റഷ്യയെ സ്നേഹിച്ച ഇടതു നേതാവ്, പ്രസിഡന്റാകാൻ മോഹിച്ച് തോറ്റ പ്രധാനമന്ത്രി; റെക്കോർഡുകളുടെ റോബർട്ട് ഫിക്കോ
Mail This Article
ബ്രാട്ടിസ്‌ലാവ∙ വെടിയേറ്റ് ഗുരുതരാവസ്ഥയിലായ സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയുടെ വിവരങ്ങളാണ് ഏവരും ഇന്റർനെറ്റിൽ തിരയുന്നത്. ആരാണ് റോബർട്ട് ഫിക്കോ? 1993ൽ സ്‌ലൊവാക്യയ്‌ക്ക് സ്വാതന്ത്യ്രം ലഭിച്ചശേഷം ഒറ്റയ്‌ക്ക് ഭൂരിപക്ഷം നേടുന്ന ആദ്യ നേതാവെന്ന റെക്കോർഡോടെ പ്രധാനമന്ത്രി പദത്തിലെത്തിയ വ്യക്തി. അതിതീവ്ര ദേശീയവാദിയും ലിബറൽ ജനാധിപത്യ ആശയങ്ങളോടു കടുത്ത വിമുഖത പ്രകടിപ്പിക്കുന്നയാളുമായ ഹംഗറി പ്രധാനമന്ത്രി വിക്ടർ ഓർബന്റെ സുഹൃത്ത്. ഏറ്റവും കൂടുതൽ കാലം സ്ലൊവാക്യൻ പ്രധാനമന്ത്രി പദത്തിലിരുന്ന നേതാവ് എന്ന റെക്കോർഡും കയ്യാളുന്ന ഈ നേതാവിനെതിരെയാണ്, മധ്യ സ്ലൊവാക് നഗരമായ ഹാൻഡ്‌ലോവയിൽവച്ച് വധശ്രമം ഉണ്ടായത്.
ഹാൻഡ്‌ലോവയിൽ ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുമ്പോഴാണ് ഫിക്കോയ്‌ക്കു നേരെ വധശ്രമം ഉണ്ടായത്. സ്‌ലൊവാക് നഗരമായ ലെവിസിൽ നിന്നുള്ള 71 വയസ്സുകാരനായ ജുരാജ് സിന്റുലയാണ് പ്രധാനമന്ത്രിക്കു നേരെ വെടിയുതിർത്തതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, ആക്രമണത്തിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല. എങ്കിലും റഷ്യൻ അനുകൂല നിലപാടുള്ള ഇടതു നേതാവെന്ന നിലയിൽ, അമേരിക്കൻ വിരുദ്ധത മുഖമുദ്രയാക്കിയ പ്രധാനമന്ത്രിയെന്ന നിലയിൽ രാജ്യത്ത് ഫിക്കോയുടെ നയങ്ങളോട് കടുത്ത എതിർപ്പുള്ളവർ ഒട്ടേറെയുണ്ട്.
2006–2010 കാലഘട്ടത്തിലും 2012–2018 കാലഘട്ടത്തിലും ഫിക്കോയായിരുന്നു സ്‌ലൊവാക് പ്രധാനമന്ത്രി. പിന്നീട് കഴിഞ്ഞ വർഷം മൂന്നാം തവണയും അധികാരത്തിലെത്തി. 1993ൽ സ്‌ലൊവാക്യയ്‌ക്ക് സ്വാതന്ത്യ്രം ലഭിച്ചശേഷം ഒറ്റയ്‌ക്ക് ഭൂരിപക്ഷം നേടുന്ന ആദ്യ നേതാവെന്ന ഖ്യാതിയോടെയാണ് 2012ൽ ഫിക്കോ രണ്ടാമതും പ്രധാനമന്ത്രിയായത്. എന്നാൽ, സർക്കാരുമായി ബന്ധപ്പെട്ട അഴിമതികൾ പുറത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തകനായ യാൻ കുസിയാച്ച്, അദ്ദേഹത്തിന്റെ പങ്കാളി മാർട്ടിന കുസ്നിരോവ എന്നിവരുടെ മരണത്തെ തുടർന്നുണ്ടായ പ്രതിഷേധങ്ങളിൽ കാലിടറി 2018ൽ രാജിവയ്ക്കേണ്ടി വന്നു.
കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിൽ അമേരിക്കൻ വിരുദ്ധതയും പാശ്ചാത്യ വിരുദ്ധതയും മുഖമുദ്രയാക്കിയ റഷ്യൻ അനുകൂലിയായാണ് ഫിക്കോ വാർത്തകളിൽ ഇടംപിടിച്ചത്. റഷ്യ – യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയ്ക്കൊപ്പം പരസ്യമായി നിലയുറപ്പിച്ച ഫിക്കോ, യുക്രെയ്ൻ നാത്‌സികളും ഫാഷിസ്റ്റുകളും റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുട്ടിനെ പ്രകോപിപ്പിച്ച് യുദ്ധം ക്ഷണിച്ചുവരുത്തുകയാണെന്നും പരസ്യ നിലപാടെടുത്തു. മാത്രമല്ല, യുക്രെയ്നെ പിന്തുണയ്ക്കുന്ന പാശ്ചാത്യ രാജ്യങ്ങളുടെ നിത്യ വിമർശകനുമായി.
