ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഒന്നര വർഷത്തിനിടെ അഞ്ഞൂറിലധികം ഗുണ്ടകൾ വർധിച്ചതായി പൊലീസിന്റെ കണക്ക്. ഗുണ്ടാ ആക്രമണങ്ങൾ വർധിച്ച സാഹചര്യത്തിലാണ് പൊലീസ് കണക്കെടുത്തത്. 2022 അവസാനം പൊലീസ് തയാറാക്കിയ കണക്ക് അനുസരിച്ച് ഗുണ്ടാ പ്രവർത്തനങ്ങളിൽ സജീവമായ 2272 പേരാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. തിരഞ്ഞെടുപ്പിനു മുൻപ് ശേഖരിച്ച കണക്ക് അനുസരിച്ച് 2815 ഗുണ്ടകളുണ്ട്. അഞ്ഞൂറിലധികം ഗുണ്ടകൾ പുതുതായി പട്ടികയിലേക്കു വന്നു.

ഗുണ്ടകൾ കൂടിയതോടെ കുറ്റകൃത്യങ്ങളുടെ എണ്ണവും കൂടി. ഒന്നര വർഷത്തിനിടെ 438 കൊലപാതകങ്ങളും 1358 വധശ്രമ കേസുകളും റിപോർട്ട് ചെയ്തു. മുൻ വർഷങ്ങളിൽ മാസം ശരാശരി 26 കൊലപാതകങ്ങളാണ് റിപ്പോർട്ട് ചെയ്തിരുന്നതെങ്കിൽ ഈ വർഷം അത് 33 ആയി. ഗുണ്ടകൾ ജയിലിൽനിന്നിറങ്ങിയ ഗുണ്ടാ നേതാവിന് പരസ്യമായി പാർട്ടി നടത്തുന്ന സാഹചര്യത്തിലേക്ക് നയിക്കുന്നത് പൊലീസിന്റെ അലംഭാവമാണെന്നു വ്യക്തമാക്കുന്നതാണ് ഈ കണക്കുകൾ.

തിരഞ്ഞെടുപ്പിനു മുൻപ് ഗുണ്ടാ പട്ടിക ഇന്റലിജൻസ് ശേഖരിച്ച് ജില്ലാ പൊലീസ് മേധാവിമാർക്ക് നൽകിയെങ്കിലും കാര്യമായ നടപടിയുണ്ടായില്ല. രാഷ്ട്രീയ ബന്ധവും ഉദ്യോഗസ്ഥ–ഗുണ്ടാ ബന്ധവും നടപടികൾക്കു തടസമായി.

തിരഞ്ഞെടുപ്പിനു മുന്നോടിയായി സ്റ്റേഷന്റെ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരുന്നു. ഇങ്ങനെ മാറിവന്ന ഉദ്യോഗസ്ഥർ ഗുണ്ടകൾക്കെതിരെ നടപടിയെടുക്കാൻ താൽപര്യം കാണിച്ചില്ല. രണ്ടായിരത്തിലധികം പേരുടെ പട്ടിക നൽകിയെങ്കിലും 150ൽ താഴെ ഗുണ്ടകളെയാണ് അറസ്റ്റു ചെയ്തത്. ഗുണ്ടകൾക്കൊപ്പം ലഹരി സംഘങ്ങളും പിടിമുറുക്കുന്നതായാണ് പൊലീസ് റിപ്പോർട്ട്. 2024 ഏപ്രിൽവരെയുണ്ടായ 140 കൊലപാതകങ്ങളിൽ കൂടുതലും ലഹരി സംഘങ്ങളുമായി ബന്ധപ്പെട്ടായിരുന്നു.

English Summary:

Over 500 New Gangsters Identified in Kerala, Police Report Alarming Crime Rates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com