരുടെ പക്കൽ അണുബോംബുണ്ടെന്നുമുള്ള നാഷനൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ലയുടെ പരാമർശത്തിന് മറുപടിയായാണ് മോദിയുടെ പ്രസ്താവന.
‘‘അവർക്ക് ആവശ്യത്തിന് ഭക്ഷ്യധാന്യങ്ങളില്ലെന്ന് അറിയാമായിരുന്നു. അവർക്ക് ആവശ്യത്തിന് വളകൾ ഇല്ലെന്നും അറിയുന്നത് ഇപ്പോഴാണ്. എന്നാൽ ഭീകരപ്രവർത്തനങ്ങളിൽ പാക്കിസ്ഥാന് ക്ലീൻ ചിറ്റ് നൽകുന്ന. നമ്മുടെ സർജിക്കൽ സ്ട്രൈക്കുകളിൽ സംശയം ഉന്നയിക്കുന്ന ഭീരുക്കളായ പ്രതിപക്ഷത്തെ സൂക്ഷിക്കണം.’’–പ്രധാനമന്ത്രി പറഞ്ഞു. നേരത്തെ ഹാജിപ്പുർ മണ്ഡലത്തിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ രാഷ്ട്രീയക്കാരിൽനിന്നും ഇ.ഡി കണ്ടെടുത്ത പണം പാവപ്പെട്ടവരുടേതാണെന്ന് പറഞ്ഞിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി പട്ന സാഹിബ് ഗുരുദ്വാര സന്ദർശിച്ചു. സിഖ് വിശ്വാസികളുടെ പത്താമത്തെ ഗുരു ഗോബിന്ദ് സിങിന്റെ ജന്മസ്ഥാനമെന്ന നിലയിൽ പ്രാധാന്യമുള്ളതാണ് പട്ന സാഹിബ് ഗുരുദ്വാര. ഓറഞ്ച് നിറത്തിലെ തലപ്പാവ് ധരിച്ചെത്തിയ നരേന്ദ്ര മോദി ഗുരുദ്വാരയിലെ ലങ്കർ (അന്നദാന) ചടങ്ങിൽ പങ്കെടുത്ത ശേഷമാണു മടങ്ങിയത്.
ബിജെപിയുടെ പട്ന റോഡ് ഷോയിലും തിരഞ്ഞെടുപ്പു റാലികളിലും പങ്കെടുക്കാനാണു മോദി ബിഹാറിലെത്തിയത്. കഴിഞ്ഞ ദിവസം പട്ന നഗരത്തിൽ സംഘടിപ്പിച്ച റോഡ് ഷോയിൽ നരേന്ദ്ര മോദിയും മുഖ്യമന്ത്രി നിതീഷ് കുമാറും പങ്കെടുത്തു. ഹാജിപുർ, മുസഫർപുർ, സാരൻ ലോക്സഭാ മണ്ഡലങ്ങളിലാണ് മോദിയുടെ റാലി സംഘടിപ്പിച്ചത്.