ADVERTISEMENT

കോഴിക്കോട്∙ മാങ്കാവിൽ രോഗിയുമായി പോയ ആംബുലൻസ് കത്തിയത് ഇന്ധനത്തിന് തീപിടിച്ചാകാമെന്ന് അഗ്നിരക്ഷാ സേന. വൈദ്യുതി പോസ്റ്റിനിടിച്ചാണ് ആംബുലൻസ് മറിഞ്ഞത്. എന്നാൽ വൈദ്യുതി ലൈനിൽ നിന്നും തീപിടിക്കാൻ സാധ്യത കുറവാണ്. അപകടത്തിൽ മരിച്ച സുലോചന ഒഴികെ ബാക്കിയുള്ളവർക്ക് ആംബുലൻസിൽ നിന്നും പുറത്തുകടക്കാനായി. വൈദ്യുതി ലൈനിൽ നിന്നാണ് തീപിടിച്ചിരുന്നതെങ്കിൽ എല്ലാവരിലേക്കും തീ പടർന്നേനെ എന്നും ഉദ്യോഗസ്ഥർ പറഞ്ഞു. 

ആംബുലൻസ് പോസ്റ്റിലിടിച്ച് മറിയുകയാണുണ്ടായത്. ഇതോടെ വാഹനത്തിൽ തീപ്പൊരി ഉണ്ടായി. അപകടത്തിനു പിന്നാലെ ഡോക്ടറും ഡ്രൈവറും ഉൾപ്പെടെയുള്ളർ വാഹനത്തിനു പുറത്തിറങ്ങി. എന്നാൽ രോഗിയായ സുലോചനയെ പുറത്തിറക്കാൻ സാധിച്ചില്ല. ഇതിനിടെ വാഹനത്തിലേക്ക് പൂർണമായും തീ പടരുകയായിരുന്നു. സമീപത്തുണ്ടായിരുന്ന കെട്ടിടങ്ങൾക്കും തീപിടിച്ചു നാശമുണ്ടായി. വൈദ്യുതി പോസ്റ്റുകളും ട്രാൻസ്ഫോർമറും തീപിടിച്ച് നശിച്ചു. മഴയത്ത് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിനു കാരണമായതെന്ന് കരുതുന്നുവെന്നും അഗ്നിരക്ഷാ സേന അറിയിച്ചു. ആംബുലൻസ് പൂർണമായും കത്തിനശിച്ചു. അലക്ഷ്യമായി വാഹനമോടിച്ചതിന് ഡ്രൈവർ അർജുനെതിരെ പൊലീസ് കേസെടുത്തു.  ഇയാൾ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. 

മാങ്കാവിൽ കത്തിനശിച്ച ആംബുലൻസ്. ചിത്രം. എം.ടി.വിധുരാജ് ∙ മനോരമ
മാങ്കാവിൽ കത്തിനശിച്ച ആംബുലൻസ്. ചിത്രം. എം.ടി.വിധുരാജ് ∙ മനോരമ

നാദാപുരം കക്കംവെള്ളി മോയിൻകുട്ടി വൈദ്യർ സ്മാരകത്തിന് സമീപം മാണിക്കോത്ത് ചന്ദ്രന്റ ഭാര്യ സുലോചന (57) ആണ് ആംബുലൻസിന് തീപിടിച്ച് വെന്തുമരിച്ചത്. മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളജിൽ പക്ഷാഘാതത്തിന് ചികിത്സയിൽ ആയിരുന്ന സുലോചനയുടെ സ്ഥിതി മോശമായതോടെയാണ് കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. മിംസ് ആശുപത്രിക്ക് തൊട്ടടുത്ത് പുലർച്ചെ മൂന്നിനു ശേഷമാണ് അപകടമുണ്ടായത്.

സുലോചനയുടെ ഭർത്താവ് ചന്ദ്രന് സാരമായി പരുക്കേറ്റു. ഇവരെ കൂടാതെ ഡോക്ടർ, നഴ്സ്, ആംബുലൻസ് ഡ്രൈവർ, അയൽവാസിയായ യുവതി എന്നിവരാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്. ഡോക്ടർക്കും നഴ്സിനും പരുക്ക് സാരമല്ലാത്തതിനാൽ പ്രാഥമിക ചികിത്സയ്ക്കുശേഷം മടങ്ങിപ്പോയി. ബാക്കിയുള്ളവർ മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.

English Summary:

Ambulance catches fire and patient dies in Kozhikode- updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com