ഹരിഹരനെതിരെ അസഭ്യവർഷം, ഭീഷണി; 6 സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ പിടിയിൽ
Mail This Article
കോഴിക്കോട് ∙ ആർഎംപി നേതാവ് കെ.എസ്. ഹരിഹരന്റെ വീടിനു സമീപത്തെത്തി അസഭ്യം വിളിച്ച കേസിൽ 6 പേർ പിടിയിൽ. സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരാണ് പിടിയിലായതെന്നാണ് പൊലീസ് നൽകുന്ന വിവരം. പിടിയിലായവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ പൊലീസ് തയാറായില്ല. കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് ഹരിഹരന്റെ വീടിനു സമീപത്ത് കാറിലെത്തിയ സംഘം ചീത്ത വിളിച്ചത്. തുടർന്ന് എട്ടേകാലോടെ വീടിന്റെ ഗെയ്റ്റിലേക്ക് സ്ഫോടക വസ്തു എറിഞ്ഞു.
ഹരിഹരന്റെ വീടിനു സമീപത്തെത്തിയ കാർ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഉടമ സിബിൻ ലാലിന്റെ തേഞ്ഞിപ്പലത്തെ ഒലിപ്രം കടവിലെ വീട്ടിൽ നിന്നാണ് കാർ കസ്റ്റഡിയിലെടുത്ത്. സംഭവ സമയത്ത് സിബിൻ കാറിലുണ്ടായിരുന്നില്ല എന്നാണ് പൊലീസ് പറയുന്നത്. മറ്റു ചിലരാണ് സിബിൻ ലാലിന്റെ കാർ വാങ്ങിപ്പോയതെന്നും പൊലീസ് വ്യക്തമാക്കി. പിടിയിലായവർ തേഞ്ഞിപ്പലം പ്രദേശത്തു തന്നെയുള്ളവരാണെന്നാണ് വിവരം.