പരമ്പരാഗതമായി പാശ്ചാത്യ രാജ്യങ്ങളെ പിന്തുണയ്ക്കുന്ന സ്ലൊവാക്യ, ഫിക്കോയ്ക്ക് കീഴിൽ നയം മാറ്റുന്നുവെന്ന സൂചനകളെ തുടർന്ന് ഒട്ടേറെ പരസ്യ പ്രക്ഷോഭങ്ങൾക്കും രാജ്യം വേദിയായി. തലസ്ഥാന നഗരത്തിലും മറ്റിടങ്ങളിലുമായി ആയിരങ്ങളാണ് പ്രതിഷേധവുമായി അണിനിരന്നത്. രണ്ടാം തവണ ചരിത്ര വിജയത്തോടെ പ്രധാനമന്ത്രി പദം കയ്യാളിയതിനു പിന്നാലെ, രാജ്യത്തിന്റെ പ്രസിഡന്റ് പദവിയും ഫിക്കോയെ മോഹിപ്പിച്ചു. അങ്ങനെ 2014ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു. എന്നാൽ, രണ്ടാം റൗണ്ട് വോട്ടിങ്ങിൽ രാഷ്ട്രീയ എതിരാളിയായ ആന്ദ്രെജ് കിസ്കയോട് പരാജയപ്പെട്ടു.
∙ വരും മണിക്കൂറുകൾ നിർണായകം
ഹാൻഡ്‌ലോവയിലെ കൾച്ചറൽ സെന്ററിൽ പരിപാടി കഴിഞ്ഞ് വരുമ്പോൾ, പുറത്ത് ഫിക്കോയെ അഭിവാദ്യം ചെയ്യാൻ കാത്തുനിന്നിരുന്ന ചെറിയ ആൾക്കൂട്ടത്തിനിടയ്ക്കാണ് അക്രമി മറഞ്ഞിരുന്നത് എന്നാണ് വിവരം. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫിക്കോയുടെ നില ഗുരുതരമാണ് എന്നാണ് പുറത്തുവരുന്ന വിവരം. അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കുന്ന കാര്യത്തിൽ വരും മണിക്കൂറുകൾ നിർണായകമാകുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
വെടിയേറ്റ ഉടനെ സുരക്ഷാ സേനാംഗങ്ങൾ പ്രധാനമന്ത്രിയെ വളയുന്നതിന്റെയും വാഹനത്തിൽ കയറ്റി ആശുപത്രിയിലേക്കു പായുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു. ആദ്യം ഒരു പ്രാദേശിക ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. പരുക്ക് ഗുരുതരമായതിനാൽ ഹെലികോപ്റ്ററിൽ 30 കിലോമീറ്റർ അകലെ ബാൻസ്കാ ബിസ്ട്രിക്കയിലുള്ള ആശുപത്രിയിലേക്കു മാറ്റിയതായാണ് വിവരം. ഫിക്കോയ്‌ക്കെതിരെ നടന്നത് വധശ്രമമാണെന്ന് അദ്ദേഹത്തിന്റെ ഔദ്യോഗിക ഫെയ്സ്ബുക് പേജിലും അദ്ദേഹത്തിന്റെ സ്‌മെർഎസ്‌ഡി പാർട്ടിയുടെ വെബ്സൈറ്റിലും പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ പറയുന്നു. ഈ ആക്രമണം ഫിക്കോയെ മാത്രം ലക്ഷ്യമിട്ടായിരുന്നുവെന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്.
നാലു റൗണ്ടോളം അക്രമി വെടിയുതിർത്തെങ്കിലും മറ്റാർക്കും പരുക്കില്ലെന്ന് സ്ലൊവാക് തൊഴിൽമന്ത്രി എറിക് തോമസ് വ്യക്തമാക്കി. ഫിക്കോയുടെ പരുക്കിന്റെ ഗൗരവം പരിഗണിച്ചാണ് അദ്ദേഹത്തെ തലസ്ഥാന നഗരമായ ബ്രാട്ടിസ്‌ലാവയിലേക്കു കൊണ്ടുപോകുന്നതിനു പകരം ബാൻസ്ക ബിസ്ട്രിക്കയിലേക്കു മാറ്റിയതെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. ഫിക്കോയ്ക്ക് വെടിയേറ്റ ഹാൻഡ്‌ലോവയിൽനിന്ന് തലസ്ഥാന നഗരമായ ബ്രാട്ടിസ്‌ലാവയിലേക്ക് രണ്ടു മണിക്കൂറോളം യാത്രയുണ്ട്. അത്രയ്ക്ക് ‘റിസ്‌ക്’ എടുക്കാനുള്ള സാഹചര്യമുണ്ടായിരുന്നില്ല എന്നാണ് ആശുപത്രി വൃത്തങ്ങളും നൽകുന്ന സൂചന. ഫിക്കോയ്‌ക്കു സൗഖ്യം നേർന്ന് ലോക നേതാക്കൾ ഒന്നടങ്കം രംഗത്തെത്തി.